Saturday, 23 Nov 2024
AstroG.in

ശനിദോഷ ദുരിതങ്ങളിൽ നിന്ന് അതിവേഗം മോചനത്തിന് ഇതാ 2 ശനിയാഴ്ചകൾ

മംഗള ഗൗരി

ശനിദോഷ ദുരിതങ്ങളിൽ നിന്ന് അതിവേഗം മോചനം നേടാൻ 2021 സെപ്തംബർ 4, 18 തീയതികളിൽ ശനി ത്രയോദശി ആചരിക്കുന്നത് ഉത്തമമാണ്. ചിങ്ങം, കന്നി മാസങ്ങളിലെ കറുത്തപക്ഷ ത്രയോദശിയും വെളുത്ത പക്ഷ ത്രയോദശിയും വരുന്നത് ശനിയാഴ്ചകളിലാണ്. ഈ ദിവസങ്ങളിൽ ശനി ഭഗവാനെ ദർശിച്ച് വഴിപാടുകൾ നടത്തുന്നത് മന:ശാന്തിയും ഐശ്വര്യവും സമ്മാനിക്കും. ജീവിതത്തിൽ നിന്ന് എല്ലാത്തരം ഭീഷണികളും അപകടങ്ങളും ഒഴിഞ്ഞു പോകുന്നതിനും ശുഭചിന്തകൾ വളർത്തുന്നതിനും ശനിയാഴ്ച ത്രയോദശി തിഥിയിലെ ശനിപൂജ ശ്രേഷ്ഠമാണ്. ഏഴരശനി, കണ്ടകശനി, അഷ്ടമ ശനി, ശനിദശ തുടങ്ങിയവയാൽ വിഷമിക്കുന്നവർക്ക് ഈ ദിവസത്തെ ശനി പൂജ വലിയ ആശ്വാസം നൽകും. നീരാജനം, എള്ളുപായസം, അർച്ചന, അഭിഷേകം എന്നിവയാണ് ഈ ദിവസം ശനി ഭഗവാന് നടത്തുന്ന പ്രധാന വഴിപാടുകൾ. ശിവപാർവതി പ്രീതിക്ക് ഏറ്റവും ഉത്തമമായ ശനി പ്രദോഷ വ്രതവും ഈ ദിവസമാണ്. ക്ഷേത്രങ്ങളിൽ നവഗ്രഹ സന്നിധിയിൽ ഈ വഴിപാടുകൾ നടത്താം.

ഏഴരശനിയുടെ ദുരിതങ്ങൾ
ഒരാളുടെ ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്ന രാശിയിലും ആ രാശിയുടെ പന്ത്രണ്ടിലും അതിന്റെ രണ്ടാം രാശിയിലും ശനി സഞ്ചരിക്കുന്ന കാലത്തെയാണ് ഏഴരശനി എന്നു പറയുന്നത്. ഓരോ രാശിയിലും രണ്ടരവർഷം വീതം മൂന്നു രാശിയിലും കൂടി ഏഴരവർഷം ആകെ നിൽക്കുന്നു. അതിനാൽ ഏഴരശനി എന്ന് പറയുന്നു. ഈ സമയമാണ് ജീവിതത്തിൽ പരമാവധി കഷ്ടതകൾ ഉണ്ടാകുക. ഏഴരവർഷത്തിനുള്ളിൽ ശനി പന്ത്രണ്ടിൽ നിൽക്കുന്ന ആദ്യ രണ്ടരവർഷം ജാതകന് മനസിന് അസ്വസ്ഥത, സ്ഥാനചലനം, രോഗം, പണച്ചെലവ്, എന്നിവയുണ്ടാകും. ചന്ദ്രൻ നിൽക്കുന്ന രാശിയിൽ ശനി സഞ്ചരിച്ചാൽ ശരീരം ക്ഷീണിക്കും. കളത്രത്തെ രോഗദുരിതങ്ങൾ ബാധിക്കും. ഒരു കാര്യവും ശരിയായി പോകില്ല. രണ്ടിൽ ശനി നിന്നാൽ കാരണം കൂടാതെ കലഹിക്കും. ധനനാശവും പരാജയവും ഉണ്ടാകും. ജാതകം നോക്കുമ്പോൾ ഏഴരാണ്ട് ശനി കൂടി പരിശോധിച്ചാണ് ഫലം പറയുന്നത്. ജാതകത്തിലെ ഗ്രഹനിലയും ദശയും അനുസരിച്ച് ഭാഗ്യകാലം ആണെങ്കിൽ കൂടി ഏഴരാണ്ട് ശനി കൂടെയുണ്ടെങ്കിൽ ഭാഗ്യാനുഭവത്തോടൊപ്പം ഏഴരശനി ദുരനുഭവങ്ങൾ കൂടി ജാതകന് അനുഭവിക്കേണ്ടി വരും. ഒരാൾക്ക് ജീവിതത്തിൽ സാധാരണ മൂന്നുതവണ ഏഴരശനി ഫലം അനുഭവിക്കേണ്ടി വരും. ആദ്യത്തെ ഏഴരശനി വളരെയധികം കഷ്ടതകളുണ്ടാക്കും. രണ്ടാമത്തെ ശനി അയാൾക്കു വലിയ ദോഷഫലങ്ങളുണ്ടാക്കില്ല. മൂന്നാം ഏഴരശനി കാലത്ത് ജീവഹാനി ഉൾപ്പെടെ ഉണ്ടാകാം. ഈ കാലത്ത് മരണം സംഭവിക്കുക സാധാരണമാണ്. മൂന്നാം ഏഴരശനി അതിജീവിക്കുന്നവർ അപൂർവ്വമാണ്.

കണ്ടകശനിയിൽ വീടുമാറ്റം
കണ്ടകശനിയാണ് മറ്റൊരു ദുരിതകാലം. ദു:ഖം, രോഗം, വ്യവഹാരം, മാനഹാനി, ധനനഷ്ടം, ദേശം വിട്ടുപോകൽ, ദാരിദ്ര്യം, ശരീരസുഖം നഷ്ടമാകുക, വീടുമാറി താമസിക്കേണ്ടി വരുക തുടങ്ങിയവ കണ്ടകശനിയുടെ ദുരിതങ്ങളാണ്. 4, 7, 10 ഭാവത്തിൽ ശനി സഞ്ചരിക്കുന്ന കാലമാണ് കണ്ടക ശനി. ഈ രാശികളിലാണ് ശനി നിൽക്കുന്നതെങ്കിൽ രോഗം മൂലം ദു:ഖമുണ്ടാകുന്നു. നാലാം ഭാവത്തിലാണ് നിൽക്കുന്നതെങ്കിൽ സ്ത്രീ സുഖ നഷ്ടം, ഏഴിലാണെങ്കിൽ വിദേശയാത്ര, പത്തിൽ എങ്കിൽ ദാരിദ്ര്യവുമാണ് ഫലം. ഏഴാംഭാവം ചരരാശി എങ്കിൽ അന്യദേശവാസം ഉറപ്പ്. പത്തിലെ കണ്ടകശനി ഔദ്യോഗിക സ്ഥാനചലനമോ തരംതാഴ്ത്തലോ ഉണ്ടാക്കും. എട്ടിൽ ശനി നിൽക്കുന്ന അഷ്ടമശനി കാലത്ത് രോഗ ദുരിതവും കലഹവും കാര്യതടസവും വർദ്ധിക്കും.

മംഗള ഗൗരി

Story summary: Significance of Shani Trayodashi

error: Content is protected !!