Saturday, 23 Nov 2024
AstroG.in

വ്യാഴവും ശനിയും വക്രത്തിൽ;
ഏഴ് കൂറുകാർ ജാഗ്രത പുലർത്തുക

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2022 ഏപ്രിൽ മാസത്തിൽ നടന്ന വ്യാഴമാറ്റവും ശനി മാറ്റവും കഴിഞ്ഞ ചില വർഷങ്ങളിൽ കഷ്ടകാലം അനുഭവിച്ചിരുന്ന ചില കൂറുകാർക്ക് ആശ്വാസ പ്രദമായിരുന്നു. എന്നാൽ വീണ്ടും ജൂലൈ 12 ന് ശനി വക്രത്തിൽ മകരം രാശിയിലേക്ക് കൂറുമാറിയത് ജ്യോതിഷ വിശ്വാസികളിൽ ആശങ്കയുളവാക്കുന്നു. അതുപോലെ 2022 ജൂലൈ 29 ന് മീനം രാശിയിൽ നില്ക്കുന്ന വ്യാഴം ക്രമത്തിൽ മീനം രാശിയിൽ തന്നെ വക്രഗതി പ്രാപിക്കുകയും ചെയ്തു. 2022 നവംബർ 24 വരെ ഈ വക്രഗതി തുടരും. അതായത് വ്യാഴ ഗ്രഹത്തിന്റെ ചലനത്തിലുള്ള വേഗത വ്യത്യാസം കാരണം നേരിയ വക്രഗതി അത്ര തന്നെ. ഇനി ഒരു ആചാര്യ പ്രമാണം പറയാം: “അതിചാരേതു വക്രേ തു പൂർവ്വ രാശി ഗതം ഫലം” എന്ന പ്രമാണപ്രകാരം വേഗത കൂടിയ കാരണത്താലോ, വേഗത കുറഞ്ഞ കാരണത്താലോ ഗ്രഹം രാശി മാറിയാൽ, ആ നിന്ന രാശിയുടെ ഫലമാണ് പറയേണ്ടതെന്ന് സാരം. ചുരുക്കത്തിൽ ശനിയും വ്യാഴവും വക്രത്തിലാകുമ്പോൾ ശക്തിയാർജ്ജിക്കുന്നതിനാൽ കടുത്ത ദോഷങ്ങൾ വരില്ല. മാത്രമല്ല ചാരവശാൽ സാമന്യ ഫലങ്ങളാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ സ്വന്തം ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ഇവർക്ക് വ്യാഴം നഷ്ട സ്ഥാനത്താണ്. ഒപ്പം ശനി വക്രത്തിൽ കണ്ടക സ്ഥാനത്തും. അന്യദേശവാസം, ബന്ധു വിയോഗം, ധനനഷ്ടം, സ്ഥാനഭ്രഷ്ട്, ഇവക്ക് സാധ്യത. കുടുംബ പ്രശ്നങ്ങൾ നയപരമായി പരിഹരിക്കണം. വാഹനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. പുതിയകാര്യങ്ങൾക്കായി പണം ഇറക്കുമ്പോൾ നന്നായി അന്വേഷണം നടത്തിയ ശേഷമേ ചെയ്യാവൂ. പിണക്കങ്ങൾ സംസാരിച്ച് തീർക്കണം ദൈവാധീനം വർദ്ധിക്കാൻ വ്യാഴ – ശനി പ്രീതി കർമ്മങ്ങൾ നല്ലത്.

ഇടവക്കൂറ്
(കാർത്തിക 2, 3, 4 രോഹിണി, മകയിരം 1, 2)
വ്യാഴം ലാഭ സ്ഥാനത്താണ്. ചിരകാല ആഗ്രഹങ്ങൾ ഫലവത്താകും. ധനഭാഗ്യം, സ്ഥാനലബ്ധി, പ്രശസ്തി, ഭാഗ്യാനുഭവങ്ങൾ, ലോട്ടറി, ഊഹക്കച്ചവട വിജയം. ഇവയൊക്കെ പറയുമ്പോഴും അഷ്ടമാധിപത്യദോഷം, ജാതകാൽ വ്യാഴന്റെ സ്ഥിതി ഇവയ്ക്കനുസരിച്ച് വ്യാഴ പ്രീതി വരുത്തിയാലേ അനുഭവ ഗുണം കിട്ടൂ. ഭാഗ്യസ്ഥാനത്ത് ശനി വന്നതിനാൽ തൊഴിൽ ഭാഗ്യം. ജോലിയിൽ അനുകൂല മാറ്റങ്ങൾ.

