Friday, 22 Nov 2024
AstroG.in

ശിവകുടുംബ ചിത്രം ഭവനത്തിൽ ശുഭോർജ്ജം നിറയ്ക്കും

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ഗൃഹത്തിൽ ചില സാന്നിദ്ധ്യം ശുഭോർജ്ജം നിറയ്ക്കും. അത്തരത്തിൽ ഒന്നാണ് ശിവകുടുംബ ചിത്രം. കുടുംബജീവിതം അതീവഹൃദ്യമായി വരച്ചു കാട്ടുന്നതാണ് ഈ ചിത്രം. ഇതിൽ മഹാദേവന്റെയും പാർവ്വതീ ദേവിയുടെയും ഇരുവശത്തായി പുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും ഉപവിഷ്ടരായിരിക്കുന്നു.

ശക്തി പഞ്ചാക്ഷരി മന്ത്രത്തിന്റെ ധ്യാനശ്ലോകത്തിൽ വർണ്ണിക്കുന്നത് ശിവകുടുംബത്തെയാണ്. ഈ ധ്യാനം അർത്ഥം മനസിലാക്കി നിത്യവും ജപിക്കുന്ന എല്ലാ വീട്ടിലും ഐക്യവും സ്നേഹവും ഐശ്വര്യവും കളിയാടും. ശക്തി പഞ്ചാക്ഷരി മന്ത്രവും ധ്യാനശ്ലോകവും ശിവകുടുംബ വന്ദന ശ്ലോകവും താഴെ കൊടുക്കുന്നുണ്ട്.

ശിവകുടുംബം മംഗളമാണ്. കുടുബ ജീവിതത്തിന്റെ അടിസ്ഥാന സങ്കൽപം എന്താവണമെന്ന് ശിവകുടുംബം നമ്മെ കാട്ടിത്തരുന്നു. മഹാദേവന്റെ വാഹനം കാളയാണ്. ദേവിയുടേത് സിംഹവും. ഒരാൾ മറ്റേയാളിന്റെ ഭക്ഷണം. ഗണപതിയുടെ വാഹനം എലിയും സ്കന്ദന്റെ വാഹനം മയിലുമാണ്. ശിവന്റെ കണ്ഠാഭരണമാണ് നാഗം. നാഗമാണ് മയിലിന്റെ ഭഷണം. നാഗത്തിന്റെ ഇര എലിയും എന്നിട്ടും അവയെല്ലാം ഒന്നിച്ചു ജീവിക്കുന്നത് കാണാം.

ചുരുക്കത്തിൽ വൈവിധ്യമുള്ള ശിവകുടുംബത്തിൽ ഐക്യത്തിന്റെയും യോജിപ്പിന്റെയും ചൈതന്യം നില നിൽക്കുന്നു എന്ന് സാരം. കുംബജീവിതത്തിന്റെ പവിത്രത എടുത്തുകാട്ടുന്ന ഈ ചിത്രം ഭവനത്തിൽ തീർച്ചയായും ഐശ്വര്യം പ്രദാനം ചെയ്യും. ശിവകുടുംബചിത്രം പൂജാമുറിയിൽ അല്ലെങ്കിൽ ഗൃഹത്തിന്റെ മുഖ്യ വാതിലിന് അഭിമുഖമായി വയ്ക്കണം. ചിത്രം വച്ചാൽ മാത്രം പോരാ എന്നും ശക്തി പഞ്ചാക്ഷരി ധ്യാനശ്ലോകവും മന്ത്രവും ശിവകുടുംബ വന്ദന ശ്ലോകവും ചൊല്ലി ഭക്തിപൂർവം ശിവകുടുംബത്തെ നമസ്കരിക്കണം. ഈ വിധം മഹാദേവനെയും പാർവതീദേവിയെയും സ്കന്ദനെയും ഗണപതിയേയും എന്നും സ്മരിച്ചാൽ കുടുംബത്തിൽ ഐക്യവും അഭിവൃദ്ധിയും വന്നുചേരും. കുടുംബാംഗങ്ങൾ തമ്മിലെ അഭിപ്രായ ഭിന്നതയും കലഹവും പരിഹരിക്കാൻ ഉത്തമ മാർഗ്ഗവുമാണ് ഇത്.

ശക്തി പഞ്ചാക്ഷരി ധ്യാനം

മൂലേ കല്പദ്രുമസ്യ ദ്രുതകനകനിഭം
ചാരുപത്മാസനസ്ഥം
വാമാങ്കാരൂഡ ഗൗരീ നിബിഡ കുചഭരാ
ഭോഗഗാഡോപഗൂഡം
സർവാലങ്കാരകാന്തം വര പരശുമൃഗാ
ഭീതിബാഹും ത്രിനേത്രം
വന്ദേ ബാലേന്ദുമൗലിം ഗുഹജവദനാ
ഭ്യാമുപാശ്ശിഷ്ട പാർശ്വം

(കല്പവൃക്ഷ ചുവട്ടിൽ ഭംഗിയുള്ള താമരപ്പൂവിൽ ഇരിക്കുന്നവനും ഉരുകിയ സ്വർണ്ണം പോലത്തെ ദേഹമുള്ളവനും, ഇടത്തെ തുടമേൽ ഇരിക്കുന്ന ശ്രീപാര്‍വതിയുടെ ഘനതരങ്ങളായ കുചകുംഭങ്ങളാൽ ഗാഢമാം വിധം ആലിംഗനം ചെയ്യപ്പെടുന്നവനും അനേകം അലങ്കാരങ്ങൾ കൊണ്ട് ശോഭിക്കുന്നവനും, വരദവും വെണ്മഴുവും മാനും അഭയവും ധരിച്ച നാല് കരങ്ങളുള്ളവനും, ത്രിനേത്രനും ശിരസ്സിൽ ചന്ദ്രക്കല ധരിച്ചവനും ഇരുവശത്തും സുബ്രഹ്മണ്യനോടും ഗണപതിയോടും കൂടിയവനുമായിരിക്കുന്ന ശിവനെ ഞാൻ വന്ദിക്കുന്നു. )

ശക്തി പഞ്ചാക്ഷരി മന്ത്രം
ഓം ഹ്രീം നമഃ ശിവായ

ശിവകുടുംബ വന്ദനശ്ലോകം
വന്ദേ ഗിരീശം ഗിരിജാ സമേതം
കൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കെ നിഷണ്ണേന വിനായനേക
സ്കന്ദേനചാത്യന്ത സുഖായ മാനം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

  • 91 9847575559
    Summary: Significance of Shiva Family Image and Shakti Panchakshari Dhayanam
    Copyright 2022 neramonline.com. All rights reserved.

Copyright 2022 Neramonline.com. All rights reserved


error: Content is protected !!