ശനിയെ തളയ്ക്കാൻ ഹനുമാൻ
ജ്യോതിഷത്തിലും ജാതകത്തിലും വിശ്വസിക്കുന്നവർക്ക് ശനിയുടെ നിഗ്രഹാനുഗ്രഹ ശക്തിയെക്കുറിച്ച് ഒരു ധാരണയുണ്ടാകും. ജ്യോതിഷത്തിൽ ഏറ്റവും ശക്തിയുള്ള ഗ്രഹമത്രേ ശനി. ജാതകത്തിൽ ശനി ബലമുള്ള അവസ്ഥയിലാണെങ്കിൽ നിങ്ങൾ ശക്തരും ധനികരും സന്തോഷമുള്ളവരും ആയിരിക്കും. എന്നാൽ ശനി വഴി മാറിയാലുടൻ ഇതെല്ലാം തകിടം മറിയും.
ജാതകത്തിലെ പ്രധാന ശനിദോഷങ്ങൾ ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിവയാണ്. ഗോചരാൽ അഥവാ ചന്ദ്രാൽ ശനി പന്ത്രണ്ട്, ഒന്ന്, രണ്ട് രാശികളിൽ വരുന്ന സമയമാണ് ഏഴര ശനി. ഒരു രാശി കടക്കുന്നതിന് ശനി രണ്ടര വർഷമാണ് എടുക്കുന്നത്. ഇപ്പോൾ, 2020 ജനുവരി 24 മുതൽ 2022 ഏപ്രിൽ 28 വരെ ശനി മകരം രാശിയിലാണ്. അതിനാൽ ധനു, മകരം, കുംഭം രാശികളിൽ പെട്ട മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ നക്ഷത്രങ്ങളിൽ പെട്ടവർ എഴരശനി ദോഷങ്ങൾ അനുഭവിക്കുകയാണ്. ജന്മ രാശിയിൽ ശനി നിൽക്കുന്ന ഉത്രാടം അവസാന മുക്കാൽ , തിരുവോണം, അവിട്ടം ആദ്യ പകുതി നക്ഷത്രങ്ങളിൽ ജനിച്ചവരായിരിക്കും ഇപ്പോൾ ഏറ്റവും ദുരിതം അനുഭവിക്കുക. നാല്, ഏഴ്, പത്ത് രാശികളിൽ ശനി നിൽക്കുന്ന തുലാം, കർക്കടകം, മേടം രാശികളിൽ (ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ, പുണർതം അവസാന കാൽ, പൂയം, ആയില്യം, അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ നക്ഷത്രങ്ങൾ) പിറന്നവർ ഇപ്പോൾ കണ്ടകശനിയുടെയും മിഥുനം രാശിക്കാർ (മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ ) അഷ്ടമശനിയുടെയും പിടിയിലാണ്. അഷ്ടമശനി കാലത്ത് മുതിർന്നവർ ഏറെ ശ്രദ്ധിക്കണം. രോഗങ്ങളും അനാരോഗ്യവും മരണതുല്യമായ ദുരിതങ്ങൾ സൃഷ്ടിക്കുന്ന സമയമാണിത്.
ശനിദോഷങ്ങൾ തീർക്കാൻ ഏറ്റവും നല്ല മാർഗം ഹനുമാൻ ഭജനമാണ്. ഏഴര ശനിയുടെയും കണ്ടക ശനിയുടെയും അഷ്ടമശനിയുടെയും ദോഷങ്ങളെല്ലാം ഹനുമാൻ സ്വാമി അകറ്റിത്തരും. ഹനുമാൻ ഭക്തരുടെ ഏഴയലത്തുപോലും ശനി അടുക്കില്ല. ഇക്കാര്യം ഹനുമാൻ സ്വാമി ശനിയെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുള്ളതാണ്. ആ ഐതിഹ്യം ഇങ്ങനെ: മനുഷ്യരെ മാത്രമല്ല ദൈവങ്ങളെയും ഉപദ്രവിക്കുന്നവനാണ് യമ പുത്രനായ ശനി. ഒരിക്കലെങ്കിലും ശനി ബാധിക്കാത്തവരായി ആരുമില്ല. സാക്ഷാല്‍ ശ്രീ പരമേശ്വരനെപ്പോലും ശനി വിഷമിപ്പിച്ചിട്ടുണ്ട്. താൻ ഗണപതിയെ പിടികൂടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ശനി ഒരിക്കൽ മനസ്സിലാക്കി. ഒരു വൃദ്ധ ബ്രാഹ്മണന്റെ വേഷത്തില്‍ ഗണപതിയുടെ അടുത്ത് ചെന്ന് ശനി പറഞ്ഞു: ഞാൻ ശനിദേവന്‍ ആണ്, അങ്ങയുടെ അനുഗ്രഹം വാങ്ങാൻ
വന്നതാണ്.