മിഥുനക്കൂറ്
(മകയിരം 3, 4 തിരുവാതിര, പുണർതം 1, 2, 3)
വ്യാഴം കർമ്മ സ്ഥാനത്ത് അത്ര നന്നല്ല. തൊഴിൽ പ്രശ്നങ്ങൾ, സ്ഥാനനഷ്ടം, ദുഃഖിക്കേണ്ട സാഹചര്യം. ഇവ കരുതിയിരിക്കുക. പക്ഷേ വ്യാഴത്തിന് 7, 10 ഭാവാധിപത്യം വന്നതിനാൽ ജാതകത്തിലെ വ്യാഴത്തിന്റെ സ്ഥിതിയനുസരിച്ച് കഷ്ടതകൾക്ക് അയവ് വരുകയും ഗുണാനുഭവങ്ങൾ ലഭിക്കാനും സാധ്യത. അഷ്ടമശനി അത്ര നന്നല്ല. വ്യാഴ – ശനിപ്രീതി കർമ്മങ്ങൾ വേണം.

കർക്കടകക്കൂറ്
(പുണർതം 4 പൂയം, ആയില്യം)
ഭാഗ്യ സ്ഥാനത്ത് വ്യാഴം. ഭാഗ്യാനുഭവങ്ങൾ, പിതൃഗുണം, സർവ്വകാര്യ വിജയം ഇവയൊക്കെ പറയാമെങ്കിലും ആറാം ഭാവാധിപത്യം കൂടി ഉള്ളതിനാൽ ധനപരമായി അബദ്ധങ്ങൾ വരാതിരിക്കാനും ജാഗ്രത വേണം. കണ്ടക ശനിയുമാണ്. ശനിപ്രീതി നിർബന്ധം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
അഷ്ടമ വ്യാഴം കഷ്ടതയ്ക്ക് കാരണം വേണ്ട എന്ന് പ്രമാണം. സർവ്വകാര്യങ്ങളിലും ക്ഷമ, ശ്രദ്ധ, നിയന്ത്രണം വേണം. ശനി ആറിലേക്ക് വക്രത്തിലായത് ആശ്വാസം. വ്യാഴ പ്രീതി കർമ്മങ്ങൾ വഴി നന്നായി ദൈവാധീനം വർദ്ധിപ്പിക്കണം.

കന്നിക്കൂറ്
(ഉത്രം 2,3, 4 അത്തം, ചിത്തിര 1, 2)
ഏഴിലെ വ്യാഴം വളരെ ഗുണകരം. മംഗല്യ ഭാഗ്യം, ബിസിനസ്സ് കൂട്ടുകച്ചവടം ഇവയിൽ വിജയം. ദാമ്പത്യസുഖം. ശനി അഞ്ചിൽ ഗുണകരമല്ലെങ്കിലും ദോഷം ചെയ്യില്ല. പൊതുവിൽ നല്ല കാലം. ജാതകാൽ ദശാപഹാരാദി പ്രീതി കൂടി വന്നാൽ പൂർണ്ണ അനുഭവ ഗുണം.
തുലാക്കൂറ്
(ചിത്തിര 3, 4 ചോതി , വിശാഖം 1, 2, 3)
ആറിലെ വ്യാഴം നന്നല്ല. കണ്ടക ശനിയും; കാലം വളരെ മോശം. കടബാധ്യത, രോഗപീഢ, ശത്രുശല്യം, കലഹം, സാമൂഹ്യദ്രോഹികളുടെ ശല്യം. ജാതകാൽ ദശാപഹാരാദി ഗുണവും വ്യാഴ ദൃഷ്ടിയും രക്ഷയായുണ്ടോ എന്ന് പരിശോധിക്കണം. വ്യാഴ പ്രീതി ശനിപ്രീതി നിർബന്ധം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
അഞ്ചാം ഭാവത്തിൽ സമ്പൽ സമ്യദ്ധി ചൊരിഞ്ഞ് വ്യാഴം. സഹായ സ്ഥാനത്ത് ഗുണപ്രദനായി ശനി. കീർത്തി, സന്താന ഗുണം, ധനഭാഗ്യം, അഭിവൃദ്ധി. ജാതകാൽ
ദശാ അപഹാരാദി നാഥന്മാരെ കൂടി പ്രീതിപ്പെടുത്തിയാൽ അനുഭവഗുണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
നാലിലെ വ്യാഴം ഗുണം ചെയ്യില്ല. രണ്ടിലെ ശനിയും നന്നല്ല. യാത്രാ ദുരിതം, മാതൃതുല്യർക്ക് ക്ലേശം. അപ്രതീക്ഷിത കഷ്ട നഷ്ടങ്ങൾ. വ്യാഴ – ശനിപ്രീതി നിർബന്ധം

