ശനിയുടെ മുന്നിൽ തലകുനിക്കരുത്; തലയുയർത്തി നേരിടാൻ മന്ത്രങ്ങൾ
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി,
എല്ലാവരും ഭയക്കുന്ന ദേവതയാണ് ശനീശ്വരൻ. നവഗ്രഹങ്ങളിൽ ഈശ്വരപദമുള്ള ഒരേ ഒരു ഗ്രഹവും ശനിയാണ്. ആർക്കും തന്നെ ശനിദോഷങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ പറ്റില്ല. സാക്ഷാൽ മഹാദേവനെപ്പോലും ശനി പിടികൂടിയ കഥ പുരാണങ്ങളിലുണ്ട്.
ക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോൾ അവിടെ നവഗ്രഹ മണ്ഡപങ്ങളിലുള്ള ശനീശ്വര പ്രതിഷ്ഠയ്ക്ക് മുന്നിൽ തലകുനിക്കരുത് എന്നൊരു ചൊല്ലുണ്ട്. അങ്ങനെ ചെയ്താൽ ശനി തലയിൽ കയറുമെന്നാണ് വിശ്വാസം. എന്തെന്നാൽ ദുരിതങ്ങൾ വരുമ്പോൾ തലയുയർത്തി നേരിടണം എന്നാണർത്ഥം. അപ്പോൾ വിജയത്തിലേക്ക് കുതിക്കാം.
ഒരു വ്യക്തിയുടെ ജന്മക്കൂറിൻ്റെ നാല് – ഏഴ് – പത്ത് – ഭാവങ്ങളിൽ ശനി സഞ്ചരിക്കുന്ന കാലത്തെ കണ്ടകശ്ശനി എന്ന് പറയുന്നു. അതനുസരിച്ച് ഇപ്പോൾ തുലാം (4), കർക്കടകം (7), മേടം (10) കൂറുകാർക്ക് കണ്ടക ശനിയാണ്.
ശനി നാലിൽ സഞ്ചരിക്കുന്ന കാലത്ത് കുടുംബ കലഹം, അംഗങ്ങൾക്ക് ദുരിതം, ബന്ധുക്കൾക്ക് ദോഷം, അന്യദേശ ഗമനം എന്നിവ ഫലമാണ്.
ശനി പത്തിലായാൽ കാര്യതടസ്സം, അധ:പതനം എന്നിവയും ഏഴിൽ വന്നാൽ മന: ക്ലേശം, അപവാദം, ധനനാശം ഇവയും ഫലങ്ങളായി ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. ശനി എട്ടിൽ വരുന്ന കാലം അഷ്ടമ ശനിയാണ്. ഇതിന്റെ ഫലം രോഗാരിഷ്ടത, ശത്രു വർദ്ധന തുടങ്ങിയവയാണ്. മിഥുനക്കുറുകാർക്കാണ്
ഇപ്പോൾ അഷ്ടമശനി.
ഗ്രഹനിലയിൽ ചന്ദ്രൻ നിൽക്കുന്ന രാശിയിൽ ശനി വരുന്നതിനെ ജന്മശനി എന്ന് പറയുന്നു. ആ രാശിയിലും അതിന്റെ മുന്നിലും പിന്നിലും – രണ്ടിലും പന്ത്രണ്ടിലും വരുന്ന ശനിദോഷ കാലമാണ് ഏഴരശനി. അതായത് ശനി തുടർച്ചയായി പന്ത്രണ്ടിലും ഒന്നിലും
രണ്ടിലുമായി സഞ്ചരിക്കുന്നതിനെയാണ് ഏഴരശനി എന്ന് പറയുന്നത്. ശനി ഒരു രാശിയിൽ രണ്ടര വർഷമാണ് നിൽക്കുന്നത്. ഇങ്ങനെ മൂന്ന് രാശികളിൽ ഏഴര വർഷം. ഈ കാലയളവിൽ നിന്നാണ് ഏഴരശനി എന്ന പേരുണ്ടായത്. അപമാനം, വിരഹം, കാര്യവിഘ്നം, ധനനഷ്ടം, മാനഹാനി, നിരാശ ഇവയാണ് ഏഴരശനി സമയത്തെ ഫലങ്ങൾ.
ദുരിതങ്ങൾ മാത്രമല്ല ചില സത്ഫലങ്ങളും ശനി പ്രദാനം ചെയ്യും. വിവാഹം, ഗൃഹനിർമ്മാണം എന്നിവ ശനിയുടെ അനുഗ്രഹത്താൽ സാധ്യമാണ്.
കണ്ടകശനി, ജന്മശനി, അഷ്ടമശനി, ശനിദശ തുടങ്ങി പല വിധത്തിലുള്ള ശനിദോഷങ്ങൾ മാറുന്നതിന് ഭക്തർ ശാസ്താവ്, ഹനുമാൻ, ശിവൻ, ശനിദേവൻ, വേട്ടയ്ക്കൊരു മകൻ തുടങ്ങിയ മൂർത്തികളുടെ ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടാണ് നീരാജനം എന്ന് പറയുന്നത്. ശനി ദോഷ പരിഹാരത്തിന് അനുഷ്ഠിക്കേണ്ട വഴിപാടുകളില്‍ ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണ് ഇത്. ശനിയാഴ്ചകള്‍ തോറുമോ ജന്മനക്ഷത്രം (പക്കപ്പിറന്നാള്‍) തോറുമോ നീരാജനം വഴിപാട് നടത്തുന്നത് വളരെ ഫലപ്രദമാണ്. നാളികേരം രണ്ടായി ഉടച്ച് വെള്ളം കളഞ്ഞ് അതില്‍ നല്ലെണ്ണ ഒഴിച്ച് എള്ള്കിഴി ഇട്ട് കത്തിക്കുന്നതാണ് നീരാജനം. ഇത് കത്തിക്കുന്ന സമയത്ത് ശനീശ്വര സ്തോത്രം ജപിക്കുന്നത് അത്യുത്തമമാണ്.
