Monday, 25 Nov 2024
AstroG.in

ശനിദോഷങ്ങൾ അകറ്റാൻ മണ്ഡലം നോയമ്പ് നോറ്റ് അയ്യപ്പ ദർശനം

ജ്യോതിഷരത്നം വേണു മഹാദേവ്
ശനിദോഷ ദുരിതങ്ങളിൽ നിന്നുള്ള മോചനത്തിന് മികച്ച പരിഹാരമാണ് ശബരിമല മണ്ഡല – മകരവിളക്ക് കാല വ്രതവും ശ്രീധർമ്മശാസ്താ ദർശനവും. ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനിദശ, ശനിഅപഹാരം എന്നിവയെ ഈശ്വരവിശ്വാസികൾ വല്ലാതെ ഭയക്കുന്നു. ഗോചരാലും ജാതകത്തിലും ദു:സ്ഥാനങ്ങളിൽ നിൽക്കുന്ന ശനി പരമാവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്നതാണ് ഇതിന് കാരണം. ജന്മരാശിക്ക് പിന്നിലുള്ള രാശിയിൽ ശനി പ്രവേശിക്കുമ്പോൾ 7 വർഷവും 6 മാസവും ദൈർഘ്യമുള്ള ബുദ്ധിമുട്ടുകൾ ആരംഭിക്കും. ഇതാണ് ഏഴരശനി. കേന്ദ്ര സ്ഥാനങ്ങളായ 4, 7, 10 എന്നീ രാശികളിൽ ശനിഗ്രഹം വരുന്നതാണ് കണ്ടകശനി. അഷ്ടമത്തിൽ ശനി വരുന്നതാണ് അഷ്ടമശനി. ഇപ്പോൾ ഇപ്പറഞ്ഞ കണ്ടകശനി, അഷ്ടമശനി, ഏഴരാണ്ടശനി തുടങ്ങിയവയുടെ ദോഷമനുഭവിക്കുന്നവരായ ഇടവം, കർക്കടകം, ചിങ്ങം, വൃശ്ചികം, മകരം, കുംഭം, മീനം എന്നീ കൂറുകളിൽ ജനിച്ചവരും ശനിദശ, അപഹാരം ദോഷങ്ങൾ അനുഭവിക്കുന്നവരും ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ള സമയത്ത് ജനിച്ചവരും രോഗങ്ങൾ കാരണം ക്ലേശം അനുഭവിക്കുന്നവരും വിവാഹ തടസം മൂലം വിഷമം അനുഭവിക്കുന്നവരും എന്ത് കാര്യത്തിന് ഇറങ്ങിയാലും നിരന്തരമായി കാര്യതടസം നേരിടുന്നവരുമാണ് ഇപ്പോൾ സ്വാമി അയ്യപ്പഭജനം നടത്തി ദോഷങ്ങൾ അകറ്റേണ്ടത്.

നക്ഷത്ര പ്രകാരം പറഞ്ഞാൽ കാർത്തിക 3/4, രോഹിണി, മകയിരം, പുണർതം അവസാനപാദം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, വിശാഖം, അനിഴം, തൃക്കേട്ട, ഉത്രാടം 3/4, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി എന്നിവരാണ് ഇപ്പോൾ ഗോചരാൽ കടുത്ത ശനി ദോഷം അനുഭവിക്കുന്നവർ. ഇവർ ശബരിമല ദർശനം നടത്തി പ്രാർത്ഥിച്ചാൽ ശനി ദോഷവും സർവ്വദു:ഖങ്ങളും അകന്ന് മന:ശാന്തി, സുഖസമൃദ്ധി എന്നിവ ലഭിക്കും. ശനിക്ക് സ്വാധീനം വർദ്ധിക്കുന്ന ശനിയാഴ്ചകളിൽ അയ്യപ്പന് നീരാജനം സമർപ്പിക്കുകയാണ് ശനിദോഷങ്ങൾ പരിഹരിക്കാൻ മറ്റൊരു മാർഗ്ഗം. ധർമ്മ ശാസ്താവിന് എള്ളുപായസം സമർപ്പിക്കുക, നെയ് വിളക്ക് കത്തിക്കുക എന്നിവയും ഉത്തമ പരിഹാരമാണ്.