മകരക്കൂറ്
(ഉത്രാടം 2, 3, 4 തിരുവോണം, അവിട്ടം1, 2)
മൂന്നിലെ വ്യാഴം ഗുണകരമല്ല ജന്മശനി ശരീരക്ലേശം. കാര്യപരാജയം, സ്ഥാനചലനം, ദുഃഖം ഇവയാണ് മൂന്നിലെ വ്യാഴ ഫലം. ദൈവാധീനം വർദ്ധിപ്പിക്കാൻ വ്യാഴ – ശനിപ്രീതി. അന്യരുടെ കാര്യങ്ങളിലും, അനാവശ്യ കാര്യങ്ങളിലും ഇടപെടാതെ ഒഴിഞ്ഞു നില്ക്കുക. ജാതകാൽ ശനി -വ്യാഴ സ്ഥിതി, ദശ – അപഹാരാദികൾ ഗുണമാണെങ്കിൽ ദോഷകാഠിന്യം കുറയും.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
രണ്ടിലെ വ്യാഴം ധനലാഭം, കുടുംബസൗഖ്യം, അശന ശയനസുഖം, ഭാഗ്യനുഭവങ്ങൾ ഇവ നൽകും. നഷ്ട സ്ഥാനത്തുള്ള ശനി നന്നല്ല. ജാതകാൽ ശനിയോഗ കാരകനായാൽ ഗുണം. കൂറിന്റെ അധിപതിയാകയാൽ കടുത്ത ദോഷമില്ല. എങ്കിലും ദശാപഹാരം അനുഭവ ഫലത്തിൽ മാറ്റമുണ്ടാക്കും. ശനിപ്രീതി വേണം.

മീനക്കൂറ്
(പൂരൂരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ജന്മവ്യാഴം നന്നല്ല. സ്ഥാനചലനം, ശത്രുക്കൾ വർദ്ധിക്കും. മനക്ലേശം, അപ്രതീക്ഷിത ആപത്തുകൾക്ക് സാധ്യത. ഒപ്പം നിന്നവർ ചതിക്കും. ശനിയുടെ വക്രഗതി അല്പം ആശ്വാസം നൽകും . എങ്കിലും അഷ്ടമ കേതുവും രണ്ടിലെ സർപ്പനും ഈ കൂറുകാരെ വല്ലാതെ ക്ലേശിപ്പിക്കും. ജാതകാൽ ദശാപഹാരാദികൾ വ്യാഴ – ശനി – കേതു ഗ്രഹങ്ങളുടെ സ്ഥിതി ഇവ ഗുണമായാൽ കാഠിന്യം കുറയും. വ്യാഴ – ശനി – കേതു പ്രീതി വരുത്തണം.

വ്യാഴ പ്രീതിക്ക് അനുഷ്ഠാനങ്ങൾ

ഗുരു ഗായത്രി
ഓം അംഗിരോജാതായ
വിദ്മഹേ
വാചസ്പതയേ ധീമഹി
തന്നോ ഗുരു: പ്രചോദയാത്
(കുറഞ്ഞത് 9 ഉരു ജപം)
യന്ത്ര ധാരണം
ദശമഹാവിദ്യയിൽ താരയാണ് വ്യാഴ ഗ്രഹത്തെ പ്രതിനിധീകരിക്കുന്നത്. താരാ യന്ത്ര ധാരണം, മന്ത്രജപം, ബൃഹസ്പതിയന്ത്രം, ശത്രു ശല്യം അധികമുണ്ടെങ്കിൽ സുദർശനയന്ത്രം, നരസിംഹ യന്ത്രം ഇവയും ഗുണപ്രദം.
മന്ത്രജപം

  1. ഓം. ബൃഹസ്പതയേ നമ:
  2. ഓം ഹ്രീം ത്രിം ഹും ഫട്
    എന്നീ ഗുരു മന്ത്രം, താരാ മന്ത്രം ജപിക്കുന്നത് ഗുണകരം
    ആരാധനയും വ്രതവും
    വ്യാഴാഴ്ചവ്രതം, വിഷ്ണു ക്ഷേത്ര ദർശനം നടത്തി പാൽ പായസം നടത്തുക. തിരുപ്പതി, ഗുരുവായൂർ, തിരുകാച്ചാംകുറിശ്ശി പെരുമാൾ , ശ്രീപത്മനാഭ സ്വാമി തുടങ്ങിയ തന്ത്ര പ്രധാനമായ പൗരാണിക ക്ഷേത്രത്തിൽ നെയ് സമർപ്പണം. വൃദ്ധർക്ക് വസ്ത്രം – ദക്ഷിണ, നൽകി അനുഗ്രഹം വാങ്ങുക.
    രത്ന, വസ്ത്ര ധാരണം മഞ്ഞപുഷ്യരാഗം ജാതകാൽ വ്യാഴം യോഗകാരകനാണെങ്കിൽ ധരിക്കുക.
    മഞ്ഞ നിറമുള്ള വസ്തുക്കൾ കൈവശം സൂക്ഷിക്കുക. സ്വർണ്ണം, മഞ്ഞ നിറം കലർന്ന സ്ത്രങ്ങൾ ധരിക്കുക.

ശനിദോഷ പരിഹാരം

വഴിപാട്
ഹനുമാൻ, ശനീശ്വരൻ , ശാസ്താവ് എന്നീ ദേവതകൾക്ക് നിവേദ്യം.
ശനി മന്ത്രം
കൃഷ്ണാംഗായ വിദ്മഹേ
സൂര്യപുത്രായ ധീമഹി
തന്നോ സൗരി പ്രചോദയാത്
ഓം കാം കാലഭൈരവായ നമ:
ഓം ശം ശനീശ്വരായ നമ:
ഓം ശാന്തായ നമ:

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847 575559

Story Summary: Effects and remedies of Jupiter and Saturn Retrograde 2022

error: Content is protected !!