ശനിദോഷ ദുരിതം പെട്ടെന്ന് അകറ്റാൻ
ഈ ശനിയാഴ്ചത്തെ അമാവാസി
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
അമാവാസി തിഥിയും ശനിയാഴ്ചയും ഒന്നിച്ചു വരുന്ന വിശേഷ ദിവസമാണ് ശനി അമാവാസി. നീതിയുടെ ദേവനായ ശനീശ്വരനെ പ്രീതിപ്പെടുത്താൻ ലഭിക്കുന്ന ഒരു അസുലഭാവസരമായാണ് ശനി അമാവാസിയെ കണക്കാക്കുന്നത്. അപൂർവമായാണ് ഇത്തരത്തിൽ അമാവാസി തിഥിയും ശനിയാഴ്ചയും ഒന്നിച്ചു വരുക. ഈ വർഷത്തെ ആദ്യ ശനി അമാവാസി 2023 ജനുവരി 21 നാണ്.
ശനിദോഷ മുക്തിക്ക് ഏറ്റവും ഉത്തമമായ ഈ ദിവസം ശനിപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിച്ചാൽ പെട്ടെന്ന് ദുരിത ദോഷങ്ങൾ അകലും. അപ്രതീക്ഷിത സൗഭാഗ്യം, ഐശ്വര്യം, സന്തോഷം തുടങ്ങിയ ജീവിതത്തിൽ നിറയും. ഇത് അനേകം അനേകം ആളുകളുടെ അനുഭവമാണ്.
ശനിദോഷം മാത്രമല്ല പിതൃ ദോഷം, കാള സർപ്പദോഷം എന്നിവയും ശനി അമാവാസി നാൾ ശാസ്താവിനെയോ, അയ്യപ്പനെയോ, ശനീശ്വരനെയോ ഭജിച്ചാൽ ശമിക്കും. എള്ളെണ്ണ വിളക്ക് കത്തിക്കുക, നീരാജനം നടത്തുക, ശാസ്താ, അയ്യപ്പ ക്ഷേത്രത്തിൽ എള്ളുപായസം കഴിക്കുക, ശാസ്താ, ശനീശ്വര മന്ത്രങ്ങൾ ജപിക്കുക ഇതെല്ലാമാണ് ശനി ദോഷങ്ങൾ അകറ്റുന്നതിന് പറ്റിയ കർമ്മങ്ങൾ.
അമാവാസി പൊതുവെ ആരും ശുഭകാര്യങ്ങൾക്ക് തിരഞ്ഞെടുക്കാറില്ല. എല്ലാവരും വളരെ ദോഷങ്ങൾ നിറഞ്ഞ ദിനമായാണ് അമാവാസിയെ കണക്കാക്കുന്നു. എന്നാൽ പിതൃപ്രീതികരമായ കർമ്മങ്ങൾക്ക് അത്യുത്തമ ദിനമാണ് അമാവാസി. ഉപാസനാപരമായും ഈ ദിവസം ശ്രേഷ്ഠമാണ്. അതിവേഗമുള്ള ഫലസിദ്ധിയാണ് അമാവാസി നാളിലെ ഉപാസനകൾക്ക്. സര്‍വ്വദേവതാ പ്രാര്‍ത്ഥനകളും ഈ ദിവസം ചെയ്യാം. ഉപാസനാപരമായി അമാവാസിയും കറുത്തപക്ഷവും വളരെ വേഗം ഫലം നല്കുന്നു. വെളുത്ത പക്ഷം ദേവീപ്രീതിക്കും കറുത്ത പക്ഷം ശിവപ്രീതിക്കും ഗുണകരമായി വിശ്വസിക്കുന്നു.
ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്ത പക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. അഘോര ശിവൻ, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, രക്തേശ്വരി, രക്തചാമുണ്ഡീ, ഹനുമാന്‍ സ്വാമി, ബഹളാമുഖി, ശനി, നാഗങ്ങള്‍ തുടങ്ങിയ മൂര്‍ത്തികളെ ഉപാസിക്കുന്നതിന് അമാവാസി നല്ലതാണ്.
ശനി അമാവാസി വ്രതമെടുക്കുന്നവർ ഉച്ചയ്ക്ക് മാത്രം അരിയാഹാരം കഴിക്കണം. രാവിലെയും വെെകിട്ടും പഴങ്ങളും മറ്റുമായി മിതാഹാരം മാത്രം ഭക്ഷിക്കുക. 18 അമാവാസി വ്രതം സ്വീകരിച്ചാൽ പൂർവികരുടെ തലമുറ മുഴുവൻ ദുരിത മോചിതരാകും. അന്നദാനം, വസ്ത്രദാനം, എള്ളെണ്ണ ദാനം തുടങ്ങിയ കാര്യങ്ങൾക്ക് ഉത്തമമാണ് ഈ ദിവസം. അമാവാസി ദിവസം വിഷ്ണുക്ഷേത്രത്തിൽ പിതൃക്കളെ സങ്കല്പിച്ച് വെള്ളച്ചോറ്, പാൽപ്പായസം, ശിവക്ഷേത്രത്തിൽ പിതൃപൂജ തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും പരേതാത്മാക്കൾക്ക് സ്വന്തം വീട്ടിൽ തന്നെ പാൽപ്പായസം സമർപ്പിക്കുന്നതും പിതൃപ്രീതിക്ക് ഉപകരിക്കും. അമാവാസിയില്‍ ക്ഷിപ്രകാര്യസിദ്ധിക്ക് ജപിക്കാൻ ഉത്തമമായ ചില മന്ത്രങ്ങളുണ്ട് :
ഭദ്രകാളി മന്ത്രം
ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മന്ത്രം വെളുത്തവാവിന്റെ പിറ്റേന്ന് തുടങ്ങി കറുത്ത വാവുവരെ എന്നും 108 പ്രാവശ്യം ജപിക്കുക. ഇങ്ങനെ അഞ്ചു മാസം കൃത്യമായി ചെയ്താല്‍കാര്യസിദ്ധിയുണ്ടാകും.
അഘോര മന്ത്രം
ഭയം മാറുന്നതിനും, ധൈര്യത്തിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന് 336 വീതം കറുത്തപക്ഷത്തിലെ മൂന്നുമാസം മുഴുവനും രണ്ട് നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം.
പിതൃമന്ത്രം
പിതൃപ്രീതിക്ക് ഓം പിതൃഭ്യോനമഃ എന്നും 108 വീതം നിത്യേന ചൊല്ലാം. നിത്യവും പറ്റാത്തവര്‍ക്ക് അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥനകള്‍ക്ക് നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല. അച്ഛനോ അമ്മയോ മരിച്ചവർ മാത്രമല്ല ബലിയും, മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നര്‍ക്കും അമാവാസിയിൽ ബലിയും, തര്‍പ്പണവും ചെയ്യാം. മുത്തശ്ശനും, മുത്തശ്ശിക്കും വേണ്ടിയോ അതിനുമുമ്പേയുള്ളവര്‍ക്ക് വേണ്ടിയോ ചെയ്യാം. ഏതൊരു ബന്ധുവിനു വേണ്ടിയും ചെയ്യാം. ഇതൊന്നുമല്ലാതെ എല്ലാ പൂര്‍വികര്‍ക്ക് വേണ്ടിയും ചെയ്യാം.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 9847575559
Story Summary: Significance of Shani Amavasya Upasana