വ്യാഴ സഞ്ചാരവേഗം കൂടിയാൽ മഹാമാരി; കോവിഡ് 19 എന്നുവരെ?
അനിൽ വെളിച്ചപ്പാട്
ലോകത്തെ മുഴുവൻ ദുരിതത്തിലാക്കിയ കോവിഡ് 19 മഹാമാരി എന്ന് മാറും? എല്ലാവരുടെയും ചോദ്യമാണിത്. ഇതിന് ഉത്തരം തേടി മഹാമാരി വരുത്തുന്ന ഗ്രഹസ്ഥിതി ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പരിശോധിച്ചു. എഡി 1346 മുതൽ 2119 വരെയുള്ള ഗ്രഹസ്ഥിതിയാണ് ഞങ്ങൾ കണക്കിലെടുത്തത്.
വ്യാഴത്തിന്റെ ശരാശശി വേഗം മിനിറ്റിൽ 777 കിലോമീറ്റർ ആകുന്നു. ഇത് മിനിറ്റിൽ 1278 കിലോമീറ്ററിന് മേലെ പോകുകയും അതോടൊപ്പം താഴെ എഴുതിയിരിക്കുന്ന ഗ്രഹസ്ഥിതി വരികയും ചെയ്താൽ ലോകത്ത് മഹാമാരി സുനിശ്ചിതമാണെന്ന് മനസിലാക്കാൻ കഴിഞ്ഞു. വ്യാഴം അതിചാരത്തിൽ ശനിയുടെ അടുത്ത രാശികളിലോ യോഗത്തിലോ ദൃഷ്ടിയിലോ അതുമല്ലെങ്കിൽ വ്യാഴം അതിന്റെ അന്ത്യദ്രേക്കാണത്തിലോ വന്നാൽ മഹാമാരി ഉണ്ടാകാം. ഉദാഹരണം ചുവടെ എഴുതുന്നു:
വ്യാഴം ഒരു പ്രാവശ്യം സൂര്യനെ പ്രദക്ഷിണം വെക്കാൻ 11 വർഷവും 10 മാസവും 12 ദിവസവും എടുക്കും. അതിനെയാണ് പൊതുവെ 12 വർഷമെന്നും ‘ഒരു വ്യാഴവട്ടം’ എന്നുമൊക്കെ പറയുന്നത്. അപ്പോൾ വ്യാഴം ഒരു രാശി കടക്കാൻ 361 ദിവസമെടുക്കും. ഇതിനിടയിൽ ചിലപ്പോൾ വേഗം കൂടി ഈ പറയുന്ന കാലത്തിനുമുമ്പേ രാശി മാറിയാൽ അതിനെ ‘അതിചാരം’ എന്നും വേഗം കുറഞ്ഞ് പിന്നിലേക്ക് സഞ്ചരിക്കുന്നത് ‘വക്രം’ എന്നും അറിയപ്പെടുന്നു. വ്യാഴം കഴിഞ്ഞ കുറെ കാലങ്ങളായി അതിചാരത്തിലും വക്രത്തിലും ഒക്കെ സഞ്ചരിക്കുന്നുണ്ട്.
വ്യാഴഗ്രഹത്തിന് അതിചാരം വരുന്നത് പൊതുവെ നല്ലതല്ലെന്നും എന്നാൽ വ്യാഴത്തിന് വക്രഗതി വരുന്നത് ഉത്തമമാണെന്നുമുള്ള വിലയിരുത്തലാണ് ഞങ്ങൾ ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രത്തിനുമുള്ളത്. അതിചാരത്തിൽ വ്യാഴം സഞ്ചരിച്ച കാലങ്ങളിലെല്ലാം ലോകത്തിന് ദുരിതവും മഹാമാരിയും നൽകിയ ചരിത്രമേയുള്ളൂ. വ്യാഴം സ്വയം കറങ്ങുന്നതിന് ഒൻപത് മണിക്കൂറും 50 മിനിറ്റും എടുക്കുന്നുണ്ട്. അതായത് ഏകദേശം 5 മണിക്കൂർ പകലും അതുപോലെ രാത്രിയും. വ്യാഴത്തിന്റെ സഞ്ചാരവേഗം ഒരു മിനിറ്റിൽ ശരാശരി 777 കിലോമീറ്ററാണ്.