ശനീശ്വരസ്തോത്രം
നീലാഞ്ജന സമപ്രഭാം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡ സംഭൂതം
തം നാമാമി ശനീശ്വരം
പലവിധത്തിലുള്ള ദുരിതങ്ങളെ നാം നാളികേര മുറിയിലൂടെ പ്രതിനിധീകരിക്കുന്നു. തേങ്ങാ ഉടയ്ക്കുന്നതിന്റെയും നെയ്യ് തേങ്ങയുടെയുമൊക്കെ പ്രാധാന്യം എടുത്ത് പറയേണ്ടതില്ലല്ലോ. ശനി ദോഷ പരിഹാരത്തിന് പ്രാധാന്യമുള്ള ധാന്യം എള്ള് ആണ്.
അപ്പോൾ ഈ എള്ള് തുണിയിൽ കെട്ടി കിഴിയാക്കി ശനിയുടെ ബലമുള്ള നല്ലെണ്ണയൊഴിച്ച് കത്തിച്ച് ശാസ്താവിന്റെ, ഹനുമാൻ്റെ, ശിവന്റെ അല്ലെങ്കിൽ ശനിയുടെ സന്നിധിയിൽ ശനി ദോഷപരിഹാരത്തിന് പ്രാർത്ഥിക്കുകയാണ് നീരാജനം തെളിക്കുന്നതിലൂടെ ചെയ്യുന്നത്. ഇതിൽ വെളിച്ചെണ്ണ, നെയ്യ് എന്നിവ ഉപയോഗിക്കാൻ പാടില്ല. കാരണം ശനി ബന്ധമുള്ള ഇരുമ്പ് അഥവാ അയണിന്റെ അംശമുള്ള വസ്തുക്കളാണ് ശനിയുടെ പൂജയുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ടത് അങ്ങനെ ചിന്തിക്കുമ്പോൾ ദീപം കത്തിക്കുവാൻ ഉപയോഗിക്കുന്ന എണ്ണകളിൽ എള്ളെണ്ണ, വെളിച്ചെണ്ണ, നെയ് തുങ്ങിയവയിൽ എള്ളെണ്ണക്കാണ് പ്രാധാന്യം. നീരാജനം കത്തിക്കുമ്പോൾ അത് കത്തി തീരുന്നത് വരെ ശനിയുടെ മന്ത്രങ്ങൾ ജപിച്ചു പ്രാർത്ഥിക്കണം എന്നും ആചാര്യന്മാർ പറയുന്നു. ഒരോ ക്ഷേത്രത്തിലും നീരാഞ്ജനം നടത്തുമ്പോൾ നിരന്തരം ജപിക്കേണ്ട മന്ത്രങ്ങൾ ഇവയാണ്:
ശാസ്താവ്
ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ
ശാസ്തൃ ഗായത്രി
ഓം ഭൂതനാഥായ വിദ്മഹേ
ഭവപുത്രായ ധീമഹി
തന്നോ ശാസ്താ പ്രചോദയാത്
ഹനുമാൻ
ഓം ഹം ഹനുമതേ നമ:
ഹനുമാൻ ഗായത്രി
ഓം ആഞ്ജനേയായ വിദ്മഹേ
വായുപുത്രായ ധീമഹി
തന്നോ ഹനുമദ് പ്രചോദയാത്
ഗണപതി
ഓം ഗം ഗണപതയേ നമ:
ഗണപതി ഗായത്രി
ഓം ഏക ദന്തായ വിദ്മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തി: പ്രചോദയാത്
ശിവൻ
ഓം നമഃ ശിവായ
ശിവഗായത്രി
ഓം മഹാദേവായ വിദ് മഹേ
രൂദ്ര മൂര്‍ത്തിയേ ധീമഹി
തന്നോ ശിവ പ്രചോദയാത്
വേട്ടക്കൊരുമകന്റെ മന്ത്രങ്ങൾ വളരെ ഗോപ്യമാണ്. അതിനാൽ ഇവിടെ കുറിക്കുന്നില്ല. അവിടെ
ശിവന്റെയോ അയ്യപ്പൻ്റെയോ കീർത്തനങ്ങൾ
അല്ലെങ്കിൽ സ്തോത്രങ്ങൾ ജപിച്ചാൽ മതി.
മന്ത്രോപദേശത്തിനും സംശയ നിവാരണത്തിനും
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി,
+91 960 500 2047
(നാഗമ്പള്ളി സൂര്യഗായത്രിമഠം,
ഹനുമൽജ്യോതിഷാലയം
ഗൗരീശപട്ടം, തിരുവനന്തപുരം)