ശത്രുക്കളെ അകറ്റി മംഗളങ്ങൾ തരുംഗുരുദേവന്റെ ബാഹുലേയാഷ്ടകം
മംഗള ഗൗരി
ശ്രീനാരായണ ഗുരുദേവൻ രചിച്ച അതിപ്രശസ്തമായ സുബ്രഹ്മണ്യ സ്തുതിയാണ് ബാഹുലേയാഷ്ടകം. തന്ത്രശാസ്ത്രത്തിൽ ഗുരുദേവനുള്ള അഗാധ പാണ്ഡിത്യം ഈ രചനയിൽ വെളിപ്പെടുന്നു. സ്രഗ്ദ്ധര വൃത്തത്തിൽ
എഴുതിയ ഈ സ്തുതി ഒറ്റ നോട്ടത്തിൽ ഒരു മന്ത്രമെന്ന് തോന്നിപ്പിക്കും. ഈ കൃതിയിലെ എട്ട് ശ്ലോകങ്ങളുടെയും ആദ്യാക്ഷങ്ങൾ ചേർത്ത് വായിച്ചാൽ ഓം ഹ്രീം ശരവണ ഭവ എന്ന ബീജ മന്ത്രം ലഭിക്കും. എന്നാൽ ഇതിന്റെ അന്തരംഗത്തിലേക്ക് കടക്കുമ്പോൾ ലഭിക്കുന്നതാകട്ടെ അസാധാരണമായ അദ്വൈതാനുഭൂതിയാണെന്ന് മുനി നാരായണ പ്രസാദ് വിശദീകരിക്കുന്നു :
തന്ത്രശാസ്ത്ര രീതിയിൽ അദ്വൈത ദർശനത്തെ വാർത്തെടുത്ത അത്യന്തം മനോഹരമായ കാവ്യ ശില്പം എന്നാണ് ബാഹുലേയാഷ്ടകത്തെ അദ്ദേഹം വ്യാഖ്യാനിക്കുന്നത്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ബീജമന്ത്രവും ബീജാക്ഷരങ്ങളും എല്ലാം തന്നെ അദ്വൈതാനുഭൂതിയിലേക്ക് നയിക്കുന്ന ധ്യാനസഹായി എന്ന നിലയിൽ വർത്തിക്കുന്നു. ചുരുക്കത്തിൽ ഗുരുവിന്റെ ചിന്തയുടെയും രചനാ ശൈലിയുടെയും തനിമ ബാഹുലേയാഷ്ടകം എടുത്തു കാണിക്കുന്നു. ഇതിലെ ആദ്യശ്ലോകത്തിൽ അതിവേഗത്തിൽ മായകൾ, ചിത്തഭ്രമം ഇല്ലാതാക്കുന്ന ബാഹുലേയനെയാണ് സ്വാമി സ്തുതിക്കുന്നത്. തുടർന്ന് മാനസിക, ശാരീരിക ക്ലേശങ്ങൾ വേരോടെ അറുത്തു കളയുന്ന മൂർത്തിയെ ധ്യാനിക്കുന്നു. അടുത്ത പദ്യത്തിൽ സന്ദേഹങ്ങൾ നശിപ്പിച്ചു സുഖം വരുത്തുന്ന ബാഹുലേയനെ ഭജിക്കുന്നു. അടുത്ത ശ്ലോകത്തിൽ ശോകം തീണ്ടിയിട്ടില്ലാത്ത ബാഹുലേയനെയാണ് സ്വാമി കാണുന്നത്. എല്ലാ സമൃദ്ധിയും ഹിതമായ സുഖവും നൽകുന്ന, ക്രൗര്യവും കൗടില്യവും നശിപ്പിക്കുന്ന ഭഗവാനെയാണ് തുടർന്ന് ധ്യാനിക്കുന്നത്. ആരാലും ജയിക്കപ്പെടാത്തവനും നിർമ്മല ശരീരനുമായി വിശ്വത്തിന് മുഴുവൻ പ്രേരകമായി വർത്തിക്കുന്ന ബാഹുലേയനെ ആറാം പദ്യത്തിലും അസുരന്മാരുടെയും കാമന്റെയും അന്തകനും ചൊവ്വാഴ്ച പ്രധാനദിനമാക്കിയ, ജാതക നിരൂപണത്തിൽ ശ്രേഷ്ഠനായ മുരുകനെ ഏഴാം പദ്യത്തിലും വന്ദിക്കുന്നു. അവസാനമായി ഏറ്റവും കൂടുതൽ മംഗളങ്ങൾ തരുന്ന, ശത്രുക്കളെ ഭയപ്പെടുത്തുന്നവനായാണ് ഗുരുദേവൻ ബാഹുലേയനെ പ്രകീർത്തിക്കുന്നത്. അങ്ങനെ മായയും ഭയവും അകറ്റി സദ് ഗുണങ്ങൾ വളർത്തിയെടുത്തത് ജീവിതവിജയത്തിന് ആവശ്യമായ മറ്റെല്ലാം തരുന്ന ബാഹുലേയനെ, സുബ്രഹ്മണ്യനെ ഈ സ്തുതി ജപിച്ച് നമുക്കും പ്രീതിപ്പെടുത്താം. രാവിലെയും വൈകിട്ടും ബാഹുലേയാഷ്ടകം ജപിക്കുന്നത് ശുഭകരമായിരിക്കും. ഇത്തവണ ഗുരുദേവ ജയന്തി ബാഹുലേയാഷ്ടകം ജപിച്ച് നമുക്ക് സാർത്ഥകമാക്കാം. 2023 ആഗസ്‌റ്റ് 31 വ്യാഴാഴ്ച ആണ് ഗുരുവിന്റെ നൂറ്റിമുപ്പതാം ജയന്തി നാടെങ്ങും ഭക്തിപുരസരം ആഘോഷിക്കുന്നത് :
