ശാപദുരിതവും ദൃഷ്ടിദോഷങ്ങളും വേട്ടയാടുന്നവർ ഇത് ചെയ്യുക
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ശാപ, ദൃഷ്ടിദോഷങ്ങളും തീരാവ്യഥകളും കാരണം ക്ലേശിക്കുന്നവർക്ക് എല്ലാ വിധത്തിലും ആശ്വാസം പകരുന്ന പരിഹാര മാർഗ്ഗമാണ് ചൊവ്വാഴ്ചവ്രതവും സുബ്രഹ്മണ്യ, ഭദ്രകാളി ഉപാസനയും. അതിശക്തമായ ശാപദോഷം, ദൃഷ്ടിദോഷം എന്നിവ മൂലം നരകതുല്യമായി ക്ലേശം അനുഭവിക്കുന്നവർ ഒട്ടേറെയുണ്ട്. മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കൊത്ത് നിൽക്കാൻ കഴിയാത്തതു കൊണ്ടാണ് ചിലർ ശാപ ദോഷം അനുഭവിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന കൈപ്പിഴകളോ പ്രവർത്തി ദോഷങ്ങളോ കൊണ്ടാകാം മറ്റു ചിലരെ ശാപദോഷം ബാധിക്കുന്നത്. കാര്യം കണ്ടുകഴിഞ്ഞ് കൃതജ്ഞതയും നന്ദിയും കാണിക്കാതെ, തിരിഞ്ഞു നോക്കാതെ പോകുന്നവരെയും ശാപദോഷം പിൻതുടരാം.
എന്നാൽ ദൃഷ്ടിദോഷം നമ്മുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാരണങ്ങളാലാണ് സംഭവിക്കുന്നത്. ഐശ്വര്യമുള്ള വീടും നല്ല ബന്ധങ്ങളും ചന്തവും ചുറുചുറുക്കുമുള്ള കുഞ്ഞുങ്ങളും സുന്ദരിമാരായ പെൺകുട്ടികളും കഴിവും സാമർത്ഥ്യവുമുളള സ്ത്രീകളും പുരുഷന്മാരും കലാകാരികളും കലാകാരന്മാരുമെല്ലാം അസൂയയ്ക്കും കണ്ണുകടിക്കും പാത്രമായി ദൃഷ്ടിദോഷത്തിന് ഇരയാകാറുണ്ട്. അങ്ങനെ ശാപാദോഷവും ദൃഷ്ടിദോഷവും ബാധിക്കുന്നവർക്ക് ജീവിതത്തിൽ ചിലപ്പോൾ വലിയ തിരിച്ചടികൾ നേരിടും. അതു കാരണം കഴിവും സൗന്ദര്യവും ഐശ്വര്യവും എല്ലാം നഷ്ടപ്പെട്ടു വിഷമിക്കുന്നവർ ചൊവ്വാഴ്ച വ്രതമെടുത്ത് സുബ്രഹ്മണ്യനെയോ ഭദ്രകാളിയെ ഭജിച്ചാൽ ശാപ – ദൃഷ്ടിദോഷ വിഷമതകൾ പരിഹരിക്കാൻ കഴിയും.
ചൊവ്വാഴ്ച മത്സ്യ മാംസാദികൾ ത്യജിച്ച്, ബ്രഹ്മചര്യം പാലിച്ച്, വൃത്തിയും ശുദ്ധിയും ഈശ്വര ചിന്തയുമായി കഴിഞ്ഞാൽ തീർച്ചയായും ഈ ക്ലേശങ്ങൾ അതിജീവിക്കാൻ കഴിയും. പൂർണ്ണ ഉപവാസത്തോട വ്രതമെടുക്കാൻ കഴിഞ്ഞാൽ അതിവേഗം ഫലസിദ്ധി ലഭിക്കും. ഭദ്രകാളിയെയോ സുബ്രഹ്മണ്യനെയോ യഥാശക്തി പ്രാർത്ഥനകൾ ചൊല്ലി സ്തുതിക്കണം. ചൊവ്വാഴ്ച രാവിലെയും വൈകിട്ടും ഏത് മൂർത്തിയെയാണോ ആശ്രയിക്കുന്നത് ആ ദേവതയുടെ ക്ഷേത്രദർശനം നടത്തണം. കാളീ / സുബ്രഹ്മണ്യ അഷ്‌ടോത്തര ശതനാമാവലിയോ സഹസ്രനാമമോ ജപിക്കുന്നത് ക്ഷിപ്രഫലപ്രദമാണ്. വ്രതദിനത്തിൽ ചുവന്ന വസ്ത്രം ധരിക്കുന്നതും ചുവന്നകുറി, ചുവന്ന പൂക്കൾ എന്നിവ ധരിക്കുന്നതും ഉത്തമം. ഭദ്രകാളീ / സുബ്രഹ്മണ്യ മൂലമന്ത്രം അന്ന് 336 പ്രാവശ്യം വീതം രണ്ട് നേരം ജപിക്കുന്നത് ശ്രേഷ്ഠം. 12 ചൊവ്വാഴ്ച തുടർച്ചയായി വ്രതം അനുഷ്ഠിക്കണം.
