Friday, 20 Sep 2024
AstroG.in

ശബരിമലയിൽ നിറപുത്തരി പൂജ ഭക്തിസാന്ദ്രം; ചിങ്ങമാസ പൂജകൾക്ക് ബുധനാഴ്ച നടതുറക്കും

സുനിൽ അരുമാനൂർ
ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വ്യാഴാഴ്ച രാവിലെ ശബരിമലയിൽ നിറപുത്തരി പൂജ നടന്നു. ഈ മഹോൽസവത്തിൻ്റെ ഭാഗമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട പുലർച്ചെ 4 മണിക്ക് തുറന്നു. നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും മണ്ഡപത്തിൽ മഹാഗണപതിഹോമവും നടത്തിയ ശേഷം 5:30 നാണ് നിറപുത്തരി പൂജാ ചടങ്ങ് ആരംഭിച്ചത്. പതിനെട്ടാം പടിയിൽ വച്ച് പുണ്യാഹം തളിച്ച് ശുദ്ധിയാക്കിയ ശേഷം താളമേള അകമ്പടിയോടെ കതിർകറ്റ പ്രദക്ഷിണ എഴുന്നെള്ളത്ത് നടന്നു. തുടർന്ന് കതിർ കറ്റകൾ മണ്ഡപത്തിൽ വച്ച് പൂജിച്ച ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി പ്രത്യേക പൂജയും ദീപാരാധനയും നടത്തി. തന്ത്രി കണ്ഠരര് രാജീവരരുടെയും മകൻ കണ്ഠരര് ബ്രഹ്മദത്തൻ്റെയും മുഖ്യകാർമ്മികത്വത്തിലാണ് പൂജകൾ നടന്നത്. പിന്നീട് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് കതിർ പ്രസാദം വിതരണം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗം ജി.സുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം.മനോജ് തുടങ്ങിയവർ നിറപുത്തരി പൂജാ ദിനത്തിൻ ശബരിശ സന്നിധിയിൽ ഉണ്ടായിരുന്നു. നിറപുത്തരി ചടങ്ങുകൾ പൂർത്തിയാക്കി ക്ഷേത്രനട രാത്രി 10:00 മണിക്ക് അടയ്ക്കു. ചിങ്ങമാസ പൂജകൾക്കായി 16-ാം തീയതി നട തുറക്കും. 21 ന് രാത്രി പൂജകൾ പൂർത്തിയാക്കി തിരുനട അടയ്ക്കും.17 നാണ് ചിങ്ങം ഒന്ന്. ഓണം നാളുകളിലെ പൂജകൾക്കായി ആഗസ്റ്റ് 27 ന് തുറക്കുന്ന ശബരിമല നട 31ന് അടയ്ക്കും.

Story Summary : Sabarimala Niraputhari Pooja 2023

error: Content is protected !!