Saturday, 23 Nov 2024
AstroG.in

ശങ്കരനാരായണൻ സന്താനദായകൻ,
രോഗനാശകരൻ, വിഘ്ന നിവാരകൻ

സുരേഷ് ശ്രീരംഗം
ശൈവ വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമാണ് ശങ്കരനാരായണ സങ്കല്പം. ശിവനും മഹാവിഷ്ണുവും തമ്മിലുള്ള ഐക്യത്തെ സൂചിപ്പിക്കുന്ന രണ്ടു മൂർത്തികളാണ് ശങ്കരനാരായണനും ശാസ്താതാവും. അർദ്ധനാരീശ്വര രൂപവും ശങ്കരനാരായണനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പാർവതിയുടെ രൂപം മാറി മഹാവിഷ്ണുവിന്റെ രൂപമായാൽ ശങ്കരനാരായണൻ ആകും. ആര്യാധിനിവേശ ശേഷം ആര്യ ദ്രാവിഡ സമന്വയം സംഭവിച്ചപ്പോഴാണ് ഇങ്ങനെയൊരു മൂർത്തീ ദേദം ഉണ്ടായത്. ലിംഗരൂപത്തിലും രൂപ വിഗ്രഹങ്ങളായും ശങ്കരനാരായണ മൂർത്തി പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. ശിവന്റെ വലതു ഭാഗവും വിഷ്ണുവിന്റെ ഇടത് ഭാഗവും
ചേർന്നതാണ് രൂപ വിഗ്രഹങ്ങൾ.

വലത് ഭാഗത്ത് നന്തിയുമൊത്ത് ശിവനും ഇടത് വശത്ത് ഗരുഡന്റെ മുകളിൽ വിഷ്ണുവിനെയും സങ്കല്പിക്കുന്നു. വിഷ്ണുവിന്റെയും ശിവന്റെയും ഐക്യം ദ്യോതിപ്പിക്കുന്ന ഹരിഹരൻ എന്നും ശങ്കരനാരായണ സ്വാമിയെ വിളിക്കും. ശിവാസ്യ ഹൃദയം വിഷ്ണുർ വിഷ്ണോസ്ച ഹൃദയം ശിവ, ശിവായ വിഷ്ണു രൂപായ വിഷ്ണവേ ശിവരൂപിണേ എന്നീ ശങ്കരനായാണ വിശേഷണങ്ങൾ പ്രസിദ്ധമാണ്. ഉത്രം നക്ഷത്രമാണ് ശങ്കരനാരായണന് പ്രധാനം. ശബരിമല അയ്യപ്പനും വിശേഷം ഉത്രം നക്ഷത്രമാണ്. ഹരിയുടെയും ഹരന്റെയും പുത്രനാണ് ധർമ്മശാസ്താവ്.

തന്ത്ര സമുച്ചയത്തിൽ ശങ്കരനാരായണന് പ്രത്യേകം ധ്യാനവും പൂജാവിധികളുമുണ്ട്. തിരുവനന്തപുരത്ത് നാവായിക്കുളത്തുള്ള ശങ്കരനാരായണ ക്ഷേത്രം പ്രസിദ്ധമാണ്. തുലാപായസമാണ് ഇവിടുത്തെ വിശേഷ വഴിപാട്. കോട്ടയം, പാലാ നഗരത്തിൽ നിന്നും 10 കിലോമീറ്റർ കിഴക്ക് കയ്യൂർ തേവർ മലയിലും ഒരു ശങ്കരനാരായണ ക്ഷേത്രമുണ്ട്. ഐതിഹ്യമാലയിലെ കുളപ്പുറത്ത് ഭീമന്റെ കഥയിലൂടെ പ്രസിദ്ധമായ സ്ഥലമാണിത്. ചതുശതമാണ് ഇവിടെ പ്രധാന വഴിപാട്.