കലിയുഗത്തിൽ എല്ലാ ദൈവങ്ങളിലും ശ്രേഷ്ഠൻ അയ്യപ്പനാണെന്ന് ഒരു പ്രമാണമുണ്ട്. ഇതിനു കാരണം ഭഗവാൻ കലിയുഗ വരദനാണ് എന്നതും അയ്യപ്പന് വേഷം, ജാതി, മതം എന്നിവയിൽ വ്യത്യാസമില്ല എന്നതുമാണ് ഏതു മതവിശ്വാസികൾക്കും അയ്യപ്പക്ഷേത്രത്തിൽ പോകാം. ഇവിടെ തൊട്ടുകൂടായ്മയുമില്ല. പക്ഷേ ശബരിമലദർശനത്തിനുള്ള ആചാരാനുഷ്ഠനങ്ങൾ വളരെ കർക്കശമാണ്. മലയ്ക്ക് പോകുന്നു എന്ന തീരുമാനത്തിൽ വ്രതമെടുത്ത് മാലയിട്ടാൽ അയാൾ ഭഗവാൻ അയ്യപ്പന് തുല്യനാകും. എല്ലാവരും അയാളെ സ്വാമി എന്നു വിളിക്കുകയും ചെയ്യും. ദൈവവുമായി കൂടുതൽ അറ്റുത്തിരിക്കുന്നു എന്ന തോന്നൽ അയാളിലും ഉണ്ടാകും. മലയ്ക്ക് പോകുവാൻ വ്രതം ആരംഭിച്ചു കഴിഞ്ഞാൽ ദർശനം കഴിയും വരെ ആചാരാനുഷ്ഠാനം കർക്കശമായി പാലിക്കണം. മാംസാഹാരം, മദ്യം എന്നിവ വർജ്ജിക്കണം. രാവിലെ തണുത്ത വെള്ളത്തിൽ കുളിക്കണം. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ഈ സമയത്ത് വ്രതനിഷ്ഠയോടെയും കഴിയുവാൻ സാധിക്കുന്നത് മഹാപുണ്യമാണ്. ഈ സമയത്ത് ശാസ്താ പ്രീതികരമായ വഴിപാട് നടത്തുന്നതും ശബരിമല അയ്യപ്പവിഗ്രഹത്തിലെ അഭിഷേക ദർശനവും ശനിദോഷമകലാൻ ഉത്തമമാണ്. കുടുംബസുഖം, രോഗശമനം, മന:സുഖം, ബന്ധു ഗുണം, പാപമോചനം, ഐശ്വര്യം തുടങ്ങി എല്ലാ അഭീഷ്ടങ്ങളും കൈവരിക്കാൻ ഈ അനുഷ്ഠാനങ്ങൾ ഉപകരിക്കും. അയ്യപ്പന്റെ മൂലമന്ത്രം നിത്യേന പരമാവധി തവണ ജപിക്കണം. ശാസ്തൃ ഗായന്ത്രി എന്നും രാവിലെയും വൈകിട്ടും 36 തവണ വീതം ജപിക്കണം. ശനിയാഴ്ചകളിൽ സൂര്യോദയം കഴിഞ്ഞ് ഒരു മണിക്കൂറിനകമുള്ള ശനി ഹോര സമയത്ത് ശനീശ്വര സ്തോത്രം ജപിക്കണം. ഭക്തി വിശ്വാസപൂർവം ഇതെല്ലാം അനുഷ്ഠിച്ചാൽ കടുത്ത ശനിദോഷങ്ങൾ മാറിക്കിട്ടും. സ്വാമിയേ ശരണമയ്യപ്പാ.

മൂലമന്ത്രം
ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ

ശനി സ്തോത്രം
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

ശാസ്തൃ ഗായത്രി
ഓം ഭൂതനാഥായ വിദ്മഹേ
ഭവപുത്രായ ധീമഹേ
തന്ന: ശാസ്താ പ്രചോദയാത്

ജ്യോതിഷരത്നം വേണു മഹാദേവ്, +91 89217 09017

Story Summary: Who is facing Shani dosha now Remadies to remove Shani dosha

error: Content is protected !!