Sunday, 6 Oct 2024
AstroG.in

ശബരിമല തൃക്കൊടിയേറ്റിന് കൊടിക്കൂറയും കൊടികയറും ശക്തികുളങ്ങര നിന്ന്

ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രസന്നിധിയിൽ പങ്കുനി ഉത്രം ഉൽസവത്തിന് തിങ്കളാഴ്ച രാവിലെ കൊടിയേറി. ഉഷ: പൂജയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ബിംബ ശുദ്ധി ക്രിയയും പൂജകളും നടന്നു. അതു കഴിഞ്ഞാണ് കൊടിയേറ്റ് നടന്നത്. കൊടിയേറ്റ് ചടങ്ങ് കാണാൻ ശരണമന്ത്രങ്ങളുമായി ആയിരക്കണക്കിന് അയ്യപ്പഭക്തർ തടിച്ചു കൂടി. ഇത്തവണ പങ്കുനി ഉത്രമഹോത്സവത്തിന് ഉയർത്തുവാനുള്ള കൊടിക്കൂറയും കൊടികയറും തിരുനടയിൽ സമർപ്പിച്ചത് ശക്തികുളങ്ങര കുഞ്ചാച്ചമൻ സമിതി പ്രവർത്തകരാണ്. ആചാരപരമായി കൊല്ലം ശക്തികുളങ്ങര അയ്യപ്പക്ഷേത്ര സന്നിധിയിൽ നിന്നുമാണ് കൊടിക്കൂറയും കൊടികയറുമായി കെട്ടുമുറുക്കി ഇന്നലെ രാവിലെ 8.30 ന് യാത്ര തിരിച്ച സംഘം ഞായറാഴ്ച വൈകിട്ട് 5 മണിയോടെ സന്നിധാനത്തെത്തി. പതിനെട്ടാം പടി കയറി കൊടിക്കൂറയും കൊടിക്കയറും സോപാനത്ത് എത്തിച്ചു. ഇവിടെവെച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ എച്ച്. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുളള ദേവസ്വം ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി തിരുനടയിൽ സമർപ്പിച്ചു. വാജിവാഹന രൂപം ആലേഖനം ചെയ്തതാണ് കൊടിക്കൂറ. കുഞ്ചാച്ചമൻ സമിതി ഭാരവാഹികളായ ബി.രാമനുജൻ പിള്ള, എസ്. സുരേഷ് കുമാർ, ബി. സോമദത്തൻ പിള്ള, ബി.വിജയകുമാർ, എസ്. മനോജ് കുമാർ, എ.സുഭാഷ്, പി. ഗണേശൻ പിള്ള, പൊന്നൻ പിള്ള, ബി. രഞ്ജിത്ത്, എസ്. സാബു, കെ. ജയകുമാർ, വി. ഹരികുമാർ, മാന്നാർ അനു എന്നിവരാണ് കൊടിക്കൂറയും കൊടിക്കയറും ശബരിമല സന്നിധിയിൽ സമർപ്പിച്ചത്. ശബരിമലയിൽ പുതിയ കൊടിമര പ്രതിഷ്ഠക്കു ശേഷം ശക്തികുളങ്ങര കുഞ്ചാച്ചമൻ സമിതിയാണ് കൊടിക്കൂറ, കൊടിക്കയർ എന്നിവ തുടർച്ചയായി സമർപ്പിക്കുന്നത്. ഏപ്രിൽ 5 ന് കാലത്താണ് പമ്പയിൽ ശബരിഗിരീശന്റെ ആറാട്ട്. 4 ന് രാത്രി പള്ളി വേട്ട നടക്കും.

Story Summary: Sabarimala Temple Annual Festival 2023

error: Content is protected !!