Tuesday, 24 Sep 2024
AstroG.in

വ്യാഴദോഷമകലാൻ ഏഴ് കൂറുകാർ ഇപ്പോൾ വിഷ്ണു പ്രീതി നേടണം

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
വ്യാഴത്തിന്റെ രാശിമാറ്റത്താലുള്ള ദോഷങ്ങളകറ്റാൻ വിഷ്ണു പൂജയും വ്യാഴാഴ്ച വ്രതവും ഉത്തമമാണ്. ഏപ്രിൽ 22 ശനിയാഴ്ച വെളുപ്പിനാണ് വ്യാഴം മീനത്തിൻ നിന്നും മേടം രാശിയിൽ പ്രവേശിച്ചത്. വ്യാഴത്തിന്റെ ഈ മാറ്റം കാരണമുള്ള ദോഷങ്ങൾ പരിഹരിക്കാൻ വ്യാഴാഴ്ച ദിവസം വ്രതമെടുക്കുന്നവർ വിഷ്ണുക്ഷേത്രദർശനം, വിഷ്ണു മൂലമന്ത്രമായ ഓ നമോ നാരായണായ, വിഷ്ണു
സഹസ്രനാമം, വിഷ്ണു അഷ്‌ടോത്തരം എന്നിവ നിത്യേന ജപിക്കണം.
വ്യാഴഗ്രഹത്തിന്റെ അധിദേവത വിഷ്ണു ഭഗവാനാണ്. അതിനാലാണ് വൈഷ്ണവ ക്ഷേത്രങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലും ദർശനം നടത്തുന്നത്. അരയാലിന് ഏഴ് പ്രദക്ഷിണം വീതം ഏഴ് വ്യാഴാഴ്ച ചെയ്യണം. രാവിലെയും വൈകിട്ടും തുളസിത്തറയിൽ വിളക്കു വച്ച് 3 പ്രദക്ഷിണം വയ്ക്കുക. വിഷ്ണു ഭഗവാന് പ്രധാനമായ ബുധൻ, വ്യാഴം ദിവസങ്ങളിൽ മാത്രമായോ നിത്യേനയോ തുളസിക്കു പ്രദക്ഷിണം ചെയ്യാം. 90, 41 ദിവസങ്ങളിൽ തുടർച്ചയായി പ്രദക്ഷിണം വയ്ക്കുന്നത് ഏറ്റവും ശ്രേഷ്ഠം. കുളിച്ച് ഈറനായി തുളസിത്തറയിൽ വിളക്കു തെളിക്കുന്നതും പ്രദക്ഷിണം ചെയ്യുന്നതും ആചാരമാണ്. മത്സ്യമാംസാദി ത്യജിച്ച് വേണം വ്രതമെടുക്കേണ്ടത്.

