ശബരിമലയിൽ തത്ത്വമസി എന്ന ഫലകം പ്രത്യക്ഷമായ കഥ
വി സജീവ് ശാസ്‌താരം
തത്ത്വമസി: പതിനെട്ടാം പടിക്കു മുകളിൽ കാണുന്ന ഉപനിഷദ് വാക്യമാണിത്. 1982 ഡിസംബർ 8 നാണ് ക്ഷേത്ര മുഖമണ്ഡപത്തിൽ ഈ ബോർഡ് സ്ഥാപിച്ചത്. അതിന് പിന്നിൽ സ്വാമി ചിന്മയാനന്ദന്റെ ഉപദേശം ആയിരുന്നു. സ്വാമി കേരളത്തിൽ എത്തുമ്പോൾ സന്തത സഹചാരിയായി കൂടാറുള്ളത് പാലക്കാട് സ്വദേശിയും എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ കാളിദാസനായിരുന്നു. ശബരിമലയ്ക്ക് പോകാനായി പുറപ്പെട്ട കാളിദാസനും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വാമിയും മുംബൈയ് വിമാനത്താവളത്തിൽ വച്ച് കണ്ടുമുട്ടി. സംസാരത്തിനിടയിൽ സ്വാമി പറഞ്ഞു: ക്ഷേത്രത്തിൽ എത്തുന്നവർക്കെല്ലാം ദൃശ്യമാകുന്ന തരത്തിൽ തത്ത്വമസി എന്ന് എഴുതി വയ്ക്കാൻ ശബരിമലയിലെ അധികാരികളോട് പറയണം. അന്ന് ടി.എൻ ഉപേന്ദ്രനാഥ കുറുപ്പാണ് ദേവസ്വം ബോർഡ് പ്രസിഡന്റ്. സ്വാമി പറഞ്ഞ അഭിപ്രായം കാളിദാസൻ പ്രസിഡന്റിനോട് പറഞ്ഞു. പറ്റിയ സ്ഥലം എവിടെ എന്ന ചോദ്യത്തിന് ഉത്തരമായി കണ്ഠരര് നീലകണ്ഠര് പതിനെട്ടാംപടിക്ക് മുകളിൽ നിന്നു കൊണ്ട് സ്ഥലം ചുണ്ടിക്കാണിച്ചു കൊടുത്തു. 1982 ഡിസംബർ 8 ന് മേൽശാന്തി പൂന്തോട്ടം നാരായണൻ നമ്പൂതിരി ബോർഡ് സ്ഥാപനം നിർവഹിച്ചു.
എന്താണ് തത്ത്വമസിയുടെ സാരം?
തത് + ത്വം + അസി
തത് = അത്
ത്വം = നീ
അസി = ആകുന്നു.
പതിനെട്ടാം പടി കയറി ചെല്ലുമ്പോൾ എന്താണോ അവിടെ കാണുന്നത് അത് നീ തന്നെ ആകുന്നു; അഥവാ ഭക്തൻ, ഭഗവാൻ എന്ന ദേദമില്ല എന്ന് പൊരുൾ. കലിയുഗ വരദന്റെ സന്നിധിയിൽ ദ്വൈതമില്ല, അദ്വൈതമാണെന്ന് സാരം.
ഛാന്ദഗ്യോപനിഷത്തിൽ ഈ വാക്കിന് പിന്നിലെ അർത്ഥം വ്യക്തമാക്കിത്തരുന്ന വിശദീകരണമുണ്ട്. നമ്മുടെ നാലു വേദങ്ങളിലും സമാന വാക്യങ്ങളുണ്ട്. മഹാവാക്യങ്ങൾ എന്ന് അറിയപ്പെടുന്ന ആ വാക്യങ്ങൾ ഇവയാണ്.
പ്രജ്നാനം ബ്രഹ്മഃ = ശുദ്ധബോധമാണ് ബ്രഹ്മം.
തത്ത്വമസി = അത് നീ ആകുന്നു.
അയമാത്മാ ബ്രഹ്മഃ = ഈ ആത്മാവ് ബ്രഹ്മം തന്നെ.
അഹം ബ്രഹ്മാസ്മി = ഞാൻ ബ്രഹ്മമാകുന്നു.
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: The Vedic assertion Thathwamasi : Meaning and relevance at Sabarimala