Wednesday, 26 Jun 2024
AstroG.in

ശനിദോഷം അകറ്റാൻ വൈശാഖഅമാവാസി ; ഈ 6 കൂറുകാർക്ക് ദോഷം മാറ്റം

മംഗള ഗൗരി

സൂര്യപുത്രനായ ശനീശ്വരനെ ആരാധിക്കാൻ ഏറ്റവും ഉത്തമ ദിവസമാണ് വൈശാഖമാസത്തിലെ അമാവാസി. കണ്ടകശനി, അഷ്ടമശനി, ഏഴരശനി തുടങ്ങി എല്ലാ കടുത്ത ശനിദോഷങ്ങളും അകറ്റാൻ ഈ ദിവസത്തെ ആരാധന അത്യുത്തമാണ്.

വൈശാഖ മാസത്തിലെ അമാവാസിനാളാണ് ശനിദേവന്റെ ജയന്തിയായി ആചരിക്കുന്നത്. ഇതിനെ ശനി അമാവാസി എന്നും അറിയപ്പെടുന്നു. ഇത്തവണ 2024 ജൂൺ 6 നാണ് ശനീശ്വര ജയന്തി. ജൂൺ 5 ന് രാത്രി 7:55 ന് ആരംഭിക്കുന്ന അമാവാസി തിഥി ജൂൺ 6 ന് വൈകിട്ട് 6:7 ന് അവസാനിക്കും. വടക്കേ ഇന്ത്യയിൽ ജ്യേഷ്ഠമാസത്തിലെ അമാവാസിയാണ് ശനി ജയന്തി.

ശനിജയന്തി നാളിൽ ശനീശ്വരനെ പ്രീതിപ്പെടുത്താൻ നടത്തുന്ന ഉപാസനകൾക്ക് ഇരട്ടി ഫലം ലഭിക്കും എന്ന് വിശ്വസിക്കുന്നു. അന്ന് ശനിദേവനെ ഉപാസിക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ കുളിച്ച് ശുദ്ധമായി കറുത്ത വസ്ത്രം ധരിച്ച് പൂജാമുറിയിൽ എള്ളെണ്ണ ഒഴിച്ച് വിളക്ക് കൊളുത്തി നവഗ്രഹസ്തോത്രവും ശനിപ്രീതി നേടാനുളള മന്ത്രങ്ങളും ജപിക്കണം. പറ്റുെങ്കിൽ ഉപവസിക്കണം; എന്നാൽ ഉപവാസം നിർബ്ബന്ധമില്ല.

പ്രാർത്ഥിക്കുമ്പോൾ ശനീശ്വര ചിത്രത്തിന്റെ കണ്ണിൽ ഒരു കാരണവശാലും നോക്കരുത്. ഈ ദിവസം അഗതികൾക്ക് അന്നദാനം നൽകുന്നത് നല്ലതാണ്. ആരെങ്കിലും ആഹാരമോ, സാമ്പത്തിക സഹായമോ, മറ്റ് തരത്തിലെ എന്തെങ്കിലും സഹായമോ ചോദിച്ചാൽ നിഷേധിക്കരുത്. നഖവും മുടിയും മുറിക്കരുത്. സ്ത്രീകളോട് ആദരപൂർവം പെരുമാറണം. പുതിയ വസ്ത്രങ്ങൾ ധരിക്കരുത്. നവഗ്രഹക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ ദര്‍ശനം നടത്തുന്നത് നല്ലതാണ്. ശനിദോഷം ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാക്കും. ജാതകവശാല്‍ ശനിയുടെ ദശാപഹാരങ്ങളാണ് ശനിദോഷം കഠിനമാകുന്ന ഒരു കാലഘട്ടം. മറ്റൊന്ന് ഗോചരാലുള്ള ഏഴരശനി, കണ്ടകശനി, അഷ്ടമശനി കാലമാണ്. ഏഴരശനി കാലമെന്ന് പറയുന്നത് ജനിച്ച കൂറിലും അതിന് മുന്‍പും പിന്‍പുമുള്ള രാശികളിലും ശനി സഞ്ചരിക്കുന്ന കാലം. കണ്ടകശനി 4,7,10 രാശികളില്‍ ശനിയെത്തുന്ന സമയം. അഷ്ടമ ശനി എട്ടില്‍ സഞ്ചരിക്കുന്ന നാളുകള്‍.