മഹാമാരിയുടെ കാലഘട്ടങ്ങളിൽ എപ്പോഴും ഒരു പ്രത്യേക ഗ്രഹസ്ഥിതി, പ്രത്യേകിച്ച് വ്യാഴവുമായി ബന്ധപ്പെട്ട് നമുക്ക് കാണാൻ സാധിക്കും. നൂറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിച്ച് ഞങ്ങൾ, ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം ഇപ്രകാരമുള്ള ഗ്രഹസ്ഥിതി കണ്ടെത്താൻ വളരെയേറെ പരിശ്രമിക്കുകയുണ്ടായി. പഴയകാലത്തെ ഗ്രഹസ്ഥിതി കണ്ടെത്താൻ പ്രായോഗികമായി വളരെയേറെ പ്രയാസം ഉണ്ടെന്ന കാര്യം ഏവർക്കും അറിയാമല്ലോ.
വ്യാഴഗ്രഹം ശനിഗ്രഹത്തിന്റെ പിന്നിലെ രാശിയിലോ, ഒരേ രാശിയിലോ, മുന്നിലെ രാശിയിലോ, ശനിയുടെ ദൃഷ്ടിയോടെയോ, പരസ്പരം ഏഴിലോ വരികയോ അതുമല്ലെങ്കിൽ വ്യാഴം അതിന്റെ അന്ത്യദ്രേക്കാണത്തിൽ വരികയും ഒപ്പം വ്യാഴത്തിന്റെ സഞ്ചാരവേഗം ശരാശരി വേഗമായ മിനിറ്റിൽ 777 കിലോമീറ്റർ എന്നതിൽ നിന്നും മാറി 1278 കിലോമീറ്ററിന് മേലെ മിനിറ്റിൽ അതിവേഗം വരുന്ന കാലഘട്ടങ്ങളിലെല്ലാം ലോകത്ത് മഹാമാരി പൊട്ടിപ്പുറപ്പെട്ടു എന്ന് കേട്ടാൽ സത്യത്തിൽ അതിശയിച്ചു പോകില്ലേ? അതെ. അതിശയിക്കണം. കാരണം ഇത് സത്യമാണെന്ന് ചുവടെ പറയുന്ന ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തും.
കൃത്യമായ ജ്യോതിഷ വിവരങ്ങൾ നൽകുമ്പോൾ അതിന് കൃത്യമായ ഉദാഹരണങ്ങൾ തെളിവായി സമർപ്പിക്കണം. ചിലർ പറയുന്നത് ജ്യോതിഷം കാപട്യമാണെന്നും അത് ശാസ്ത്രശാഖയുടെ കൂടെപ്പിറപ്പല്ല എന്നുമൊക്കെയാണ്. കൃത്യമായ കണക്കുകൾ അവതരിപ്പിക്കാത്ത നല്ല ജ്യോതിഷികളെ അവർക്ക് പരിചയമില്ലാത്തത് കൊണ്ട് ആയിരിക്കാം ഈ നിഗമനം.
1346 കാലഘട്ടത്തിൽ ലോകത്ത് പ്ലേഗ് രോഗം റിപ്പോർട്ട് ചെയ്ത ഘട്ടത്തിൽ വ്യാഴത്തിന്റെ വേഗം 1512 കിലോമീറ്റർ ആയിരുന്നു. ശരാശരിയായ 777 കിലോമീറ്ററിന്റെ ഏതാണ്ട് ഇരട്ടി. അന്ന് ഈ അതിചാരം ആവർത്തിച്ച് പ്ലേഗ് രോഗം നിരവധി തവണ ലോകത്ത് സംഹാര താണ്ഡവമാടുകയും ചെയ്തിരുന്നു.
1819 ൽ ലോകത്ത് കോളറ പൊട്ടിപ്പുറപ്പെട്ടു. ഇത് ഏതാണ്ട് 7 പ്രാവശ്യം ലോകത്ത് പടർന്നു പിടിക്കുകയും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. അന്നത്തെ വ്യാഴഗ്രഹത്തിന്റെ വേഗം ശരാശരിയായ മിനിറ്റിൽ 1582 കിലോമീറ്റർ ആയിരുന്നു. അതും ശരാശരി വേഗമായ 777 കിലോമീറ്ററിന്റെ ഏതാണ്ട് ഇരട്ടി. ശനിയുടെ പിന്നിലെ രാശിയിലായിരുന്നു അന്ന് വ്യാഴസ്ഥിതി.
