Sunday, 6 Oct 2024
AstroG.in

ശബരിമല ദർശനത്തിന് അരക്കോടിയിൽകൂടുതൽ തീർത്ഥാടകർ ഇത്തവണ എത്തും

സുനിൽ അരുമാനൂർ

അൻപതുലക്ഷം തീർത്ഥാടകരാണ് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല ദർശനത്തിന് എത്തിയതെന്നും തീർത്ഥാടകരുടെ എണ്ണത്തിൽ ഇതിലും വർധനവ് ഇത്തവണ ഉണ്ടാകുമെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. അടുത്ത മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ അഭിമാനമാണ് ശബരിമല തീർത്ഥാടനം. കക്ഷിരാഷ്ട്രീയമന്യേ ഇത് വിജയിപ്പിക്കുവാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഈ തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണ്. അതിന് എല്ലാ സർക്കാർ വകുപ്പുകളും തങ്ങളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണം. ത്രിതല പഞ്ചായത്തുകളും നല്ല രീതിയിൽ ഇടപെടണം. സീസൺ ആരംഭിക്കുന്നതിന് മുൻപ് വകുപ്പുകൾ മുന്നൊരുക്കം പൂർത്തിയാക്കണം.

പോലീസ് ആറു ഘട്ടങ്ങളായാണ് ശബരിമലയിൽ ഉദ്യോഗസ്ഥരെ നിയോഗിക്കുക. ആദ്യ മൂന്നു ഫേസുകളിൽ 2000 പേർ വീതവും, പിന്നീടുള്ള മൂന്നു ഫേസുകളിൽ 2500 പേരെ വീതവുമാണ് നിയോഗിക്കുക. വനം വകുപ്പ് മൂന്നു ശബരിമല പാതയിലും എമർജൻസി ഓപ്പറേഷൻ സെൻ്റർ സ്ഥാപിക്കും. കൂടുതൽ ക്യാമറകൾ സ്ഥാപിക്കും. കാനനപാതകളിലും, സന്നിധാനത്തും എലിഫൻ്റ് സ്ക്വാഡ്, സ്നേക് സ്ക്വാഡ് എന്നിവരെ നിയോഗിക്കും. ശുചീകരണത്തിന് എക്കോ ഗാർഡുകളെ നിയമിക്കും. കെ.എസ്.ആർ.ടി.സി 200 ചെയിൻ സർവീസുകളും, 150 ദീർഘദൂര സർവീസുകളും നടത്തും. ആരോഗ്യ വകുപ്പ് സന്നിധാനം, പമ്പ, നിലയ്ക്കൽ, റാന്നി, പെരുനാട് തുടങ്ങിയ തീർത്ഥാടന പാതയിലെ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളും, ഉദ്യോഗസ്ഥരേയും, ആബുലൻസുകളും സജ്ജമാക്കും. ഫയർഫോഴ്സ് 21 താൽക്കാലിക സ്റ്റേഷനുകൾ തുടങ്ങും. സ്കൂബാ ടീം, സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻ്റേയും സേവനം ഉറപ്പാക്കും. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി നടപ്പാക്കും.18 പട്രോളിംഗ് ടീം 24 മണിക്കൂറും പട്രോളിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഇലവുങ്കൽ നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പണി സമയബന്ധിതമായി പൂർത്തിയാക്കണം
എന്ന് കെ യു ജനീഷ് കുമാർ എം എൽ എ ആവശ്യപ്പെട്ടു. ഭക്തർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പമ്പാ, സന്നിധാനം നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒരുക്കുമെന്ന് ബോർഡ് പ്രസിഡൻ്റ് കെ.അനന്തഗോപൻ അറിയിച്ചു. പമ്പയിൽ ഭക്തർക്ക് ഇരിക്കുന്നതിനായും ക്യൂ നിൽക്കാനും സെമി പെർമനൻ്റ് പന്തലുകൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലെ ക്യൂ കോംപ്ലക്സ് ഡിജിറ്റലൈസ് ചെയ്യും. 168 പുതിയ യൂറിനറികൾ നിർമ്മിക്കും. 36 എണ്ണം വനിതകൾക്ക് മാത്രമായിരിക്കും. നിലയ്ക്കൽ വാഹന പാർക്കിംഗിന് ഐ.സി.ഐ.സി.ഐ. ബാങ്കുമായി ചേർന്ന് ഫാസ്റ്റ് ടാഗ് സംവിധാനമൊരുക്കും.നിലയ്ക്കലിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു.

പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ, കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ഡി.ഐ.ജി (തിരുവനന്തപുരം റേഞ്ച്) ആർ. നിശാന്തിനി, ദേവസ്വം വകുപ്പ് സെക്രട്ടറി രാജമാണിക്യം, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത്, ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസ്, റാന്നി – പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ,ദേവസ്വം ബോർഡ് സെക്രട്ടറി ജി.ബൈജു, ബോർഡ് അംഗങ്ങളായ എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Story Summary: Sabarimala Pilgrimage 2023 – 2024 Session Preparations Review meeting

error: Content is protected !!