പാലക്കാട് വളാഞ്ചേരിക്കടുത്ത് കൊപ്പത്തുള്ള തിരുവേഗപ്പുറ ക്ഷേത്രത്തിൽ ശിവനും വിഷ്ണുവിനും ശങ്കരനാരായണനും തുല്യ പ്രാധാന്യമാണ്. സന്താന ദായകനും രോഗനാശകരനുമാണ് തിരുവേഗപ്പുറത്ത് ശങ്കര നാരായണൻ. ഇടിച്ചു പിഴിഞ്ഞു പായസമാണ് മുഖ്യ നിവേദ്യം. സന്താനഭാഗ്യം, രോഗമുക്തി, അഭീഷ്ട സിദ്ധി,
തടസ മോചനം എന്നിവയാണ് ഫലം. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ രാജരാജേശ്വരന്റെ പീഠത്തിൽ വച്ച് തന്നെ നടത്തുന്ന ശങ്കരനാരായണ പൂജ പ്രസിദ്ധമാണ്. ഇവിടെ ശങ്കരനാരായണ സങ്കല്പത്തിൽ പുഷ്പാഞ്ജലി പതിവുണ്ട്. വിഷുവിനും ശിവരാത്രിക്കും ഈ ക്ഷേത്രത്തിൽ ശങ്കരനാരായണ പൂജ നടത്താറുണ്ട്.

കർണ്ണാടത്തിലെ ഉടുപ്പി ജില്ലയിൽ സഹ്യാദ്രിക്കടുത്ത് പരശുരാമൻ സൃഷ്ടിച്ച ശങ്കരനാരായണ എന്നൊരു ദിവ്യ ദേശം തന്നെയുണ്ട്. അറബിക്കടലിൽ നിന്നും 25 കിലോമീറ്റർ കിഴക്കുള്ള ഇവിടം കർണ്ണാടകത്തിലെ ഉടുപ്പി, കൊല്ലൂർ, ഗോകർണ്ണം, സുബ്രഹ്മണ്യ തുടങ്ങിയ ഏഴ് ദിവ്യ സ്ഥാനങ്ങളിൽ ഒന്നാണ്. ഈ ഏഴ് ദേശങ്ങൾ
ഒന്നിച്ച് പരശുരാമ ക്ഷേത്രം എന്ന പേരിലാണ് പ്രസിദ്ധം. ശങ്കരനാരായണത്തെ ക്ഷേത്രത്തിൽ വിഷ്ണുവും ശിവനും ലിംഗ രൂപിയായാണ് സ്ഥിതി ചെയ്യുന്നത്. തമിഴ് നാട്ടിൽ തിരുനെൽവേലിയിലുള്ള ശങ്കരനാരായണ ക്ഷേത്രം പ്രസിദ്ധമാണ്.

ശങ്കരനാരായണ മന്ത്രം
ഓം ഹ്രും ഹ്രീം
ശങ്കരനാരായണായ നമഃ
ഓം ഹ്രും ഹ്രീം സ്വാഹ

ശങ്കരനാരായണ ഗായത്രി
ഓം ശങ്കരനാരായണായ വിദ്മഹേ
നാരായണായ ധീമഹി
തന്ന്വ പരുഷ പ്രചോദയാത്

പ്രാർത്ഥനാ മന്ത്രം
ശിവം ശിവകരം ശാന്തം കൃഷ്ണായ വാസുദേവായ
ശിവാത്മാനം ശിവോത്തമം ഹരയേ പരമാത്മനേ
ശിവമാർഗ്ഗ പ്രണേതാരം പ്രണത ക്ലേശനാശായ
പ്രണതോസ്മി സദാശിവം ഗോവിന്ദായ നമോ നമഃ

സുരേഷ് ശ്രീരംഗം, +91 944 640 1074

Story Summary: Lord Sankaranarayana Swamy the combined form of Shiva and Vishnu.

error: Content is protected !!