1852 ൽ വീണ്ടും കോളറ ലോകത്ത് പടർന്നുപിടിച്ചു. ലക്ഷക്കണക്കിന് മരണം. അന്നത്തെ വ്യാഴഗ്രഹവേഗം ശനിദൃഷ്ടിയോടെ 1580 കിലോമീറ്റർ ആയിരുന്നു.
1897 ൽ പ്ലേഗ് വീണ്ടുമെത്തി. ശനിദൃഷ്ടിയോടെ വ്യാഴഗ്രഹത്തിന്റെ വേഗം ശരാശരിയായ 777 ൽ നിന്നും മിനിറ്റിൽ 1641 കിലോമീറ്റർ ആയി മാറിയിരുന്നു.
1910 ൽ വീണ്ടും കോളറ ലോകത്ത് പടർന്നുപിടിച്ചു. ശനിദൃഷ്ടിയോടെ നിന്ന വ്യാഴത്തിന്റെ സഞ്ചാരവേഗം ശരാശരിയായ 777 ൽ നിന്നും മിനിറ്റിൽ 1441 കിലോമീറ്റർ ആയി മാറിയിരുന്നു അപ്പോൾ .
1918 ൽ ഏഷ്യൻ ഫ്ലൂ പടർന്നുപിടിച്ചപ്പോൾ വ്യാഴം, ശനിയുടെ പിന്നിലെ രാശിയിൽ ശരാശിയായ 777 ൽ നിന്നും മിനിറ്റിൽ 1533 കിലോമീറ്ററിൽ വേഗത്തിൽ സഞ്ചരിച്ചു. ഈ രോഗം 1957 ൽ വീണ്ടും തിരിച്ചെത്തി. അപ്പോൾ വ്യാഴം അന്ത്യദ്രേക്കാണത്തിലും 1278 കിലോമീറ്റർ വേഗത്തിലുമായിരുന്നു.
1968ൽ ഹോങ്കോങ് ഫ്ലൂ ലോകത്ത് പടർന്നുപിടിച്ചു. ശനിയുടെ ഏഴിൽ വ്യാഴം തന്റെ ശരാശരി വേഗമായ 777 ൽ നിന്നും മിനിറ്റിൽ 1612 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാലമായിരുന്നു.
1979ൽ മലേറിയ പൊട്ടിപ്പുറപ്പെട്ടു. ശനിയുടെ യോഗത്തോടെ വ്യാഴം ശരാശരി വേഗമായ 777 ൽ നിന്നും മിനിറ്റിൽ 1648 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചു.
2004ൽ ശനി ദൃഷ്ടിയോടെ വ്യാഴം ശരാശരി വേഗമായ 777 ൽ നിന്നും മിനിറ്റിൽ 1512 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാലം സാർസ് രോഗം ആരംഭിച്ചു.
2019 അവസാനം കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടു. വ്യാഴം, ശനിയുടെ പിന്നിലെ രാശിയിൽ തന്റെ ശരാശരി വേഗമായ 777 ൽ നിന്നും മിനിറ്റിൽ 1580 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാലമായിരുന്നു അത്.
ഇപ്രകാരമുള്ള ഗ്രഹസ്ഥിതി പരിശോധിച്ചാൽ 2021 ജൂലൈ മൂന്നാം ആഴ്ച വ്യാഴത്തിന്റെ സഞ്ചാരവേഗം മിനിറ്റിൽ 918 കിലോമീറ്റർ ആയി കുറയും. രോഗത്തിന്റെ കാഠിന്യവും കുറയും.
2021 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വ്യാഴത്തിന്റെ സഞ്ചാരവേഗം വളരെ കുറവായിരുന്നു. ആ സമയത്ത് രോഗത്തിന്റെ ശക്തിയും കുറഞ്ഞു. എന്നാൽ വീണ്ടും വ്യാഴവേഗം കൂടിയപ്പോൾ ദിവസങ്ങൾ കഴിയുംതോറും രോഗവ്യാപനം കൂടിക്കൂടി വന്നു. 2021 ജൂലൈ അവസാന ആഴ്ച ആകുമ്പോൾ വ്യാഴ സഞ്ചാരവേഗം മിനിറ്റിൽ 739 കിലോമീറ്റർ എന്നാകും. രോഗശമനത്തിന് ഏറ്റവും അനുകൂലമായ കാലമാകും അത്. സെപ്റ്റംബറിൽ വ്യാഴ വേഗം മിനിറ്റിൽ 782 കിലോമീറ്ററായി കുറയും. വ്യാഴ ഗ്രഹത്തിന്റെ വേഗം കുറയുന്നതിന് അനുസൃതമായി കോവിഡ് മഹാമാരിയിൽ മാറ്റം വരും.