ഇക്കാലത്ത് ശനീശ്വരനെയോ അയ്യപ്പനെയോ ഭജിക്കുക വഴി ശനിദോഷങ്ങള്‍ അകലും. ശനിദോഷകാലത്ത് കടബാദ്ധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം, മന:പ്രയാസം എന്നിവയെല്ലാം സംഭവിച്ചേക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിച്ചാല്‍ തൊഴില്‍രംഗത്തെ പ്രതികൂലമായി ബാധിക്കും.

ശനി ഇപ്പോൾ കുംഭം രാശിയിലാണ്. അതിനാൽ ഇടവം, കർക്കടകം, ചിങ്ങം, വൃശ്ചികം, മകരം, കുംഭം, മീനം കൂറുകാർക്ക് ഇപ്പോൾ ശനി ദോഷം കഠിനമാണ്. ഇവർ കർശനമായും ശനിപ്രീതി നേടണം.

ദോഷ പരിഹാരത്തിന് ശനിയാഴ്ച ദിവസങ്ങളില്‍ അയ്യപ്പൻ, ഹനുമാൻ, ശിവൻ എന്നീ മൂർത്തികളുടെ സന്നിധിയിൽ പൂജകളും വഴിപാടുകളും നടത്തുക. നീരാജനം, പുഷ്പാഞ്ജലി, എള്ളുപായസം, എന്നിവയാണ് മുഖ്യ വഴിപാടുകള്‍. ശനിദോഷം അകറ്റാന്‍ ജപിക്കേണ്ട മന്ത്രങ്ങള്‍:

ശനീശ്വരസ്‌തോത്രം
നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

ശനി ബീജ മന്ത്രം
ഓം പ്രാം പ്രീം പ്രൌം സ
ശനൈശ്ച്ചരാ നമഃ

ശനി ഗായത്രി മന്ത്രം
ഓം ശനൈശ്ച്ചരായ
വിദ്മഹേ ഛായാപുത്രായ ധീമഹീ
തന്നോ മന്ദ: പ്രചോദയാത്

ശനി പീഡാഹര സ്‌തോത്രം
സൂര്യപുത്രോ ദീര്‍ഘദേഹോ
വിശാലാക്ഷ: ശിവപ്രിയ
ദീര്‍ഘചാര പ്രസന്നാത്മ പീഡാം
ഹരതു മേ ശനി:

നവഗ്രഹ സ്തോത്രം

സൂര്യൻ
ജപാകുസുമസങ്കാശം കാശ്യപേയം
മഹാദ്യുതിം
തമോരീം സർവ്വ പാപഘ്നം
പ്രണതോസ്മി ദിവാകരം

ചന്ദ്രൻ
ദധിശംഖതുഷാരാഭം
ക്ഷീരോദാർണ്ണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം

ചൊവ്വ
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം
തം മംഗളം പ്രണമാമ്യഹം

ബുധൻ
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം സൗമ്യം
സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം

വ്യാഴം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

ശുക്രൻ
ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സർവ്വശാസ്ത്രപ്രവക്താരം
ഭാർഗ്ഗവം പ്രണമാമ്യഹം

ശനി
നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

രാഹു
അർദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം
തം രാഹും പ്രണമാമ്യഹം

കേതു
പലാശപുഷ്പസങ്കാശം
താരകാഗ്രഹ മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം തം
കേതും പ്രണമാമ്യഹം

നമ: സൂര്യായ സോമായ മംഗളായ
ബുധായ ച ഗുരുശുക്ര ശനിഭ്യശ്ച
രാഹവേ കേതവ നമഃ

Story Summary : Shani Amavasya 2024: Date, Significance and Everything you need to know

Copyright 2024 Neramonline.com. All rights reserved


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!