Saturday, 21 Sep 2024
AstroG.in

ശിവഭഗവാന്റെ കൃപാകടാക്ഷം
നേടാൻ നന്ദീശ്വര ഗായത്രി

ജ്യോതിഷരത്‌നം വേണു മഹാദേവ്
ശിവഭൂതഗണങ്ങളിൽ പ്രധാനിയാണ് നന്ദി എന്ന് വിളിക്കുന്ന നന്ദികേശ്വരൻ. ശിവഭഗവാന്റെ കൃപാകടാക്ഷങ്ങൾ അതിവേഗം നേടാനുള്ള എളുപ്പവഴി നമ്മുടെ സങ്കടങ്ങൾ നന്ദിയുടെ കാതിൽ രഹസ്യമായി പറയുകയാണെന്ന് വിശ്വസിക്കുന്ന ഭക്തർ ധാരാളമുണ്ട്. ശിവന്റെ വാഹനവും ദ്വാരപാലകനുമാണ് നന്ദി. എല്ലാ
ശിവക്ഷേത്രങ്ങളിലും ഭഗവാന്റെ മുന്നിലായി നന്ദിയെ കാണാം. ശ്രീകോവിലിന് അഭിമുഖമായി മണ്ഡപത്തിലാണ് നന്ദിയുടെ വിഗ്രഹങ്ങൾ സാധാരണ സ്ഥാപിക്കുന്നത്. ചില സ്ഥലങ്ങളിൽ ശ്രീപരമേശ്വരനെ ചുമന്നും പരമശിവന് കാവലായി ഗോപുരവാതിൽക്കലും നമുക്ക് നന്ദിദേവനെ കാണാം. തൊഴുത് നിൽക്കുന്ന രൂപത്തിലും നന്ദി പ്രതിമകൾ ചിലയിടത്തുണ്ട്. ത്രിശൂലവും അക്ഷമാലയും
ധരിക്കുന്ന നന്ദികേശനെ ദ്വാരപാലകനായി പ്രതിഷ്ഠിക്കണം എന്ന് അഗ്നിപുരാണത്തിൽ പറയുന്നു.

നന്ദി എന്ന പദത്തിന് നിത്യവും വളർന്നു വരുന്നത് എന്ന് അർത്ഥമുണ്ട്. ഇങ്ങനെ പുഷ്ടിപ്പെടുന്നത് എന്തുമാകാം. ധനം, വിദ്യ, ആരോഗ്യം – അങ്ങനെ എന്തും. ലോകത്തിലെ എല്ലാ വസ്തുക്കളുടെയും അഭ്യുന്നതിക്ക് കാരണക്കാർ ശിവഭഗവാനും വാഹനമായ നന്ദിയുമാണെന്ന് വിശ്വാസം. എല്ലാ ശിവാലയങ്ങളിലും മഹാദേവനും കുടുംബത്തിനും കാവലായി കിടക്കുന്ന നന്ദീശ്വരനെ കൈലാസത്തിൽ പോലും ദർശിക്കാം. ക്ഷേത്രഗോപുരനടകളിൽ കാവൽ കിടക്കുന്ന നന്ദീശ്വരന് മഹാശിവനെ പോലെ തൃക്കണ്ണും മനോഹരമായ മുഖശ്രീയും തലയിൽ ജഡാമുടിയും ചന്ദ്രക്കലയുമുണ്ട്. പുലിത്തോൽ, കൈകളിൽ വാൾ, മഴു, കാൽ ചുവട്ടിൽ നീണ്ടവാൾ എന്നിവയും ദർശിക്കാം. പരമശിവനെ പോലെ തന്നെ നന്ദീശ്വരനെയും ഭക്തർ നിത്യവും ആരാധിക്കുന്നു. ബ്രഹ്മാവും വിഷ്ണുവും വരെ ശിവ – നന്ദീശ്വര ആരാധകരാണെന്ന് വിശ്വസിക്കുന്നു. ചില സ്ഥലങ്ങളിൽ നന്ദികേശ്വര ക്ഷേത്രങ്ങളുണ്ട്.
മൈസൂരിലെ ചാമുണ്ഡിമലയിലും രാമേശ്വരത്തുമുള്ള നന്ദി വിഗ്രഹങ്ങൾ വളരെ വലുതാണ്.

ആദിഗുരുവും അറിവിന്റെ ദേവനുമായ ദക്ഷിണാമൂർത്തി ശിവഭവാന്റെ ജ്ഞാന രൂപഭാവമാണ്. ആ മഹാദേവന്റെ വാഹനമായ നന്ദിയുടെ മന്ത്രമാണ് നന്ദീശ്വര ഗായത്രി മന്ത്രം. അറിവ് വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമായ ഈ ഗായത്രി മന്ത്രം പഠിക്കുന്ന കുട്ടികളും എത് രംഗത്തും അറിവ് വളർത്താൻ ആഗ്രഹിക്കുന്നവരും നിത്യവും ചൊല്ലുന്നത് വളരെ നല്ലതാണ്. കുട്ടികൾക്ക് അവർ പഠിച്ചതെല്ലാം പരീക്ഷകളിൽ അതിവേഗം നന്നായി പ്രയോജനപ്പെടും. മറ്റുള്ളവർക്ക് പാണ്ഡിത്യത്തിന്റെ മികവിൽ കലയിലും സാഹിത്യത്തിലും എന്നും വേണ്ട സമൂഹത്തിലെ എല്ലാ മേഖലകളിലും നന്നായി ശോഭിക്കാനാകും. നന്ദിഗായത്രി 28 തവണ വീതം എന്നും രാവിലെയാണ് ചൊല്ലേണ്ടത്.

നന്ദീശ്വര ഗായത്രി
സൗരഭേയായ വിദ്മഹേ
മഹാബലായ ധീമഹേ
തന്നോ ഋഷ: പ്രചോദയാല്‍

ജ്യോതിഷരത്‌നം വേണു മഹാദേവ്, +91 9847475559

Story Summary : Significance of Nandi Devan and Nandiswara Gayatri

error: Content is protected !!