Saturday, 23 Nov 2024
AstroG.in

ശബരിമല മേൽശാന്തിയെ ശനിയാഴ്ച അറിയാം; അന്തിമ പട്ടികയിൽ 9 പേർ

തുലാമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച  വൈകുന്നേരം  5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. പിന്നീട് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്ന് ദീപം തെളിച്ചിട്ട് പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിയിലും അഗ്നി പകർന്നു. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര്  വിഭൂതി പ്രസാദം വിതരണം ചെയ്തു. ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി, ദേവസ്വം  കമ്മീഷണർ ബി.എസ്.തിരുമേനി എന്നിവർ നട തുറന്നപ്പോൾ ദർശനത്തിന് എത്തിയിരുന്നു. നട തുറന്ന ദിവസം  പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.  രാത്രി 7.30 ന് ഹരിവരാസനം പാടി നട അടച്ചു. തുലാം ഒന്നായ ശനിയാഴ്ച പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിർമ്മാല്യ ദർശനം.തുടർന്ന് പതിവ് അഭിഷേകവും നെയ്യഭിഷേകവും നടക്കും. 5.30ന് മഹാഗണപതി ഹോമം . 7.30 ന് ഉഷപൂജ.8 മണിക്ക് ശബരിമല _ മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു,, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി, ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, ദേവസ്വം കമ്മീഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ശബരിമല – മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുക.

ആദ്യം ശബരിമല മേൽശാന്തിയെ നറുക്കെടുക്കും. 9 പേരാണ് ശബരിമല മേൽശാന്തി നിയമനത്തിലെ  അന്തിമ യോഗ്യതാ പട്ടികയിൽ ഉള്ളത് . തുടർന്ന് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പും നടക്കും. മാളികപ്പുറം പട്ടികയിൽ 10 പേർ ഇടം നേടിയിട്ടുണ്ട്.വരുന്ന നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനം മുതൽ ഒരു വർഷമാണ് പുതിയ മേൽശാന്തിമാരുടെ കാലാവധി. പുറപ്പെടാ ശാന്തിമാരായ ഇരുവരും നവംബർ 15 ന്  ശബരിമലയിൽ ഇരുമുടി കെട്ടുമായെത്തി ചുമതല ഏറ്റെടുക്കും. വൃശ്ചികം ഒന്നായ  16ന് തിരുനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാർ ആയിരിക്കും. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് 17 മുതൽ 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദിവസേന 250 പേർ എന്ന കണക്കിൽ അയ്യപ്പഭക്തർക്ക്   ശബരിയിൽ ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

– സുനിൽ അരുമാനൂർ

error: Content is protected !!