ബാഹുലേയാഷ്ടകം
1
ഓം ഓം ഓം ഹോമധൂമപ്രകടതടജടാ-
കോടിഭോഗിപ്രപൂരം
അം അം അം ആദിതേയ പ്രണതപദയുഗാം-
ഭോരുഹ ശ്രീവിലാസം
ഉം ഉം ഉം ഉഗ്രനേത്രത്രയലസിതവപുർ-
ജ്യോതിരാനന്ദരൂപം
ശ്രീം ശ്രീം ശ്രീം ശീഘ്രചിത്തഭ്രമഹരമനിശം
ഭാവയേ ബാഹുലേയം
2
ഹ്രീം ഹ്രീം ഹ്രീം ഹൃഷ്ടഷട്കന്ധരമഘമരണാ-
രണ്യസംവർത്തവഹ്നിം
ഐം ഐം ഐം ഐങ്ഗുദീസത്ഫലമൃദുമിളിത-
പ്രാശിയോഗീന്ദ്രവന്ദ്യം
ക്ലീം ക്ലീം ക്ലീം ക്ലിഷ്ടകായക്ലമദവദഹനം
ക്ലേശനിർമ്മൂലനാശം
സൗം സൗം സൗം സൗരകാന്തിഭ്രമഹരമനിശം
ഭാവയേ ബാഹുലേയം
3
ശം ശം ശം ശബ്ദരൂപം ശശിധരമമലം
ശങ്കരം സാംബമൂർത്തിം
ശിം ശിം ശിം ശിഷ്ടവന്ദ്യം ശിഖരിനിലയനം
ശിക്ഷിതാനേകലോകം
ശും ശും ശും ശുഭ്രഹാസം ശുഭകരമതിസ-
ന്ദേഹ സന്ദോഹനാശം
ശൗം ശൗം ശൗം ശൗക്ലിതാങ്ഗം സിതഭസിതഗണൈർ-
ഭാവയേ ബാഹുലേയം
4
രം രം രം രമ്യദേഹം രജതഗിരിഗൃഹം
രക്തപദ്മാങ്ഘ്രിയുഗ്മം
രിം രിം രിം രിക്തശോകപ്രകൃതിപരമജം-
ഘാലമാനീലനേത്രം
രും രും രും രൂക്ഷകായപ്രതിഭടഹനനം
രക്തകൗശേയവസ്ത്രം
രൗം രൗം രൗം രൗരവാദിദ്രുതഹരകുഹരം
ഭാവയേ ബാഹുലേയം
5
ഹം ഹം ഹം ഹംസയോഗിപ്രവരസുഖകരം
ഹസ്തലക്ഷ്മീസമേതം
ഹിം ഹിം ഹിം ഹീനമാനം ഹിതസുഖവരദം
ഹിംസയാപേതകീലം
ഹും ഹും ഹും ഹുംകൃതിധ്വംസിതരജനിചര-
ക്രൗര്യകൗടില്യമൂർത്തിം
ഹൈം ഹൈം ഹൈം ഹൈമകുംഭായതകരസഹജം
ഭാവയേ ബാഹുലേയം
6
ണം ണം ണം നന്ദികേശപ്രവരഭുജഗനിർ-
വിഘ്നകർമ്മപ്രപഞ്ചം
ണിം ണിം ണിം നീലകണ്ഠപ്രിയസുതമജിതം
നിർമ്മലാങ്ഗം നിരീഹം
ണും ണും ണും ണുത്തനാഭോത്തരനിഭൃതനിരാ-
ലംബകൈവല്യമൂർത്തിം
ണൗം ണൗം ണൗം നാമരൂപാത്മകജഗദഖിലം
ഭാവയേ ബാഹുലേയം
7
ഭം ഭം ഭം ഭാഗധേയം ഭഗവദനുചര-
പ്രാഞ്ജലിസ്തോത്രപൂരം
ഭിം ഭിം ഭിം ഭീമനാദാന്തകമദനഹരം
ഭീഷിതാരാതിവർഗ്ഗം
ഭും ഭും ഭും ഭൂതിഭൂഷാർച്ചിതമമിതസമ-
സ്താർത്ഥശാസ്ത്രാന്തരങ്ഗം
ഭൗം ഭൗം ഭൗം ഭൗമമുഖ്യം ഗ്രഹഗണനപടും
ഭാവയേ ബാഹുലേയം
8
വം വം വം വാഹിനീശം വലരിപുനിലയ-
സ്തോത്രസമ്പത്സമൂഹം
വിം വിം വിം വീരബാഹുപ്രഭൃതിസഹചരം
വിഘ്നരാജാനുജാതം
വും വും വും ഭൂതനാഥം ഭുവനനിലയനം
ഭൂരികല്യാണശീലം
വൗം വൗം വൗം ഭാവിതാരിപ്രതിഭയമനിശം
ഭാവയേ ബാഹുലേയം
Story Summary: Lyrics and Divinity Of Chidambarashtakam by Sree Narayana Guru