Monday, 23 Sep 2024
AstroG.in

വ്യാഴ ദോഷങ്ങൾ തീർക്കാൻ ഈ
നക്ഷത്രക്കാർ ഏകാദശി നോൽക്കുക

ജ്യോതിഷരത്നം വേണു മഹാദേവ്
ജാതകത്തിൽ വ്യാഴം അനുകൂല സ്ഥിതിയിൽ അല്ലാത്തവർക്കും അമിതമായ കഷ്ട നഷ്ടങ്ങൾ നേരിടുന്നവർക്കും ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമായ മാർഗ്ഗമാണ് ഏകാദശി വ്രതാചരണം. കുടുംബത്തിന്‍റെ ഐശ്വര്യത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അനുഷ്ഠിക്കാവുന്ന വിഷ്ണു പ്രീതികരമായ വ്രതവുമാണിത്. ഇപ്പോൾ ഗോചരവശാൽ വ്യാഴദോഷം ഏറ്റവും കഠിനമായി നേരിടുന്നത് 3 കൂറുകാരാണ് മിഥുനം, ധനു, മീനം കൂറുകാർ. ഇവർക്ക് വ്യാഴം ഇപ്പോൾ വളരെയേറെ ദോഷകരമാണ്‌. എന്നു പറഞ്ഞാൽ ഈശ്വരാധീനം ഏറ്റവും കുറയുന്ന സമയം.

മേടം, ചിങ്ങം, തുലാം, മകരം കൂറുകാർക്ക് ഇപ്പോൾ വ്യാഴം അത്ര നല്ലതല്ല. ഇവരിപ്പോൾ മീനവ്യാഴം കാരണം ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് അനുഭവിക്കുക. ഇവരും ഈശ്വരാധീനം കൂട്ടാൻ പ്രാർത്ഥന ശക്തമാക്കേണ്ട സമയമാണ്. എന്നാൽ ഇടവം, കർക്കടകം, കന്നി, വൃശ്ചികം , കുംഭം കൂറിന് വ്യാഴം ഇപ്പോൾ ഉത്തമ ഫല ദാതാവാണ്. അതിനാൽ ഇവർക്ക് എപ്പോഴും ഈശ്വരാധീനം ഉണ്ടാകും. എല്ലാ കുഴപ്പങ്ങളും അതിലൂടെ അതിവേഗം അതിജീവിക്കാം.

മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ, മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ, പൂരുരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി നക്ഷത്രജാതരാണ് വ്യാഴസ്ഥിതി കാരണം ഏറ്റവും ക്ലേശം നേരിടുന്ന മിഥുനം, ധനു, മീനം കൂറുകാർ.

അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, മകം, പൂരം, ഉത്രം ആദ്യ കാൽ, ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ, ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി നക്ഷത്രങ്ങൾ ഉൾപ്പെടുന്ന മേടം, ചിങ്ങം, തുലാം, മകരം കൂറുകാരാണ് മീന വ്യാഴം കാരണം സമ്മിശ്ര ഗുണദോഷ ഫലം അനുഭവിക്കുന്നത്.

കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി, പുണർതം അവസാന കാൽ, പൂയം, ആയില്യം, ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി, വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട, അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ നക്ഷത്രജാതർ ഉൾപ്പെടുന്ന ഇടവം, കർക്കടകം, കന്നി, വൃശ്ചികം, കുംഭം കൂറുകാർക്ക് വ്യാഴം ഇപ്പോൾ അനുഗ്രഹദാതാവാണ്.

വ്യാഴസ്ഥിതി കാരണം ദുരിതം അനുഭവിക്കുന്നവർ 2022 ഏപ്രിൽ 13 മുതൽ 2023 ഏപ്രിൽ 22 വരെ വ്യാഴം മീനം രാശിയിൽ നിൽക്കുമ്പോൾ ഏകാദശി നോൽക്കുക വ്യാഴദോഷ മുക്തിക്ക് വളരെ നല്ലതാണ്. ഏകാദശി വ്രതം നോറ്റാൽ വിഷ്ണു ഭഗവാൻ എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കും. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലാണ് ഏകാദശി നോൽക്കേണ്ടത്. ഇഹലോകത്ത് സുഖവും പരലോകത്ത് വിഷ്ണു സായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രത ഫലം. ഏകാദശിത്തലേന്ന് ദശമി ദിവസം ഒരിക്കലൂണ്, ഏകാദശിക്ക് പൂർണ്ണ ഉപവാസം ഇതാണ് ഏകാദശിയുടെ ഭക്ഷണ വിധി. പൂർണ്ണ ഉപവാസത്തിന് കഴിയാത്തവർക്ക് ഒരു നേരം പഴങ്ങൾ കഴിക്കാം. അല്ലെങ്കിൽ അരിയാഹാരം ഒഴികെ മറ്റ് ധാന്യാഹാരങ്ങൾ കഴിക്കാം. മത്സ്യമാംസാദികൾ കഴിക്കരുത്. കുളിക്കുന്നതിന് എണ്ണ തേയ്ക്കരുത്. പകലുറങ്ങരുത്. രാവിലെ കുളിച്ചിട്ട് വിഷ്ണുവിനെ ധ്യാനിക്കണം. സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി മൂലമന്ത്രം, ദ്വാദശാക്ഷരി മന്ത്രം, വിഷ്ണു ഗായത്രി, പ്രാർത്ഥനാ ശ്ലോകം, വിഷ്ണു സഹസ്രനാമം തുടങ്ങിയവ ജപിക്കണം. വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയ അര്‍ച്ചന ചെയ്യുക. വിഷ്ണുസഹസ്രനാമ ജപം ഉത്തമം. തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുന്നതും നല്ലത്. പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കാം.

ഏകാദശിയുടെ ഒടുവിലത്തെ 6 മണിക്കൂറും ദ്വാദശിയുടെ ആദ്യത്തെ 6 മണിക്കൂറും കൂടിയ 30 നാഴിക അതായത് 12 മണിക്കൂർ സമയത്തെ ഹരിവരാസരം എന്നാണ് പറയുക. ഏകാദശി വ്രതത്തിലെ പ്രധാന ഭാഗമായ ഹരിവരാസര സമയത്ത് ഭക്ഷണം, ഉറക്കം പാടില്ല. അഖണ്ഡ നാമജപം ഏറ്റവും ഗുണകരമാണെന്ന് വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ്ണ ഉപവാസം അനുഷ്ഠിക്കുന്നത് അത്യുത്തമം.

അഷ്ടാക്ഷര മന്ത്രം
ഓം നമോ നാരായണായ

ദ്വാദശാക്ഷരി മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ

വിഷ്ണു ഗായത്രി
നാരായണായ വിദ്മഹേ
വസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്

പ്രാർത്ഥനാ ശ്ലോകം
ശുക്ലാംബരധരം വിഷ്ണും
ശശി വർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ

ജ്യോതിഷരത്നം വേണു മഹാദേവ്

+91 8921709017

Story Summery : Ekadeshi Vrutham For Removing
Vyazha dosham


error: Content is protected !!