ശബരിമല കയറുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
പമ്പ മുതല്‍ ശബരിമല വരെയുള്ള ദീര്‍ഘദൂര കയറ്റം ആരോഗ്യമുള്ള ഒരാളില്‍ പോലും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാം. ശബരിമല നട തുറന്ന് 21 ദിവസത്തിനകം 75 പേര്‍ക്ക് ഹൃദയാഘാതമുണ്ടായി. ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ 67 പേരെയും രക്ഷിക്കാനായി. ഹൃദയാഘാതം വന്നവരില്‍ 20 മുതല്‍ 76 വരെ വയസുള്ളവരുണ്ട്. 584 പേര്‍ക്കാണ് അപസ്മാരം വന്നത്. അതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യണം.
എല്ലാവരും മലകയറുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം:
1. എല്ലാ പ്രായത്തിലുമുള്ള തീര്‍ത്ഥാടകരും സാവധാനം മലകയറണം.
2. ലഘു ഭക്ഷണം കഴിച്ചതിനുശേഷം മലകയറുന്നതാണ് നല്ലത്.
3. നാല്പത്തഞ്ച് വയസിന് മുകളിലുള്ള എല്ലാ തീര്‍ത്ഥാടകരും പ്രത്യേകിച്ച് പാരമ്പര്യമായി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ രക്താതിമര്‍ദ്ദമോ ഉള്ളവര്‍ മലകയറുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം.
4. സ്ഥിരമായി മരുന്ന് കഴിക്കുന്ന തീര്‍ത്ഥാടകര്‍ വ്രതത്തിന്റെ ഭാഗമായി മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തരുത്.
5. ആസ്ത് മ രോഗികളും അലര്‍ജിയുമായി ബന്ധപ്പെട്ട ശ്വസന പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും മലകയറുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
6. ആരോഗ്യവകുപ്പ് കാനനപാതയില്‍ നടത്തുന്ന ഓക്‌സിജന്‍ പാര്‍ലറുകള്‍ ഉപയോഗിക്കണം.
7. ശ്വാസകോശ ശേഷി കൂട്ടാൻ ആസ്ത് മ രോഗികള്‍ വ്യായാമത്തില്‍ ഓട്ടവും എയറോബിക് വ്യായാമവും ഉള്‍പ്പെടുത്തി മല കയറ്റത്തിന് തയ്യാറാകണം.
– കെ.കെ.ശൈലജ ടീച്ചർ,(ആരോഗ്യ വകുപ്പ് മന്ത്രി)