Sunday, 22 Sep 2024
AstroG.in

ശനിദോഷം മാറാൻ ശനിയാഴ്ച ശനി ഹോരയിൽ ഇത് ചെയ്യൂ

ജ്യോതിഷരത്നം വേണു മഹാദേവ്


ജ്യോതിഷത്തിലും ഈശ്വരനിലും വിശ്വസിക്കുന്നവർ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒന്നാണ് ശനിദോഷം. ദുരിതവും അലച്ചിലും ശനിദോഷം ബാധിച്ചവരെ വിട്ടൊഴിയില്ല. വല്ലാതെ കഷ്ടപ്പെടുത്തുന്ന ദേവനാണ് ശനീശ്വരൻ. പക്ഷെ ശനിദോഷകാലത്ത് പരിഹാരം ചെയ്താൽ എന്ത് കഷ്ടതയായാലും അതിന്റെ കാഠിന്യം കുറയ്ക്കാൻ കഴിയും. അതുപോലെ ഏതൊരാളെയും ശനി വിട്ടൊഴിഞ്ഞ് പോകും മുൻപ് തടഞ്ഞുവച്ച പല സദ്ഫലങ്ങളും തരികയും ചെയ്യും.

ശനിദോഷശാന്തിക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ധാരാളം പരിഹാര മാർഗ്ഗങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനവും ഏവരും അനുഷ്ഠിക്കുന്നതുമാണ് നീരാജനം തെളിക്കൽ. അയ്യപ്പനും ശാസ്താവിനും ശനീശ്വരനും പ്രിയപ്പെട്ട വഴിപാടാണ് നീരാജനം. മിക്ക ശാസ്താ ക്ഷേത്രങ്ങളിലും നവഗ്രഹക്ഷേത്രങ്ങളിലും നീരാജനം നടത്താറുണ്ട്. ശനി ദോഷപരിഹാരത്തിന് ക്ഷേത്രങ്ങളിൽ വഴിപാടായി നീരാജനം ചെയ്യുന്നതു പോലെ വീടുകളിലും ശനിയാഴ്ച ദിവസങ്ങളിൽ നീരാജനം തെളിയിച്ച് ശാസ്താ പ്രീതി നേടി ശനിദോഷങ്ങളിൽ നിന്നും മോചനം നേടാം. ശുദ്ധിയുള്ള തുണിയിൽ എള്ളു കിഴികെട്ടി അത് നല്ലെണ്ണ ഒഴിച്ച് തേങ്ങാ മുറിയിൽ വച്ച് കത്തിക്കണം. വീട്ടിൽ പുജാ മുറിയിൽ അയ്യപ്പന്റെ ചിത്രം വച്ച് അതിന് മുന്നിലാണ് നീരാജനം കൊളുത്തേണ്ടത്. ശനിദോഷം ഉള്ളവർ ഇതു ചെയ്താൽ ദുരിതം കുറയും. ഇല്ലാത്തവർ ചെയ്താലും ശനിപ്രീതി ഉണ്ടാകും. ശനിദോഷകാലത്ത് നിത്യവും നിലവിളക്ക് തെളിക്കുന്നതിനാെപ്പം നീരാജനവും കത്തിക്കാം. അത് ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ജീവിതം സമ്മാനിക്കും.