ഗണേശന് അപകടം മണത്തു. നാളെയാകട്ടെ എന്ന് ഗണപതി പറഞ്ഞു.
എനിക്ക് വിശ്വാസം പോര എന്ന് ശനിദേവൻ പറഞ്ഞപ്പോൾ ഗണപതി അങ്ങയുടെ കൈ കാണിക്കൂ, എഴുതിത്തരാം എന്നു പറഞ്ഞു. നീട്ടിക്കൊടുത്ത ശനിയുടെ കൈവെള്ളയില്‍ ഗണപതി തുമ്പിക്കൈകൊണ്ട് ‘നാളെ’ എന്നെഴുതി. തന്റെ കയ്യില്‍ നോക്കി ശനി വായിച്ചു: നാളെ.
അതെ, ഇന്ന് കുറച്ച് തിരക്കാണ്, നാളെ വന്നാല്‍ മതി അനുഗ്രഹിക്കാം എന്ന് ഗണേശന്‍ ശനിക്ക് ഒന്നുകൂടി ഉറപ്പു കൊടുത്തു. സന്തോഷത്തോടെ ശനിദേവന്‍ പോയി. പിറ്റെ ദിവസം വീണ്ടും സമീപിച്ചപ്പോൾ ഒന്നും മനസ്സിലാകാത്തതുപോലെ ഗണേശന്‍ ചോദിച്ചു: എന്തു വേണം?
ശനി തന്റെ ആവശ്യം ആവര്‍ത്തിച്ചു; കൈവെള്ളയിൽ എഴുതിക്കൊടുത്തത് കാണിച്ചു.
ശനി അത് വായിച്ചു: നാളെ.
ഗണേശനും ആവര്‍ത്തിച്ചു: നാളെ.
അപ്പോഴാണ് ശനിക്ക് കാര്യം മനസ്സിലായത്. പറ്റിക്കപ്പെട്ടതിന്റെ ദേഷ്യത്തിൽ ശനി തന്റെ കയ്യില്‍ ഗണപതി എഴുതിയ നാളെ മായ്ക്കാന്‍ ശ്രമിച്ചു. എത്ര പണിപ്പെട്ടിട്ടും അത് മാഞ്ഞില്ല. എഴുതിയത് സാക്ഷാല്‍ ഗണപതിയുടെ തുമ്പിക്കരം കൊണ്ടല്ലെ; പിന്നെഎങ്ങനെ മായും?
ദേഷ്യവും നിരാശയും കൊണ്ട് ബ്രാഹ്മണ രൂപത്തിൽ നിന്ന
ശനി വിറയ്ക്കാൻ തുടങ്ങി. ഉച്ചിയില്‍ കെട്ടിയ കുടുമയും വിറച്ചു. രസകരമായ ഈ കാഴ്ച കണ്ട് ഗണപതിയുടെ കൂടെയുണ്ടായിരുന്ന ഹനുമാൻ ചിരിച്ചു. കലി കൂടിയ ശനി നോക്കി പറഞ്ഞു: ചിരിക്കണ്ടാ നിന്നേയും ഞാൻ പിടികൂടും; അതിനുള്ള സമയമായി. പറ്റുമെങ്കില്‍ തടഞ്ഞോ.
