ശയനൈ ഏകാദശി ഈ വ്യാഴാഴ്ച; നെയ് വിളക്ക് തെളിച്ചാൽ അഭിവൃദ്ധി
ജ്യോതിഷരത്നം വേണു മഹാദേവ്
ആഷാഢ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്
ശയനൈ ഏകാദശി. പത്മഏകാദശി, ഹരിശയനി
ഏകാദശി എന്നെല്ലാം പറയപ്പെടുന്ന ഈ ഏകാദശിക്ക് വ്രതം നോറ്റാൽ മന:ശാന്തി, സന്തോഷം, അഭിവൃദ്ധി, എന്നിവയെല്ലാം ഭൗതിക ജീവിതത്തിൽ കരഗതമാകും. ജീവിതാന്ത്യത്തിൽ മോക്ഷപ്രാപ്തിയും കിട്ടും. വിഷ്ണു ഭഗവാൻ ചതുർമാസ നിദ്രയ്ക്ക് പള്ളികൊള്ളുന്ന ദിവസം എന്ന അര്‍ത്ഥത്തിലാണ് മിഥുന മാസത്തിലെ ഈ ദിവസത്തെ ശയനൈ ഏകാദശി എന്നു പറയുന്നത്.
2023 ജൂൺ 29 നാണ് ഇത്തവണ ശയന ഏകാദശി. ചതുർമാസി വ്രതം തുടങ്ങുന്ന ഈ ദിവസം പാലാഴിയിൽ യോഗനിദ്രയടയുന്ന ഭഗവാൻ നാലു മാസം കഴിഞ്ഞ് പ്രബോധിനി ഏകാദശിയിൽ ഉണർന്നെണീക്കും. ശയന ഏകാദശി നോൽക്കുന്നവർ ജൂൺ 28, 29, 30 ദിനങ്ങളിൽ വ്രതമെടുക്കണം.
ശയനൈ ഏകാദശിയെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്: വളരെക്കാലം മഴയില്ലാതെ വരൾച്ച അനുഭവിച്ച് രാജ്യം അരക്ഷിതത്വത്തിലായപ്പോൾ മാന്ധാതാവ് രാജാവ് തന്റെ പ്രജകളോട് കൂടി ഏകാദശി അനുഷ്ഠിച്ച് പുണ്യം ആർജ്ജിക്കുകയും തൽഫലമായി മഴയുണ്ടാവുകയും രാജ്യം ഫലഭൂയിഷ്ടവും സമൃദ്ധവുമാകുകയും ചെയ്തു എന്നാണ് ആ ഐതിഹ്യം. ഇതിലൂടെ ഐശ്വര്യത്തിനും സമൃദ്ധിക്കും ശയനൈ ഏകാദശി അനുഷ്ഠാനം വളരെ ഗുണകരമാണെന്ന് വരുന്നു. ആഷാഢ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശിയിലാണ് മാന്ധാതാവ് വ്രതം അനുഷ്ഠിച്ചതത്രേ.
വിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമമായ ഏകാദശി വ്രതം ആചരിക്കുന്നവർ അന്ന് പൂര്‍ണ്ണമായും ഉപവസിക്കണം തലേന്ന് ദശമി ദിവസവും പിറ്റേന്ന് ദ്വാദശി ദിവസവും ഒരിക്കലായി ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. ഈ ദിവസങ്ങളിൽ പകലുറക്കം പാടില്ല. ബ്രഹ്‌മചര്യനിഷ്ഠ പാലിക്കണം. സ്വന്തം ആരോഗ്യം കണക്കിലെടുത്ത് വ്രത കാഠിന്യം കൂട്ടാനും കുറയ്ക്കാനും കഴിയും. പൂര്‍ണ്ണ ഉപവാസമാണ് പറയുന്നതെങ്കിലും ക്ഷേത്രത്തില്‍ നിന്ന് ഉണക്കലരി ചോറ് വാങ്ങി ഒരിക്കൽ ഉണ്ട് ദിവസം കഴിച്ചു കൂട്ടുന്നതിൽ തെറ്റില്ല. ഉപവാസവും ഉറക്കമൊഴിയലും ആരോഗ്യം അനുവദിക്കുന്നവര്‍ മാത്ര ചെയ്താല്‍ മതി എന്ന് സാരം. തികഞ്ഞ ചിട്ടയോടെ ഈ വ്രതം പാലിക്കുകയും, വിഷ്ണുഭഗവാന്റെ മൂലമന്ത്രമായ ഓം നമോ നാരായണായ, ദ്വാദശാക്ഷര മന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ എന്നിവയും അഷ്ടോത്തര ശതനാമാവലിയും ജപിക്കണം. ഏകാദശി ദിവസം വ്രതമെടുത്ത് ഭഗവാന് തുളസി അര്‍ച്ചിച്ചാൽ ഒരു കോടി യാഗം ചെയ്ത ഫലം ലഭിക്കും. ശയന ഏകാദശി ദിവസം ഭഗവാന് നെയ് വിളക്ക് തെളിച്ചാൽ അഭിവൃദ്ധിയും സർവൈശ്വര്യവും ജീവിതാന്ത്യത്തിൽ മോക്ഷവും കിട്ടും. 24 ഏകാദശി ഉള്ളതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ ശയന ഏകാദശി വ്രതം നോൽക്കുന്നവർ 108 തവണ ഓം പദ്മനാഭായ നമഃ എന്ന മന്ത്രം പ്രത്യേകമായി ജപിക്കണം. വെള്ള, മഞ്ഞപ്പൂക്കൾ, തുളസി, നെയ് വിളക്ക് എന്നിവ ഭഗവാന് സമർപ്പിക്കുക തന്നെ വേണം.
ജൂൺ 29 രാത്രി 8:49 മണി മുതൽ പിറ്റേ ദിവസം രാവിലെ 8:18 മണി വരെയാണ് ഹരിവാസര സമയം. ഏകാദശി വ്രതത്തിൽ ഏറ്റവും പ്രധാന സമയമാണ് ഹരിവാസരം. ഏകാദശി തിഥിയുടെ അവസാനത്തെ 15 നാഴികയും (ആറു മണിക്കൂർ) തൊട്ടു പിന്നാലെ വരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ 15 നാഴികയും ചേർന്നുള്ള 12 മണിക്കൂറാണ് ഹരിവാസരം മഹാവിഷ്ണുവിനെ ഭജിക്കുന്നതിന് ഏറ്റവും പുണ്യകരമായ സമയമാണിത്. ഏകാദശി തിഥി തീർന്നാലും ഹരിവാസര പുണ്യസമയം തുടരും. ഹരി എന്നാൽ മഹാവിഷ്ണു എന്നും വാസരം എന്നാൽ ദിവസം എന്നുമാണ് അർത്ഥം അപ്പോൾ ഹരിവാസരത്തിന്റെ അർഥം ഹരിയുടെ ദിവസമെന്നാണ്. ജൂൺ 30 ന് രാവിലെ 8: 29 മണിക്ക് മുൻപ് പാരണ വിടാം.
വിഷ്ണു അഷ്ടോത്തരം
https://youtu.be/yciONW7KdQw
ജ്യോതിഷരത്നം വേണു മഹാദേവ്
+91 8921709017
Story Summary: Significance Of Sayana Ekadeshi or Maha Ekadeshi
Attachments area
Preview YouTube video ശ്രീ വിഷ്ണു അഷ്ടോത്തരം | സമ്പൽസമൃദ്ധി തരുംമഹാവിഷ്ണു | Sri Maha Vishnu Ashtotharam |തൊഴിൽ ഭാഗ്യത്തിന്