Tuesday, 21 May 2024
AstroG.in

ശനിദോഷം അകറ്റുന്ന ആലത്തിയൂർ ഹനുമാൻ

എല്ലാവർക്കും ദുരിതങ്ങൾ നൽകുന്നതാണ് ശനിദശ. രോഗങ്ങളും ആപത്തുകളും ഒഴിയാതെ പിടികൂടി ഏറ്റവുമധികം ശല്യമുണ്ടാകുന്നത് ശനിദശയിലാണ്. അഷ്ടമശനി മരണകാരണം പോലുമാകുമെന്നാണ് വിശ്വാസം. അങ്ങനെ എല്ലാം കൊണ്ടും ദുരിതം സൃഷ്ടിക്കുന്ന ശനിയുടെ പിടിയില്‍ നിന്ന് രക്ഷനേടാന്‍ ഏറ്റവും നല്ലത് ഹനുമാന് സ്വാമിയെ അഭയം പ്രാപിക്കുകയാണ്. ഇതിനു പറ്റിയ സന്നിധികളിലൊന്നാണ് ആലത്തിയൂര്‍ ശ്രീ പെരും തൃക്കോവില്‍ ഹനുമാന്‍ കാവ് ക്ഷേത്രം. തെക്കന്‍ കേരളത്തില്‍ നിന്നുപോലും ശനിദോഷ ശമനത്തിനായി ആലത്തിയൂര്‍ ഹനുമാനെ അഭയംതേടുന്നവര്‍ നിരവധിയാണ്. മലപ്പുറം ജില്ലയിലെ തിരൂരിലാണ് തൃപ്പാലങ്ങാട് ആലത്തിയൂരിലെ പുണ്യപുരാതനമായ ശ്രീ പെരും തൃക്കോവില്‍ ക്ഷേത്രം. ആലും അത്തിയും ഒന്നിച്ചു വളർന്നു നിന്ന സ്ഥലമായത് കൊണ്ടാണ് ആലത്തിയൂർ എന്ന പേര് ഈ ക്ഷേത്രത്തിന് ലഭിച്ചത്.

 

എല്ലാ ദിവസവും ഇവിടെ പ്രധാനമാണെങ്കിലും ഹനുമാന് സ്വാമിയുടെ അവതാര ദിവസമായ ചൊവ്വയും ശ്രീരാമദേവന് പ്രാധാന്യമുള്ള ബുധന്‍, വ്യാഴം ദിവസങ്ങളും ഹനുമാന്‍ സ്വാമിയുടെ ഗുരുവായ ആദിത്യന്റെ ദിനമായ ഞായറാഴ്ചയും ആലത്തിയൂരില്‍ ഏറ്റവും പ്രധാനമാണ്. ഈ ദിവസങ്ങള്‍ കൂടാതെ ആഞ്ജനേയ സ്വാമിക്ക് പ്രാധാന്യമുള്ള പൗര്‍ണമിയും ഹനുമാന്‍ സ്വാമിയുടെ നക്ഷത്രമായ ചോതിയും ശ്രീരാമന്റെ നക്ഷത്രമായ പുണര്‍തവും രാമായണമാസവും ഇവിടെ പ്രധാനമാണ്. ഈ ദിവസങ്ങളില്‍ ചെയ്യുന്ന ഏതു പൂജയ്ക്കും ഇരട്ടി ഫലമാണ്. ശനിദോഷ നിവാരണാര്‍ത്ഥമുള്ള പൂജകള്‍ ഈ ദിവസങ്ങളില്‍ ചെയ്താല്‍ വേഗത്തില്‍ ഫലം ലഭിക്കും.

കുഴച്ച അവിലാണ് ആലത്തിയൂരിലെ പ്രധാന വഴിപാട്.
ശ്രീഹനുമാന്‍ കോവിലിൽ ഒരു പൊതി അവില്‍ തയ്യാറാക്കുന്നതിന് നൂറു നാഴി അവില്‍, നൂറ് നാളികേരം, 28 കിലോ ശര്‍ക്കര, 12 കിലോ പഞ്ചസാര, 800 ഗ്രാം ജീരകം, 750 ഗ്രാം ചുക്ക് എന്നിവ വേണം. ഇവ ചേര്‍ത്ത് പ്രത്യേക രീതിയിലാണ് തയ്യാറാക്കുന്നത്. ഈ അവില്‍ നിവേദ്യം പെട്ടെന്ന് കേടുവരുന്നതല്ല. സാധാരണ നാളികേരം ചേര്‍ത്ത് അവില്‍ കുഴച്ചാല്‍ പെട്ടെന്ന് കേടുവരും. ശ്രീരാമസ്വാമിയുടെയും ഹനുമാന്‍ സ്വാമിയുടെയും അനുഗ്രഹത്താലാണ് ആലത്തിയൂർ ഹനുമാന്‍ ക്ഷേത്രത്തിൽ ഉണ്ടാക്കുന്ന അവില്‍ നിവേദ്യം പെട്ടെന്നു കേടാകാത്തതെന്ന് വിശ്വസിക്കുന്നു.

 

നെയ്യ് വിളക്കാണ് മറ്റൊരു പ്രധാന വഴിപാട്. ശ്രീരാമസ്വാമിക്കും ഹനുമാന്‍ സ്വാമിക്കും നെയ് വിളക്ക് മാത്രമേ കൊളുത്താറുള്ളു. ശ്രീരാമസ്വാമിക്ക് പണപ്പായസം, പഞ്ചസാരപ്പായസം, നെയ്പ്പായസം, ചതുഃശതം, തൃമധുരം, ഭാഗ്യസൂക്ത പുഷ്പാഞ്ജലി, എന്നിവയാണ് പ്രധാന വഴിപാടുകള്‍.

 

ഹനുമാന്‍ സ്വാമിക്ക് കുഴച്ച അവില്‍പ്പൊതിക്കു പുറമെ അരപ്പൊതി, കാല്‍പ്പൊതി ഒരുനാഴി കുഴച്ച അവില്‍, വെള്ള അവില്‍, തുലാഭാരം, തട്ടുപണം, മുഖം ചന്ദനം ചാര്‍ത്തല്‍, മുട്ടറുക്കല്‍, അടിമപ്പണ സമര്‍പ്പണം, കദളിപ്പഴം നിവേദ്യം എന്നീ വഴിപാടുകളും പ്രധാനമാണ്. കെട്ടുനിറ, മാലപൂജ, വിളക്ക്, മാല, നെയ് വിളക്ക്, നിറമാല, പുഷ്പാഞ്ജലി, നിത്യപൂജ, ചോറൂണ്, വെള്ള നിവേദ്യം തുടങ്ങിയവയും നടത്താറുണ്ട്. ആസ്മ രോഗനിവാരണത്തിന് പ്രത്യേകമായി പാളയും കയറും ആലത്തിയൂരില്‍ വഴിപാടായി സമര്‍പ്പിക്കുന്നു. ഇഷ്ട കാര്യലബ്ധി, വിഘ്നനാശം, സകലദോഷശാന്തി, ശാരീരിക പീഡ, മാനസിക വൈകല്യമോചനം, മനോദുഖനിവാരണം, ദാരിദ്യ മോചനം തുടങ്ങിയവയക്കും ഈ ദിവ്യസന്നിധിയിൽ പരിഹാരമുണ്ട്.

error: Content is protected !!