ശനിദോഷ പരിഹാരത്തിനുള്ള മറ്റൊരു ലളിതമായ മാർഗ്ഗം എള്ളു കുഴച്ച ചോറ് കാക്കയ്ക്ക് നല്കുകയാണ്. ശനിയാഴ്ച ശനി ഹോര സമയത്താണ് കാക്കയ്ക്ക് എള്ളു കുഴച്ച ചോറ് നൽകേണ്ടത്. ശനി ഭഗവാന്റെ വാഹനമാണ് കാക്ക. 2021 ഏപ്രിൽ, മേയ്, ജൂൺ, ജൂലായ് മാസങ്ങളിൽ ശനിയുടെ കാലഹോര, രാവിലെ ഏതാണ്ട് ആറേ കാലിനും ഏഴേ കാലിനും മധ്യേയാണ്. ചോറിൽ എള്ള് ചേർത്ത് കുഴച്ച് ഏഴ് ഉരുളയാക്കി എല്ലാ ശനിയാഴ്ചയും കാക്കയ്ക്ക് കാെടുക്കണം. ഈ അനുഷ്ഠാനത്തിലൂടെ ഒട്ടേറെപ്പോർ ശനിദോഷത്തിന്റെ പിടിയിൽ നിന്നും മോചിതരായി ട്ടുണ്ടെന്ന് അനുഭവസാക്ഷ്യം. എപ്പോഴായാലും ശനിയാഴ്ച ശനി ഹോര സമയത്ത് ഇത് ചെയ്യണം.
ഏഴരശനി, കണ്ടകശനി, അഷ്ടമ ശനി എന്നിവയാണ് ഗോചരാലുള്ള ഏറ്റവും കടുത്ത ശനി ദോഷങ്ങൾ. ഇപ്പോൾ ശനി നിൽക്കുന്ന മകരക്കൂറിന് ജന്മശനിയാണ്. 2022 ഏപ്രിൽ 28 വരെ ശനി മകരം രാശിയിലാതിനാൽ ഈ കൂറിനും 12, 2 സ്ഥാനങ്ങളിലെ ധനു, കുംഭം കൂറിനും ഏഴര ശനിയാണ്. മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ നക്ഷത്രക്കാർ ഇപ്പോൾ ഏഴര ശനി കടന്നുപോകുന്നു. ഈ കൂറുകാർക്ക് പല തരത്തിലെ ദുഃഖങ്ങൾ, ധനനാശം, ദൂരദേശഗമനം, വിഷ – അഗ്‌നി ഭയം, ബന്ധുക്കൾക്ക് വിഷമങ്ങൾ, പലവിധത്തിലുള്ള രോഗങ്ങൾ, ജീവന് ഭയം, കുടുംബത്തെയും കളത്ര പുത്രാദി സ്വജനങ്ങളെയും അകന്ന് കഴിയേണ്ട സാഹചര്യം എന്നിവയാണ് ഏഴര ശനി കാലത്തെ പൊതു ഫലങ്ങൾ. ഇതിൽ മകരക്കൂറുകാർക്ക് 2021 ഏപ്രിൽ 6 ന് നടക്കുന്ന വ്യാഴമാറ്റം കാരണം അടുത്ത 5 മാസം വലിയ കുഴപ്പമില്ലാതെ പോകും. കുംഭക്കുറുകാർക്ക് വ്യാഴമാറ്റം സമ്മിശ്ര ഫലമാണ് നൽകുക. എന്നാൽ ധനുക്കൂറുകാർ ശനിക്കും വ്യാഴത്തിനു ദോഷ പരിഹാരം ചെയ്യണം.

ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ നക്ഷത്രങ്ങളടങ്ങിയ തുലാക്കൂറ്, പുണർതം അവസാന കാൽ, പൂയം, ആയില്യം നക്ഷത്രങ്ങൾ ഉൾപ്പെട്ട കർക്കടകക്കൂറ്, അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ നക്ഷത്രങ്ങൾ അടങ്ങിയ മേടക്കൂറ് എന്നിവർക്ക് ഇപ്പോൾ കണ്ടക ശനിയാണ്. മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യമുക്കാൽ നക്ഷത്രക്കാർക്ക് അഷ്ടമ ശനിയാണ്.

കണ്ടക ശനി അനുഭവിക്കുന്ന പുണർതം അവസാന കാൽ, പൂയം, ആയില്യം നക്ഷത്രങ്ങൾ അടങ്ങിയ കർക്കടകക്കൂറുകാർക്ക് ദൂരദേശത്ത് കഴിയേണ്ടിവരും. ദുഷ്പേരുണ്ടാക്കുന്ന ബന്ധങ്ങളിൽ അകപ്പെടാം. എല്ലാമുണ്ടായാലും സുഖഹാനി നേരിടും. ഇവർക്ക് 2021 ഏപ്രിൽ 6 ന് നടക്കുന്ന വ്യാഴമാറ്റവും നല്ലതല്ല.

അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ നക്ഷത്രം അടങ്ങിയ മേടക്കൂറിന് കണ്ടകശനി ധനത്തിനും വിദ്യയ്ക്കും കീർത്തിയ്ക്കും നാശവും ചെറിയ രോഗങ്ങളും ഫലമാണ്. മേടക്കൂറിന് ഏപ്രിൽ 6 ന് നടക്കുന്ന വ്യാഴ മാറ്റം അനുകൂലമായതിനാൽ ദോഷദുരിതങ്ങൾ കുറയും.

ചിത്തിര അവസാന പകുതി, ചോതി, വിശാഖം, ആദ്യ മുക്കാൽ നക്ഷത്രങ്ങൾ അടങ്ങിയ തുലാക്കൂറുകാർക്ക് അന്യദേശവാസം, ക്ലേശങ്ങൾ, സ്വ ജന വിരഹം, കലഹം, കാര്യദോഷം ഇതെല്ലാമാണ് കണ്ടകശനി ഫലം. എങ്കിലും 2021 ഏപ്രിൽ 6 മുതൽ അഞ്ചു മാസക്കാലത്ത് വ്യാഴം സദ്ഫലങ്ങൾ നൽകുന്നതിനാൽ ദുരിതങ്ങൾ കുറയും.

അഷ്ടമശനി കാരണം മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ നക്ഷത്രക്കാർക്ക് രോഗം കൊണ്ടും മറ്റുമുള്ള വിഷമങ്ങളും പ്രയാസവും സ്വജനവിരഹവും ഫലമാണ്. മിഥുനക്കൂറിന് 2021 ഏപ്രിൽ 6 ന് നടക്കുന്ന വ്യാഴ മാറ്റം അനുകൂലമായതിനാൽ ദോഷദുരിതങ്ങൾ കുറയും.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847475559

Summary: Shani Dosha and it’s simple remedies

error: Content is protected !!