Saturday, 23 Nov 2024
AstroG.in

ശനിദോഷം തീര്‍ക്കാന്‍ ശുചീന്ദ്രത്തെ
ഹനുമാന്‍ സ്വാമിയെ വണങ്ങാം

മംഗള ഗൗരി
ശനി ദോഷ പരിഹാരത്തിന് ശുചീന്ദ്രം ക്ഷേത്രദര്‍ശനം ഉത്തമമാണ്. ഇവിടുത്തെ ഹനുമാന്‍ സ്വാമിയെ വണങ്ങി നവഗ്രഹ മണ്ഡപത്തില്‍ ദീപം കത്തിക്കലാണ് പ്രധാന പരിഹാരം. ഏഴരശനി, കണ്ടകശ്ശനി, അഷ്ടമശനി എന്നിവ മാത്രമല്ല ജാതകത്തിലെ ശനി ദശാദോഷങ്ങളും മറ്റ് ദശകളിലെ ശനി അപഹാര ദോഷങ്ങളും ശുചീന്ദ്രത്തെ ഹനുമാന്‍ സ്വാമിയുടെ ദർശനം നേടുന്നതിലൂടെ മാറും.

സ്ഥാനുമാലയപ്പെരുമാള്‍ എന്നാണ് ശുചീന്ദ്രത്തെ ദേവന്‍ അറിയപ്പെടുന്നത്. സ്ഥാണു (ശിവൻ), മാൽ (വിഷ്ണു), അയൻ (ബ്രഹ്മാവ് ) എന്നീ മൂന്ന് മൂർത്തികളെ ഒന്നായി കാണുന്ന ത്രിമൂർത്തി സങ്കല്‍പ്പമാണ് ഈ പ്രതിഷ്ഠ. ഏറെ ഉയരമുള്ള ഇവിടുത്തെ ഹനുമാന്‍ സ്വാമി പ്രതിഷ്ഠയും വളരെ പ്രശസ്തമാണ്. നാള്‍ക്കുനാള്‍ വളരുന്നതാണ് ഈ ഹനുമദ് പ്രതിഷ്ഠ എന്നതാണ് മറ്റൊരു പ്രത്യേകത. ഇഷ്ടകാര്യസിദ്ധിക്ക് വെണ്ണചാര്‍ത്തല്‍, വെറ്റിലമാല, തുളസിമാല, വടമാല എന്നിവ ചാര്‍ത്തിയാല്‍ അതിവേഗം ഫലം ലഭിക്കും എന്ന് വിശ്വസിക്കുന്നു.

സീതയോട് കൂടിയ ശ്രീരാമ ക്ഷേത്രത്തിന് മുന്നിലാണ് പതിനാറ് അടിയോളം ഉയരം വരുന്ന ഹനുമാൻ വിഗ്രഹം. കരിങ്കല്ലിൽ കൊത്തി മിനുസമാക്കിയ ഈ വിഗ്രഹം ഒരു നൂറ്റാണ്ടോളം ക്ഷേത്ര ഗോപുരത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള മണ്ണിൽ പുതഞ്ഞ് കിടക്കുകയായിരുന്നു. 1929 ലാണ് ഇതിവിടെ പ്രതിഷ്ഠിച്ചത്. ഗൗതമമുനിയുടെ പത്നി അഹല്യയെ ശപിച്ചതിന്റെ ശാപം പരിഹരിക്കാൻ ദേവഗുരുവിന്റെ നിർദ്ദേശപ്രകാരം ഇന്ദ്രൻ സ്ഥാനുമാലയപ്പെരുമാളിനെ സങ്കല്പിച്ച് ഇവിടെയാണ് തപസിരുന്നത്. ഒടുവിൽ സ്ഥാനുമാലയ പെരുമാൾ പ്രത്യക്ഷനായി ഇന്ദ്രനെ തിളയ്ക്കുന്ന നെയ്യിൽ മുക്കി ശുചി (ശുദ്ധി) ആക്കി. അങ്ങനെ ഇന്ദ്രന് ശുചിത്വം കിട്ടിയ സ്ഥലം എന്ന അർത്ഥത്തിലാണ് ശുചീന്ദ്രം എന്ന പേര് വന്നത്.

വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം ഇവിടെ ഉത്സവം നടക്കുന്നു. കന്നിയിലെ ഉത്സവം വിഷ്ണുവിന് മാത്രമാണ്. ഇത് മതിൽക്കെട്ടിൽ മാത്രം ഒതുങ്ങുന്നു. ധനു മാസത്തിൽ നടക്കുന്ന 10 ദിവസത്തെ മാർകഴി ഉത്സവമാണ് മുഖ്യം. ഇതിന്റെ ഒൻപതാം ദിവസമാണ് ശുചീന്ദ്രം തേരോട്ടം. ഈ ദിവസം 3 തേരുകളുമായി തെരുവുകളിൽ ഘോഷയാത്ര
നടക്കും. മേടത്തിലാണ് മൂന്നാമത്തെ ചിത്തിര ഉത്സവം; തെപ്പം ഉത്സവം എന്നാണ് ഇത് അറിയപ്പെടുന്നത്.

രാജഭരണകാലത്ത് തിരുവിതാംകൂര്‍ മഹാരാജാവാണ് ഇവിടെ തേരോട്ടം നടത്തിയിരുന്നത്. തേരുചലിക്കുമ്പോള്‍ മാലപ്പടക്കം പോലെ വെടിക്കെട്ടുയരും. ഈ ശബ്ദം കേട്ടശേഷമേ തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ആഹാരം കഴിക്കാറുള്ളു. ഇപ്പോഴും ഇവിടെ തേരോട്ടം വലിയ ആഘോഷമാണ്. തേരോട്ട ദിവസം ഇവിടെ പ്രാദേശിക അവധിയായിരിക്കും. ഇവിടത്തെ ശിലാശില്‍പപങ്ങള്‍ അതിവിശേഷമാണ്.

തിരുവനന്തപുരം – നാഗര്‍കോവില്‍ ദേശീയപാതയില്‍ കന്യാകുമാരിക്കു പോകുന്ന വഴിയിലാണ് ശുചീന്ദ്രം ക്ഷേത്രം. നാഗര്‍കോവില്‍ നിന്നും 7 കിലോമീറ്ററുണ്ട് ഈ
ക്ഷേത്രത്തിലേക്ക്. കന്യാകുമാരിയിൽ നിന്നും 14 കി.മീ.

മംഗള ഗൗരി

Story Summary: Significance of Suchindram Anjaneyar And Thanumalaya Perumal Temple at
Powerful Narasimha Mantras for Removing Debts


error: Content is protected !!