വ്യാഴമാറ്റം ദോഷം ആർക്ക്
ഗോചരാൽ വ്യാഴം 1,3,6,8,12 രാശികളിൽ വന്നാൽ ദോഷഫലങ്ങൾക്ക് പ്രാധാന്യം കൂടുതലാണ്. ഇക്കൂട്ടർക്ക് വ്യാഴം അനുകൂലമല്ലാത്തതിനാൽ ഏതുകാര്യവും വളരെ സൂക്ഷിച്ചും, ശ്രദ്ധിച്ചും ചെയ്യണം. അത്യാവശ്യമില്ലാത്ത ഒരു കാര്യവും ചെയ്യരുത്. എവിടെ നിന്നു വേണമെങ്കിലും ഏത് സമയവും ദോഷങ്ങൾ ഉണ്ടാകാം. വെറുതെയിരുന്നാൽ പോലും പ്രശ്‌നങ്ങൾ ഉണ്ടാകും. മീനം രാശിയിൽ നിന്ന് മേടത്തിലേക്കാണ് വ്യാഴം എത്തുന്നത്. ഈ മാറ്റം മേടം, കുംഭം, വൃശ്ചികം, കന്നി, ഇടവം രാശിക്കാർക്ക് ദോഷം ചെയ്യും. മേടംരാശിക്ക് വ്യാഴം ഒന്നിലാണ്. അശ്വതി, ഭരണി, കാർത്തിക ആദ്യപാദം നക്ഷത്രങ്ങൾ. കുംഭം രാശിക്ക് വ്യാഴം മൂന്നിലാണ്. നക്ഷത്രങ്ങൾ: അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3. വൃശ്ചികം രാശിക്ക് വ്യാഴം ആറിൽ വരും – വിശാഖം 4, അനിഴം, തൃക്കേട്ട. കന്നിക്കൂറുകാർക്ക് വ്യാഴം എട്ടിലാണ്. ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2, 3 . ഇടവക്കൂറിന് വ്യാഴം പന്ത്രണ്ടിൽ വരുന്നു. കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 പാദം നക്ഷത്രങ്ങൾ. ഇവർ ദോഷങ്ങൾ ശമിക്കാനായി പരമാവധി ദാനം ചെയ്യുക. വസ്ത്രദാനം, ഫലദാനം, അന്നദാനം ഇവയെല്ലാം ചെയ്യാം. ഏറ്റവും പ്രധാനം അന്നദാനമാണ്. വ്യാഴം നാലിൽ സഞ്ചരിക്കുന്ന മകരം രാശിയിലെ ഉത്രാടം 2, 3, 4 പാദം തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ എന്നിവർക്കും വ്യാഴം 10 ൽ സഞ്ചരിക്കുന്ന കർക്കടകം രാശിയിൽ ഉൾപ്പെട്ട പുണർതത്തിന്റെ അവസാന പാദത്തിനും പൂയം ആയില്യത്തിനും ഗുണദോഷസമ്മിശ്രഫലങ്ങളാണ്. ഇവർ യഥാശക്തി പ്രാർത്ഥിക്കുക. ഈ വ്യാഴമാറ്റം മിഥുനം, ചിങ്ങം, തുലാം, ധനു, മീനം രാശികളിൽ ജനിച്ചവർക്ക് ധാരാളം ശുഭഫലങ്ങൾ സമ്മാനിക്കും.

മൂലമന്ത്രം വ്യാഴപ്രീതിക്ക് ഏറ്റവും ഗുണകരം

ഓം ബൃഹസ്പതയേ നമഃ എന്ന വ്യാഴ ഗ്രഹത്തിന്റെ മൂലമന്ത്രം 108 തവണ വീതം നിത്യവും 2 നേരം ചൊല്ലാം. സമയമില്ലാത്തവർ ഒരു നേരം മാത്രം ജപിക്കുക. വ്യാഴാഴ്ച മാത്രവും ജന്മനക്ഷത്ര ദിനത്തിൽ മാത്രവും ജപിക്കാവുന്നതാണ്. ജപവേളയിൽ നെയ് വിളക്ക് കൊളുത്തി വയ്ക്കുക. മഞ്ഞവസ്ത്രം ധരിക്കാം. വെളുത്ത വസ്ത്രവും ഉത്തമമാണ്.

സുദർശനമാലമന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജനവല്ലഭായ പരായ
പരം പുരുഷായ പരമാത്മനേ പരകർമ്മ
മന്ത്രയന്ത്രതന്ത്ര ഔഷധ
അസ്ത്രശസ്ത്രാണി സംഹര സംഹര
മൃത്യോർ മോചയ: മോചയ:
ഓം നമോ ഭഗവതേ മഹാസുദർശനായ
ദീപ്‌ത്രേ ജ്വാലാ പരിതായ
സർവ്വദിക്‌ക്ഷോഭണകരായ
ബ്രഹ്മണേപരം
ജ്യോതിഷേ ഹുംഫട് സ്വാഹാ

(കുറഞ്ഞത് 12 തവണ ജപിക്കണം)

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി,

+91 9447020655

Story Summary: Jupiter Transit 2023; Devotional Remedies

error: Content is protected !!