Saturday, 21 Sep 2024
AstroG.in

ശത്രുസംഹാരമോ? വീരഭദ്രസ്വാമി ശരണം

ഭദ്രകാളി ക്ഷേത്രങ്ങളിലെ പ്രധാന ഉപദേവതയാണ് വീരഭദ്ര സ്വാമി. ശിവഭൂതഗണമാണ് വീരഭദ്രനെങ്കിലും ശിവക്ഷേത്രങ്ങളില്‍ ഉപദേവതയായി വീരഭദ്രപ്രതിഷ്ഠ അപൂര്‍വ്വമാണ്. പേരുപോലെ തന്നെ വീരഭദ്രന്‍ ശത്രുസംഹാരമൂര്‍ത്തിയാണ്.  ശിവന്റെ കോപത്തില്‍നിന്നു സൃഷ്ടിക്കപ്പെട്ടതെന്നാണ്  പുരാണം.

ദക്ഷന്റെ മകളാണ് സതി. ശിവനോടുള്ള അദമ്യമായ ഭക്തിയിൽ ആമഗ്നയാണ് സതി. എന്നാൽ  ഇക്കാര്യം അറിഞ്ഞ ദക്ഷൻ സതിയുടെ  സ്വയംവരം നടത്താൻ തീരുമാനിച്ചു. ശിവൻ ഒഴിവുള്ള ദേവന്മാരെയെല്ലാം ദക്ഷൻ സ്വയംവരത്തിന് ക്ഷണിച്ചു. എന്നാൽ സതീദേവിയാകട്ടെ തന്റെ  കൈയിലുണ്ടായിരുന്ന വരണമാല്യം ആകാശത്തേക്ക് വലിച്ചെറിഞ്ഞപ്പോൾ അത് ശിവന്റെ കണ്ഠത്തിൽ പതിച്ചു. ഈ കാഴ്ച കണ്ട ദക്ഷൻ നിസഹായനായി ആ വിവാഹം നടത്തി. പിന്നീടൊരിക്കൽ അശ്വമേധം നടത്താൻ ദക്ഷൻ തീരുമാനിച്ചു. ശിവനെയും സതിയെയും ഒഴിച്ചുള്ളവരെയെല്ലാം അശ്വമേധത്തിന് ക്ഷണിച്ചു. മാതാപിതാക്കളോടുള്ള കാലാതീതമായ സ്നേഹത്തിന്റെ ഫലമായി വിളിക്കാത്ത ചടങ്ങിന് സതി ചെന്നു. സതിയെ കണ്ട ദക്ഷൻ കോപാക്രാന്തനായി ശിവനെ അപമാനിച്ച് സംസാരിച്ചു. ഭർത്താവിനെ വാക്കുകൾ കൊണ്ട് അപമാനിക്കുന്നതു കണ്ട് ഹൃദയം പൊട്ടിയ  സതി അഗ്നിപ്രവേശം നടത്തി .

ശിവപത്‌നിയായ സതിക്ക് യജ്ഞ വേളയിൽ പിതാവായ ദക്ഷനില്‍ നിന്നേറ്റ അപമാനം കാരണം അഗ്‌നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തില്‍ നിന്നാണു  വീരഭദ്രന്‍ ജനിക്കുന്നത്. അധര്‍മ്മത്തെ നശിപ്പിക്കാനുള്ള വീരഭദ്രന്റെ ചുമതലയില്‍ സഹായിക്കാന്‍, ശക്തിരൂപിണിയായ ദേവി ഭദ്രകാളിയായി അവതരിച്ചുവെന്നും വിശ്വാസമുണ്ട്. ദക്ഷ യാഗം തകർത്തത് ശിവന്റെ നിർദ്ദേശാനുസരണം വീരഭദ്ര സ്വാമിയാണ്. ദക്ഷയാഗത്തിന്റെ സംരക്ഷണം മഹാവിഷ്ണുവിൽ അർപ്പിതമായിരുന്നു. ഒടുവിൽ നന്മയുടെ പ്രതീകമായ വീരഭദ്രൻ വിജയിച്ചു. 

വീരഭദ്രനൊപ്പം ജന്മം കൊണ്ട, ഭദ്രന്റെ പങ്കാളിയാണ് ഭദ്രകാളി. അതുകൊണ്ടാണു ഭദ്രകാളി സങ്കല്‍പത്തിലുള്ള ക്ഷേത്രങ്ങളിെലെല്ലാം വീരഭദ്രന് പ്രമുഖ സ്ഥാനം നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ചകളിൽ  വീരഭദ്രനെ ഭജിക്കുന്നതും, വീരഭദ്ര പ്രതിഷ്ഠയുള്ള ഭദ്രകാളി ക്ഷേത്രത്തില്‍ വീരഭദ്രന് നാരങ്ങാവിളക്ക് കത്തിക്കുന്നതും ശത്രുദോഷങ്ങള്‍ ഉള്ളവര്‍ക്കു രക്ഷ നേടാനുള്ള മാര്‍ഗമാണ്. 

ഓം വീം വീരഭദ്രായ നമ: എന്നതാണ് വീരഭദ്ര സ്വാമിയുടെ മൂലമന്ത്രം.  വീരഭദ്രസ്തുതികള്‍ തൃസന്ധ്യ നേരത്ത് ചൊല്ലുന്നത്  മാനസിക വിഭാന്തിയും അകാരണമായ ഭയവും ഇല്ലാതാക്കി മനോധൈര്യവും ശാന്തിയും പ്രധാനം ചെയ്യും.

കൊല്ലൂർ ശ്രീ  മൂകാംബിക ക്ഷേത്രത്തിൽ ദേവിയുടെ  വശത്തായി വീരഭദ്ര സ്വാമിയുടെ പ്രതിഷ്ഠയുണ്ട്. സ്വാമിയുടെ പൂർണകായ പ്രതിഷ്ഠയാണ് ഇവിടെയുള്ളത് . മൂകാംബികയുടെ പ്രധാന സേവകനാണ് സ്വാമി. മനുഷ്യ ബോധതലത്തിലുള്ള വിരുദ്ധ ശക്തികളെ തകർക്കാൻ സ്വാമിക്ക് കഴിയുമെന്നാണ് ഭക്തർ കരുതുന്നത്. മൂകാംബിക അമ്മയെ പ്രാർത്ഥിക്കുന്ന പ്രാധാന്യം വീരഭദ്രസ്വാമിയെ പ്രാർത്ഥിക്കുന്നതിലും ഭക്തർ കാണിക്കാറുണ്ട്. ഭക്തന്റെ ബോധത്തെ ദിവ്യമാനത്തിലേക്ക് ഉയർത്താൻ കഴിയുന്ന ശിവന്റെ ഉഗ്രമായ ഒരു ശക്തി ഭാവമാണ് വീരഭദ്ര സ്വാമി. ഭസ്മമാണ് വീരഭദ്ര സ്വാമിയുടെ പ്രസാദം. 

ഭദ്രകാളി ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്തുമ്പോൾ വീരഭദ്ര സ്വാമിയെ ഉചിതമായി വണങ്ങിയില്ലെങ്കിൽ അതൊരു കുറവ് തന്നെയാണെന്ന് വിശ്വസിക്കുന്നു. 

error: Content is protected !!