Sunday, 6 Oct 2024
AstroG.in

ശിവക്ഷേത്ര പ്രദക്ഷിണത്തിൽ ഓവ് മുറിച്ച് കടക്കരുത്

അസ്ട്രോളജർ ഡോ. എസ് അനിതകുമാരി

ശിവക്ഷേത്രത്തിൽ പ്രദക്ഷിണ വേളയിൽ വടക്കുവശത്ത് ഓവ് മുറിച്ച് കടക്കാന്‍ പാടില്ല. സോമസൂത്രം എന്ന അദൃശ്യ ശക്തിരേഖയുള്ള സ്ഥാനമാണിത്. എന്നുമാത്രമല്ല ശിവശിരസില്‍ നിന്നും പ്രവഹിക്കുന്ന ഗംഗയുടെ സ്ഥാനം കൂടിയായി കരുതപ്പെടുന്നു. പവിത്രമായ ഗംഗയെ പാദം തൊടുകയോ മറി കടക്കുകയോ ചെയ്യരുത്. ഭക്തർ മാത്രമല്ല തന്ത്രിയും മേല്‍ശാന്തിയും എല്ലാം ഈ നിയമം പാലിക്കണം. അതുകൊണ്ട് തന്നെ ശിവക്ഷേത്രത്തില്‍ ആരും തന്നെ ഓവ് മുറിച്ചു കടക്കരുത്.

ബലിക്കല്ലിന്റെ പുറമേയാണ് പ്രദക്ഷിണം ചെയ്യേണ്ടത്. ചില ക്ഷേത്രങ്ങളില്‍ അപ്രദക്ഷിണം വരുമ്പോള്‍ ബലിവട്ടത്തിന് അകത്തുകൂടി വരാറുണ്ട്. ഇത് അവിടുത്തെ സമ്പ്രദായമാകാം. പൊതു നിയമമല്ല. ശിവ ക്ഷേത്രത്തിൽ മാത്രം പ്രദക്ഷിണം പോകുമ്പോള്‍ ബലിവട്ടത്തിന് പുറത്തു കൂടിയും അപ്രദിക്ഷണം വരുമ്പോള്‍ പ്രദക്ഷിണത്തിന് അകത്തുകൂടിയും വരികയാണ് ചിലയിടങ്ങളില്‍ ചെയ്യുന്നത്. എന്നാൽ പ്രദക്ഷിണവും അപ്രദക്ഷിണവും ബലിവട്ടത്തിന് പുറത്ത് കൂടി ചെയ്യുന്നതാണുത്തമം. ഒരു ക്ഷേത്രത്തിലെയും ബലിക്കല്ലിൽ അറിയാതെ പോലും ചവിട്ടരുത്. അറിയാതെ അങ്ങനെ സംഭവിച്ചാൽ തന്നെ ഒരു കാരണവശാലും ബലിക്കല്ലിൽ തൊട്ട് തലയിൽ വയ്ക്കരുത്. ബലിക്കല്ല് തൊടാൻ പാടില്ല എന്ന് നിയമം. അഥവാ അങ്ങനെ സംഭവിച്ചാൽ താഴെ പറയുന്ന ക്ഷമാപണം 3 തവണ ജപിക്കണം. അറിയാതെ ചെയ്ത അപരാധം നീങ്ങിക്കിട്ടും.

കരചരണകൃതം വാ കായജം കർമ്മജം വാ
ശ്രവണ നയനജം വാ മാനസം വാപരാധം വിഹിതമവിഹിതം വാ സർവ്വമേതത് ക്ഷമ സ്വ ശിവ ശിവകരുണാബ്‌ധോ ശ്രീമഹാദേവ ശംഭോ

ക്ഷേത്ര വിഗ്രഹത്തിനെ ആവരണം ചെയ്തിരിക്കുന്ന സപ്താവരണങ്ങളാണ് മതിൽക്കെട്ട്, പുറത്തെ പ്രദക്ഷിണവഴി, പുറബലിവട്ടം, ചുറ്റമ്പലം, അകത്തെ പ്രദക്ഷിണ വഴി, അക ബലിവട്ടം, ശ്രീകോവിൽ എന്നിവ. ദേവന്റെ വികാരങ്ങളുടെ മൂർത്തികളാണ് ബലിക്കല്ലുകൾ. ഇവ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് പകരുന്നവയാണ്.

ദേവന് ചുറ്റും ഈ വികാരവലയങ്ങൾ നിരന്തരം ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നതിനാൽ അവ മുറിഞ്ഞാൽ വികാരങ്ങളുടെ മൂർത്തികളായ ഗന്ധർവ്വന്മാർ ബാധിക്കുമത്രേ. എന്നാൽ നടവഴിയിലൂടെയാണെെങ്കിൽ ദേവചൈതന്യ പ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ നടവഴിയിലൂടെ കടന്നുപോകാം. പരസ്പരം ബന്ധിച്ചു നിന്ന് ദേവനിലേക്ക് അന്തർമ്മുഖരായി വികാരങ്ങളടക്കി ധ്യാനാവസ്ഥയിൽ കഴിയുന്ന മൂർത്തികളെ ഇടമുറിഞ്ഞും ചവുട്ടിയും ധ്യാനം തടസപ്പെടുത്തുമ്പോൾ അവ കോപിക്കുമെന്നാണ് തത്വം.

അതുപോലെ ശിവ ക്ഷേത്രത്തിൽ ജലം, പാൽ തുടങ്ങിയ ദ്രവ്യങ്ങൾ ഭക്തർ നേരിട്ട് ശിവലിംഗത്തിൽ അഭിഷേകം ചെയ്യരുത്. ഇവ ഇരുമ്പ് പാത്രത്തിൽ സമർപ്പിക്കരുത്. ഇരുമ്പ് രക്ത സമാനമാണത്രേ. ഒരു കാരണവശാലും ഭക്തർ വിഗ്രഹത്തിൽ തൊട്ടു തൊഴാനും പാടില്ല എന്നും പ്രമാണമുണ്ട്.

അസ്ട്രോളജർ ഡോ. എസ് അനിതകുമാരി
For video Consultation visit www. astrog.in
Story Summary : Why is half round (Pradakshina) made around Shiva temple

error: Content is protected !!