സമർപ്പണ മനോഭാവത്തോടെയുള്ള പ്രാർത്ഥനയും കഠിനാദ്ധ്വാനവുമാണ് ഏത് ക്ലേശവും അതിജീവിക്കാൻ എപ്പോഴും ആവശ്യം. ചൊവ്വാഴ്ചകളിൽ ക്ഷേത്രങ്ങളിൽ സുബ്രഹ്മണ്യനെയോ കാളിയെയോ വണങ്ങി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതിനൊപ്പം എല്ലാ ദിവസവും സുബ്രഹ്മണ്യ / കാളി അഷ്‌ടോത്തര ശതനാമാവലി ഭക്തിപൂർവ്വം ജപിക്കുന്നത് നല്ലതാണ്. മാസം തോറും വരുന്ന ജന്മനാളിന് സഹസ്രനാമർച്ചന കഴിപ്പിക്കുക. ക്രമേണ സമയം അനുകൂലമാകും. ആഗ്രഹസാഫല്യത്തിന് ശേഷം സ്വന്തം കഴിവിനെത്ത രീതിയിലുള്ള ഒരു വെള്ളിവേൽ സുബ്രഹ്മണ്യന് സമർപ്പിക്കുന്നത് ഭാവിയിൽ മന:ശാന്തിക്ക് ഉതകും.
ഭദ്രകാളിക്ക് കാളീസൂക്ത പുഷ്പാഞ്ജലി, ഗുരുതി പുഷ്പാഞ്ജലി, ചാന്താട്ടം ഇവയിൽ ഏതെങ്കിലും ഒന്ന് മാസത്തിൽ ഒരു തവണയെങ്കിലും നടത്തുന്നത് ശത്രുദോഷ ശാന്തിക്ക് നല്ലതാണ്.
സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമ:
പ്രാർത്ഥനാ മന്ത്രം
ഷഡാനനം കുങ്കുമ രക്തവർണ്ണം
മഹാമതിം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ
ശത്രുദോഷം അകറ്റുന്ന
സുബ്രഹ്മണ്യ മന്ത്രം
ഓം നമോ ഭഗവതേ രുദ്രാത്മജായ
ഘോരായ തത്വായ
ശാശ്വത പദാത്മനേ
ഭൂയിഷ്ഠാത്മനേ
പ്രണവാകാരായ ഹ്രീം മതേ
മേഘശ്യാമളരൂപായ
കുക്കുടധ്വജായ മയൂരഗമനായ
വല്ലഭായ
ദേവസേനാധിപായ
ശത്രുസംഹാരഭാവാത്മനേ
ശത്രുവംശവിഘാതിനേ
വീരായ ഉഗ്രായ മോദായ
ഭാവായ ശത്രുസംഹാര
രൂപിണേ സ്‌കന്ദായ നമ:
(വളരെ ശക്തിയുള്ള ഈ മന്ത്രം നിത്യവും സന്ധ്യാ വേളയിൽ 48 പ്രാവശ്യം ജപിക്കണം. അതിശക്തമായ ശത്രുദോഷം പോലും ഈ മന്ത്രജപം മാറ്റും.)
ഭദ്രകാളീ ധ്യാനം
ശംഭുസ്ഥാ ശശഖണ്ഡലക്ഷ്മവിലസത്
കോടീരചൂഡോജ്ജ്വലാ
ബിഭ്രാണാകര പങ്കജൈർഗ്ഗുണസൃണീ
ഖഡ്ഗം കപാലം തഥാ
മുണ്ഡസ്രക് പരിമണ്ഡിതാ ത്രിനയനാ
രക്താംഗരാഗാംശുകാ
സർവ്വാലങ്കരണോജ്ജ്വലാ ശിതിനിഭാ
ന: പാതു നിത്യം ശിവ
(ശിവന്റെ മടിത്തട്ടിൽ ഇരിക്കുന്നവളും ചന്ദ്രക്കലാ മുദ്രിതമായ കിരീടത്താൽ ഉജ്ജ്വലമായി ശോഭിക്കുന്നവളും കര പങ്കജങ്ങളിൽ കയർ, തോട്ടി, വാൾ, കപാലം എന്നിവ ധരിച്ചവളും മൂന്ന് കണ്ണുകൾ ഉള്ളവളും രക്ത വസ്ത്രവും കുറിക്കൂട്ടുകളും അണിഞ്ഞവളും സർവ്വാലങ്കാര ശോഭിതയും നീല നിറമുള്ളവളുമായ ശിവാ നമ്മെ രക്ഷിക്കട്ടെ )
മൂലമന്ത്രം
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമ:
പ്രാർത്ഥനാ മന്ത്രം
നമ: ത്രൈലോക്യ ജനനി നമ:
ത്രൈലോക്യ വാസിനി
സംരക്ഷ മാം മഹാകാളി
ജഗദാനന്ദദായിനി
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
(+91) 944-702-0655