Friday, 22 Nov 2024
AstroG.in

ശത്രുശല്യം, ഭയം, രോഗം, കടം മാറാൻ നരസിംഹജയന്തിക്ക് ഇത് 36 തവണ ജപിക്കൂ

ജ്യോതിഷരത്നം വേണു മഹാദേവ്

ഭഗവാന്‍ ശ്രീ മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഏറ്റവും ഉഗ്രരൂപിയും ഭയാനകമായ സങ്കല്പവുമാണ് നരസിംഹമൂര്‍ത്തി. ഹിരണ്യകശിപു എന്ന ദുഷ്ടനായ അസുരരാജനെ നിഗ്രഹിക്കുന്നതിനാണ് ഭഗവാന്‍ നരസിംഹാവതാരം എടുത്തത്. അത്ഭുതകരമായ തപോബലം ആര്‍ജിച്ച ഹിരണ്യകശിപു ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തി ലോകം മുഴുവനും കീഴടക്കണമെന്ന ലക്ഷ്യത്തോടെ ധാരാളം വരങ്ങള്‍ നേടി. അമരത്വം ചോദിച്ച ഹിരണ്യകശിപുവിനോട് അതു നല്‍കാനാകില്ല എന്ന് ബ്രഹ്മാവ് പറഞ്ഞപ്പോള്‍ അസുരരാജന്‍ മറ്റൊരു ഉപാധി വച്ചു: മനുഷ്യനോ മൃഗമോ തന്നെ നിഗ്രഹിക്കരുത്. പകലോ രാത്രിയിലോ പാടില്ല. ആയുധം കൊണ്ടോ ആയുധമില്ലാതെയോ ഭൂമിയിലോ ആകാശത്തോ പാതാളത്തിലോ വച്ച് തന്നെ കൊല്ലരുത്. ഈ വരം സ്വന്തമാക്കി സ്വന്തം ജീവന്‍ സുരക്ഷിതമാക്കിയ ഹിരണ്യ കശിപു ഇനി ആര്‍ക്കും ഒരു വിധത്തിലും തന്നെ വധിക്കാന്‍ സാധിക്കില്ല എന്ന ധൈര്യത്തില്‍ എല്ലാ ലോകവും കീഴടക്കി വാണു. മനുഷ്യരെയും ദേവന്മാരെയും ഋഷിമാരേയുമെല്ലാം ദ്രോഹിച്ചു. സ്വന്തം പുത്രനായ പ്രഹ്ളാദനെപ്പോലും മകന്റെ വിഷ്ണു ഭക്തിയില്‍ കലി പൂണ്ടു ദണ്ഡിച്ചു. പ്രഹ്ളാദനെ പലവിധത്തിലും വധിക്കാന്‍ നോക്കി. ആ ഘട്ടങ്ങളിലെല്ലാം ഭഗവാന്‍ പ്രഹ്ളാദനെ രക്ഷിച്ചു. അങ്ങനെ വിഷ്ണുഭഗവാനെ കുറിച്ച് നിരന്തരം ഭക്തിപൂര്‍വ്വം വാചാലനായ പ്രഹ്ളാദനും ഹിരണ്യകശിപുവും തമ്മില്‍ ശക്തമായ കലഹം ഉണ്ടായി. എല്ലായിടത്തും താന്‍ ഭഗവാനെ കാണുന്നു എന്ന് പ്രഹ്ളാദന്‍ പറഞ്ഞപ്പോള്‍ തൊട്ടടുത്ത് നിന്ന തൂണിലേക്ക് ഇതിലും നിന്റെ വിഷ്ണുവുണ്ടോ എന്ന് ചോദിച്ചു. പകലും രാത്രിയുമല്ലാത്ത ത്രിസന്ധ്യാ സമയമായിരുന്നു അത്. സഭയിലെ ആ സ്തംഭത്തിൽ ഹിരണ്യകശിപു ആഞ്ഞുവെട്ടി. അപ്പോള്‍ ആ തൂണില്‍ നിന്നും വിഷ്ണുഭഗവാന്‍ മനുഷ്യനും മൃഗവും അല്ലാത്ത പകുതി മനുഷ്യനും പകുതി മൃഗവുമായി, ഉഗ്രനരസിംഹമായി അവതരിച്ച് ഹിരണ്യകശിപുവിനെ കീഴടക്കി തന്റെ മടിയില്‍ കിടത്തി സ്വന്തം നഖം കൊണ്ട് നിഗ്രഹിച്ചു. ഇങ്ങനെ ദുഷ്ടനായ ഹിരണ്യകശിപുവില്‍ നിന്ന് സ്വന്തം ഭക്തനായ പ്രഹ്ളാദനെ നരസിംഹ മൂര്‍ത്തി രക്ഷിച്ചു എന്ന് ഐതിഹ്യം. ഈ ദിവസമാണ് ഭക്തവത്സലനായ ഭഗവാന്റെ തിരുവവതാര ദിവസമായ നരസിംഹജയന്തിയായി ആഘോഷിക്കുന്നത്. ആരുമില്ലാത്തവർക്ക് ഈശ്വരൻ തുണ എന്നാണ് നരസിംഹാവതാരത്തിന്റെ സാരം.