എങ്കില്‍ ഒരു കൈ നോക്കാമെന്ന് ഹനുമാനും പറഞ്ഞു. പെട്ടെന്ന് ഹനുമാന്‍ സ്വാമി ആകാശം മുട്ടെ വളര്‍ന്ന് തന്റെ മുമ്പില്‍ വൃദ്ധ വേഷത്തിൽ നിന്ന ശനിയെ കുടുമയില്‍ പിടിച്ച് പൊക്കി വട്ടംകറക്കി. വേദനകൊണ്ട് പിടഞ്ഞ ശനി ഉറക്കെക്കരഞ്ഞു: സഹിക്കാന്‍ പറ്റുന്നില്ല. എന്നെ താഴെ ഇറക്കൂ. ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം. ഹനുമാന്‍ ഈ അപേക്ഷ കേട്ടില്ല. അപ്പോൾ ശനി ഗണപതിയെ വിളിച്ച് കേണുകൊണ്ട് പറഞ്ഞു:
നിങ്ങളെ രണ്ടുപേരേയും ഞാന്‍ ഉപദ്രവിക്കില്ല. ദയവായി എന്നെ നിലത്തിറക്കാന്‍ പറയൂ ഗണേശാ……
ഹനുമാന്‍ പറഞ്ഞു: ഞങ്ങളെ രണ്ടുപേരെ മാത്രമല്ല ഞങ്ങളുടെ ഭക്തരെയും തൊടുകപോലുമില്ലെന്ന് സത്യം ചെയ്യണം.
ഞാന്‍ സത്യം ചെയ്യുന്നു, എന്ന് ശനി പറഞ്ഞു. ഹനുമാന്‍ ശനിയെ
താഴെ ഇറക്കി. തല താഴ്ത്തി നടന്നുപോയ ശനിയെ നോക്കി ഹനുമാന്‍ പുഞ്ചിരിച്ചു.
അതിനു ശേഷം ഹനുമദ് ഭക്തരെ ശനി പിടികൂടില്ല. ശനി ബാധിക്കാതിരിക്കാൻ ശനിദോഷം കാലം പിന്നിടുന്നവർ അക്കാലത്ത് ദിവസവും രാവിലെ കുളിച്ച് ശുദ്ധമായി ഹനുമാനെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങൾ ജപിക്കണം. കഴിയുമെങ്കിൽ ഹനുമാൻ ക്ഷേത്ര ദർശനവും നടത്തണം. ശനിയാഴ്ചകളിൽ ഹനുമാൻ ക്ഷേത്രത്തിൽ കഴിവിനൊത്ത വഴിപാട് നടത്തണം; അന്ന് രാവിലെയും വൈകിട്ടും 8 തവണ വീതം ഹനുമദ് പ്രീതികരമായ മന്ത്രജപവും വേണം. ശനിദോഷമകറ്റാൻ ഹനുമാൻ സ്വാമിയെ ഭജിക്കുമ്പോൾ ഭഗവാൻ സഞ്ജീവനി മലയുമായി പറക്കുന്ന രൂപം സങ്കല്പിക്കണം. രാമലക്ഷ്മണന്മാരുടെയും മറ്റും വേദന അകറ്റിയതു പോലെ വളരെ വേഗത്തിൽ ഹനുമാൻ ശനിദോഷം അനുഭവിക്കുന്നവരുടെയും കണ്ണീരൊപ്പുമെന്നതിന്റെ പ്രതീകമാണത്രേ സഞ്ജീവനി മലയുമായി പറക്കുന്ന രൂപം. കഠിനമായ ശനിദോഷമുള്ളവർ കുറഞ്ഞത് ഒരു മണ്ഡല കാലം, അതായത് 41 ദിവസം ഹനുമാനെ ഓം ഹം ഹനുമതയെ നമ: മന്ത്രം ചൊല്ലി ഭജിക്കണം.
തിരുവനന്തപുരം പാളയം ഹനുമാൻ ക്ഷേത്രം, മലപ്പുറത്തെ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം, പാലക്കാട് കോട്ട ഹനുമാൻ ക്ഷേത്രം, എറണാകുളം ആലുവദേശം ഹനുമാൻ ക്ഷേത്രം എന്നിവയാണ് കേരളത്തിലെ പ്രധാന ഹനുമാൻ ക്ഷേത്രങ്ങൾ. മറ്റ് പല ക്ഷേത്രങ്ങളിലും ഉപദേവതയായെങ്കിലും ഹനുമാൻ സന്നിധിയുണ്ടാകും. വെറ്റിലമാലയും നാരങ്ങാ മാലയും അവൽ നിവേദ്യവുമാണ് പ്രധാന വഴിപാടുകൾ. ശനി, വ്യാഴം, ചൊവ്വ എന്നിവയാണ് ഹനുമദ് പൂജയ്ക്ക് പറ്റിയ ദിവസങ്ങൾ.
മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശിരസാ നമാമി
-പി.എം ബിനുകുമാർ
+919447694053