എന്നാൽ 2021 ഒക്ടോബർ, നവംബർ, ഡിസംബർ, 2022 ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഈ രോഗത്തിന്റെ അലയൊലി വീണ്ടും ഉണ്ടാകുമെന്ന് അനുമാനിക്കണം. കാരണം ഈ സമയങ്ങളിൽ വ്യാഴ വേഗം കൂടുതലാകും; ഒപ്പം ശനിയുമായി ആദ്യം പറഞ്ഞ ബന്ധങ്ങളും ഉണ്ടാകും. എന്നാൽ അപ്പോഴേക്കും രോഗം പ്രതിരോധിക്കുന്നതിന് ആവശ്യമായ മരുന്ന് ലഭ്യമാകും. അതിനാൽ രോഗത്തിന്റെ കാഠിന്യം കൂടുകയില്ലെന്ന് ആശ്വസിക്കാം.
സ്വാഭാവികമായി “ഇനി എന്നാണ് ഇത്തരത്തിൽ അടുത്ത മഹാമാരി ലോകത്ത് സംഭവിക്കുന്നത്?” എന്നൊരു സംശയം ഉണ്ടാകാമല്ലോ. അതറിയാൻ ഇപ്രകാരമുള്ള ഗ്രഹസ്ഥിതി പരിശോധിച്ചാൽ മതിയാകും.
2040 ന്റെ ആദ്യ മാസങ്ങളിൽ വ്യാഴം, ശനിയുമായി യോഗം ചെയ്ത് തന്റെ ശരാശരി വേഗമായ 777 ൽ നിന്നും മിനിറ്റിൽ 1610 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. അത് ലോകത്ത് പുതിയ രോഗഭീതി വിതയ്ക്കും. 2119 ആദ്യമാസങ്ങളിൽ വ്യാഴം, ശനിയുടെ പന്ത്രണ്ടിൽ സഞ്ചരിക്കുമ്പോൾ വ്യാഴത്തിന്റെ സഞ്ചാരവേഗം ശരാശരിയായ 777 ൽ നിന്നും മിനിറ്റിൽ 1533 കിലോമീറ്ററിലെത്തും. ആ കാലഘട്ടവും മഹാമാരിയുടെ തീരാ തലവേദനയുള്ള കാലം തന്നെയായിരിക്കും.
ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് വ്യാഴ ഗ്രഹം വേഗം കൂടി മിനിറ്റിൽ 1278 കിലോമീറ്ററിന് മുകളിൽ സഞ്ചരിക്കുകയും ഒപ്പം ശനിഗ്രഹത്തിന്റെ പന്ത്രണ്ടിലോ ഒന്നിലോ രണ്ടിലോ അല്ലെങ്കിൽ ശനിദൃഷ്ടിയോടെയോ നിൽക്കുകയും ചെയ്യുന്ന ഘട്ടങ്ങളിൽ മഹാമാരി സംഭവിച്ചിട്ടുണ്ട്. ജ്യോതിഷ പണ്ഡിതർ ഒന്നിച്ചിരുന്ന് ആലോചിച്ച് ആ ഘട്ടങ്ങളിൽ വ്യാഴം നിന്ന നക്ഷത്രത്തെക്കൊണ്ടും ആ രാശിയെ കൊണ്ടും ഏതൊക്കെ രോഗങ്ങൾ വന്നിട്ടുണ്ടെന്നും ഇനി ഏതൊക്കെ രോഗം വരാമെന്നും പഠിച്ചാൽ അത് വൈദ്യശാസ്ത്രത്തിനും മനുഷ്യരാശിക്കും ഉപകരിക്കും.
അനിൽ വെളിച്ചപ്പാട്
Uthara Astro Research Center
https://uthara.in/
(ലേഖനത്തിന്റെ പൂർണ്ണരൂപം വായിക്കാൻ www.uthara.in)
Story Summary: Jupiter Retrogression and covid 19 pandamic