സ്വന്തം ഭക്തന്റെ രക്ഷയ്ക്കായി മഹാവിഷ്ണു അമാനുഷ രൂപം ധരിച്ചത് വൈശാഖ മാസത്തിലെ വെളുത്ത പക്ഷ ചതുർദ്ദശി സന്ധ്യയിലാണ്. അതിനാൽ ഈ ദിവസമാണ് നരസിംഹജയന്തി. സന്ധ്യയ്ക്ക് ചതുർദ്ദശി വരുന്ന 2022 മേയ് 14 നാണ് ഭൂരിപക്ഷം പേരും ഇത്തവണ നരസിംഹ ജയന്തി ആചരിക്കുന്നത്. നരസിംഹ ഉപാസനയ്ക്ക് ഏറ്റവും ഉത്തമ ദിവസമാണ് ജയന്തി. മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യം പാലിച്ച് തലേദിവസവും ജയന്തി ദിവസവും വ്രതമെടുത്ത് നരസിംഹ പ്രീതികരമായ മന്ത്രങ്ങൾ ജപിച്ചാൽ ശത്രുശല്യവും ഭയവും രോഗങ്ങളും അകന്ന് സർവ്വകാര്യങ്ങളിലും വിജയം, ആഗ്രഹസാഫല്യം, ഋണമോചനം, തൊഴിൽ ഭാഗ്യം, വിവാഹലബ്ധി ഇവയെല്ലാം ലഭിക്കും. ഭഗവാന്റെ ജന്മനക്ഷത്രമായ ചോതി ദിവസം ഉപാസനയ്ക്ക് ഉത്തമാണ്. തുളസിമാലയും ചെത്തിപ്പൂവുമാണ് ഭഗവാന് പ്രിയപ്പെട്ട സമർപ്പണങ്ങൾ. കടുംപായസവും പാനകവുമാണ് വഴിപാടുകൾ. ജയന്തി ദിവസം വ്രത്രമെടുക്കുന്നവർ അന്ന് നരസിംഹ മന്ത്രം 36 തവണ ചൊല്ലണം. എല്ലാ ചോതി നക്ഷത്ര ദിവസവും വ്രതമെടുക്കാനും നരസിംഹ പ്രീതികരമായ കർമ്മങ്ങൾക്കും നല്ലതാണ്. നിത്യജപത്തിനും നരസിംഹ മന്ത്രം ഉത്തമമാണ്.

ശത്രുസംഹാരത്തിന്റെ പ്രധാന മൂർത്തിയായി വിശ്വാസികൾ ഭജിക്കുന്ന നരസിംഹ സ്വാമിയുടെ പ്രധാന ക്ഷേത്രങ്ങളിലൊന്ന് ആന്ധ്രയിലെ അഹോബിലം ആണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉഗ്രശക്തിയുള്ള നരസിംഹമൂർത്തി ചരിത്ര പ്രസിദ്ധമാണ്. കണ്ണൂരിലെ ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രം, കോഴിക്കോട് തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം, കുറവിലങ്ങാട് കോഴ ലക്ഷ്മീനരസിംഹ ക്ഷേത്രം, ആലപ്പുഴ തുറവൂർ നരസിംഹ ക്ഷേത്രം, പാലാ തെക്കേക്കര നരസിംഹ സ്വാമി ക്ഷേത്രം, രാമപുരം ക്ഷേത്രം, തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ആലുവ കടങ്ങല്ലൂർ നരസിംഹ ക്ഷേത്രം, കൊല്ലം ഭരണിക്കാവിനടുത്ത് ആനയടി പഴയിടം നരസിംഹ ക്ഷേത്രം, മലപ്പുറം തൂതപ്പുഴ വാഴേങ്കട നരസിംഹ സ്വാമി ക്ഷേത്രം എന്നിവയാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ നരസിംഹമൂർത്തി ക്ഷേത്രങ്ങൾ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ ഒരേ ശ്രീകോവിലിൽ കിഴക്കും പടിഞ്ഞാറും ദർശനമായി മഹാവിഷ്ണുവും നരസിംഹമൂർത്തിയുമുണ്ട്. ഇവിടെ
മേയ് 15 നാണ് ഇത്തവണ നരസിംഹജയന്തി ആചരണം.

നരസിംഹ മന്ത്രം
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

ജ്യോതിഷരത്നം വേണു മഹാദേവ്, +91 9847475559

Narasimha Jayanthi 2022: Date, Myth and Significance

error: Content is protected !!