ശനിദോഷ കാലത്ത് ഈ നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട കാര്യങ്ങൾ
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഏഴര ശനി, അഷ്ടമശനി, കണ്ടകശനി, ശനിദശ, ശനി അപഹാരം തുടങ്ങിയ ശനിഗ്രഹദോഷങ്ങൾക്കുള്ള ഉത്തമമായ പരിഹാരമാണ് ശനിയാഴ്ച വ്രതാചരണം. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം, തിരുവാതിര, ചോതി, ചതയം നക്ഷത്രത്തിൽ ജനിച്ചവർ, ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവരും ദോഷകാലത്ത് മുഴുവനും ശനിയാഴ്ച വ്രതം നോൽക്കുന്നത് നല്ലതാണ്. ശനിയാഴ്ച വ്രതത്തിന്റെ അനുഷ്ഠാനക്രമം :
വെള്ളിയാഴ്ച പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ച ശേഷം ക്ഷേത്രദർശനം നടത്തുന്നതോടെ വ്രതം ആരംഭിക്കും. തലേദിവസം മുതൽ ബ്രഹ്മചര്യം നിർബന്ധമാണ്. അന്ന് ഒരിക്കലൂണ്, ലളിതമായ സസ്യാഹാരം എന്നിവ പാലിക്കണം. ശനിയാഴ്ച പുലർച്ചെ പ്രഭാതകൃത്യ ശേഷം കുളിച്ച് ശുദ്ധമാകണം.കഴിയുമെങ്കിൽ കുറുന്തോട്ടി, കാരെള്ള്, അഞ്ജനക്കല്ല്, ശതാവരി, മുത്തങ്ങ, ജാതിക്ക, പാച്ചോറ്റിത്തൊലി, ശതകുപ്പ, ത്രികോല്പനക്കൊന്ന എന്നിവ ഇട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഔഷധ സ്നാനം നടത്തുക. സ്‌നാന വേളയിൽ ക്ഷൗരം, സോപ്പ്, എണ്ണ, സുഗന്ധദ്രവ്യങ്ങൾ എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. ജന്മനക്ഷത്രം, പൂയം, അനിഴം, ഉത്തൃട്ടാതി ദിവസങ്ങളും ശനീശ്വര പ്രീതിക്ക് ഔഷധ സ്നാനം നടത്താൻ ഉത്തമമാണ്. ശനിപ്രീതിക്ക് കറുപ്പ് അല്ലെങ്കിൽ കടുംനീല വസ്ത്രം ധരിക്കുക. ശ്രീധർമ്മ ശാസ്താവിന്റെയോ പരമശിവന്റെയോ ക്ഷേത്രത്തിൽ ദർശനം നടത്തുക. 21 നമസ്‌കാരവും അരയാൽ പ്രദക്ഷിണവും യഥാവിധി ചെയ്യുക. നീരാജനം, എള്ള് പായസം, നെയ്പായസം, നെയ് വിളക്ക് ഇവയിൽ കഴിവിനൊത്ത വഴിപാട് നടത്തി പ്രാർത്ഥിക്കുക. ശേഷം വീട്ടിലെത്തി ശിവഭജനം, ശാസ്തൃ ഭജനം, ഗണപതി ഭജനം, ഹനുമദ് ഭജനം തുടങ്ങിയവ നടത്തുക. ശാസ്തൃ മന്ത്രങ്ങൾ, സ്തോത്രങ്ങൾ, ശിവമന്ത്രങ്ങൾ, കീർത്തനങ്ങൾ, ഹനുമദ് പ്രീതികരമായ മന്ത്രങ്ങൾ എന്നിവ ജപത്തിന് ഉത്തമമാണ്. ഉപവാസവ്രതമായി അനുഷ്ഠിക്കുവാൻ സാധിക്കാത്തവർ അല്പം എള്ള് ചേർത്ത് പച്ചരി വറ്റിച്ച് ഒരു നേരം കഴിക്കുക. മിച്ചം വരുന്ന അന്നം എള്ളും മധുരവും കലർത്തി കാക്കയ്ക്ക് നൽകുക. പകൽ ഉറങ്ങരുത്. കീർത്തനജപാദികൾക്ക് കഴിയുന്നത്രയും സമയം വിനിയോഗിക്കണം. സന്ധ്യക്ക് ശേഷവും കുളിച്ച് ശുഭവസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തണം. തിരിച്ചു വീട്ടിലെത്തി പ്രാർത്ഥന നടത്തുക. രാത്രിയിൽ ശനീശ്വരന്റെ സ്വാധീനം ഭൂമിയിൽ ഏറെ ആയതിനാൽ രാത്രി ഉപവാസം ഗുണകരം. അന്ന് ഒരു കറുത്ത തുണിയിൽ പുറംതോട് കളയാത്ത കറുത്ത ഉഴുന്ന് കിഴികെട്ടി തലയ്ക്ക് കീഴിൽ സൂക്ഷിക്കുക. അടുത്ത പ്രഭാതത്തിൽ പ്രാഥമിക കൃത്യങ്ങളും കുളിയും ക്ഷേത്രദർശനവും നടത്തി തുളസീതീർത്ഥവും കഴിച്ച് വ്രതം തീർക്കാം. ഇത്തരത്തിൽ 21 ആഴ്ച തുടർച്ചയായി വ്രതമനുഷ്ഠിക്കുക. സ്ത്രീകൾ അശുദ്ധിയുള്ളപ്പോൾ വ്രതം നോൽക്കാൻ പാടില്ല. ശുദ്ധമായശേഷം വ്രതം
തുടർന്ന് നിശ്ചിത തവണ പൂർത്തിയാക്കണം. അന്നദാനം, എള്ള്ദാനം, അനാഥ കുട്ടികൾക്ക് എണ്ണയും മധുരവും നൽകുക എന്നിവയും വ്രത ഭാഗമാണ്. ഈ 21 ആഴ്ച തലയണക്കീഴിൽ സൂക്ഷിക്കുന്ന ഉഴുന്ന് 21 ആഴ്ച വ്രതം പൂർത്തിയാക്കിയ ശേഷം മധുരം ചേർത്ത് വേവിച്ച് കാക്കയ്ക്ക് കൊടുക്കുക.
വ്രതദിവസം ജപിക്കേണ്ട ശനീശ്വര മന്ത്രങ്ങൾ :
മൂല മന്ത്രം
ഓം ശനൈശ്ചരായ നമഃ
ശനി ഗായത്രി
ഓം സൂര്യപുത്രായ വിദ്ഹേ
ശനൈശ്ചരായ ധീമഹി
തന്നോ മന്ദ: പ്രചോദയാത്
നമസ്കാര മന്ത്രം
നീലാഞ്ജന സമാഭാസം രവി പുത്രം യാമാഗ്രജം ഛായാ
മാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം
പ്രാർത്ഥനാ മന്ത്രം
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ :
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി:
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559
Summary: Predictions: Significance and Rituals of Shaniyazhcha Vritham