Sunday, 6 Oct 2024
AstroG.in

ശിവരാത്രിയും ശനിയാഴ്ചയും ഒന്നിച്ച് ; ഈ അപൂർവ്വ ദിവസം വ്രതം നോറ്റാൽ മൂന്നിരട്ടിഫലം

ജ്യോതിഷരത്നം വേണുമഹാദേവ്

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിവസം അതായത് ചതുർദ്ദശി അർദ്ധരാത്രിയിൽ വരുന്ന ദിവസമാണ് മഹാശിവരാത്രി. ഈ വർഷം ഫെബ്രുവരി 18, കുംഭമാസം 6 ശനിയാഴ്ചയാണ് മഹാശിവരാത്രി കൊണ്ടാടുന്നത്.

ശിവരാത്രിയും ശനിയാഴ്ചയും ഒത്തുവരുന്നത് വളരെ അപൂർവമാണ്. അതിനാൽ ഈ ശിവരാത്രി ആചരണം ശനിദോഷ നിവാരണത്തിനും എല്ലാത്തരം തടസ്സങ്ങൾ നീങ്ങുന്നതിനും വളരെ ശ്രേഷ്ഠമായ ശനിപ്രദോഷ ശിവരാത്രിയാണ്.

പാലാഴി മഥനത്തിൽ ഉയർന്നു വന്ന കാളകൂട വിഷം ഭൂമിയിൽ വീഴാതെ ഭഗവാൻ ശ്രീ പരമേശ്വരൻ വിഴുങ്ങാൻ തുടങ്ങി. ഇതു കണ്ട് ദേവി പഞ്ചാക്ഷരി ജപിച്ച് കാളകൂടം താഴേയ്ക്ക് പോകാതെ ഭഗവാന്റെ കഴുത്തിൽ പിടിച്ചു തടഞ്ഞു. വിഷബാധയേറ്റു മോഹാലസ്യപ്പെട്ട ഭഗവാന് ചുറ്റും ദേവന്മാർ ഉപവാസം നോറ്റ് പ്രാർത്ഥന തുടങ്ങി. ഒടുവിൽ ഭഗവാന് ബോധം തിരിച്ചു കിട്ടി. അന്നുമുതൽ ശിവഭഗവാൻ നീലകണ്ഠനെന്നറിയപ്പെട്ടു. ആ ദിവസം മഹാശിവരാത്രിയായി. ശിവരാത്രി നാളിൽ വ്രതമെടുത്ത് ഉറക്കം വെടിഞ്ഞ് ശിവസ്തോത്രങ്ങൾ ജപിച്ച് ശ്രീ പരമേശ്വരനെ ഭജിക്കുന്ന ഭക്തർക്ക് ആശിക്കുന്നതെല്ലാം ലഭിക്കും. അവർ ചെയ്ത എല്ലാ പാപവും നശിക്കും. ഒടുവിൽ മോക്ഷം നേടി ശിവലോകം പൂകും.

ശിവൻ പരബ്രഹ്മ സങ്കല്പമാണ്. ആദിപരാശക്തിയും ബ്രഹ്മാവും മഹാവിഷ്ണുവും രുദ്രൻമാരും ശിവനിൽ നിന്ന് ഉത്ഭവിച്ചു എന്നാണ് ശിവചരിതം. ശിവന്റെ ശ്രീകോവിലിൽ പിൻവശത്തായി പാർവതി ദേവി ഇരിക്കുന്നു എന്നാണ് ക്ഷേത്ര സങ്കല്പം. ശിവ ക്ഷേത്രത്തിൽ പിൻവിളക്ക് വഴിപാട് നടത്തുന്നത് പാർവതി ദേവിയെ സങ്കല്പിച്ചാണ് . ശിവക്ഷേത്ര ദർശനത്തിന് പൂർണ്ണ ഫലം ലഭിക്കാൻ ശിവന് വഴിപാട് ചെയ്യുന്നതിനൊപ്പം പാർവതി ദേവിക്ക് പിൻവിളക്കും തെളിക്കണം.

നന്ത്യാർവട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, കരിംകൂവളം (നീലോല്പല ) വെള്ള എരിക്കിൻ പൂവ്, മഞ്ഞ അരളിപ്പൂവ് , മൂന്ന് ഇതളുകളുള്ള കൂവളത്തില ഇവയാണ് ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങളും ഇലകളും. ശിവന് ആയിരം വെള്ള എരിക്കിൻ പൂവ് കൊടുത്താൽ കിട്ടുന്ന പുണ്യം ഒരു മഞ്ഞ അരളിപ്പൂവ് കൊടുത്താൽ കിട്ടും. ഇത്രയും വിശേഷപ്പെട്ട മഞ്ഞ അരളിപ്പൂവ് ആയിരം എണ്ണം കൊടുക്കുന്ന പുണ്യം മൂന്ന് ഇതളുള്ള ഒരു കൂവളത്തില ഭഗവാന് സമർപ്പിച്ചാൽ ലഭിക്കും. ശിവന് മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമർപ്പിച്ചാൽ മൂന്നു ജന്മങ്ങളിലെ പാപങ്ങൾ ശമിക്കും. എന്നും ആയിരം താമരപ്പൂക്കൾ കൊണ്ട് മഹാവിഷ്ണു ശിവനെ പൂജിച്ചിരുന്നത്രേ. ഇതിൽ സംപ്രീതനായ ശിവൻ മഹാവിഷ്ണുവിന് കൊടുത്ത സമ്മാനമാണ് സുദർശനം എന്ന് ഒരു പുരാണ കഥയുണ്ട്.

മഹാ വിഷ്ണുവിന്റെ അവതാരങ്ങളായ പരശുരാമനും ശ്രീരാമനും ഭക്തിപുരസ്സരം ആരാധിച്ച് പാപമോചനം നേടിയത് ശിവപൂജയാലാണ്. പുരാണത്തിൽ എല്ലാ ദേവിദേവൻമാരും ശിവനെ പൂജിച്ചിരുന്നു എന്നും എല്ലാ ദേവൻമാരുടെയും ദേവനായത് കൊണ്ട് ദേവാധിദേവൻ മഹാദേവനാകുന്നു എന്നും പറയുന്നു.

നന്ദികേശ പ്രതിഷ്ഠയുള്ള ശിവക്ഷേത്ര ദർശനമാണ് ശ്രേഷ്ഠം. ശിവക്ഷേത്രത്തിൽ ആചാരപ്രകാരം ദർശനം നടത്തിയാൽ ആ നിമിഷം വരെയുള്ള സകല പാപങ്ങളും അവിടം കൊണ്ട് അവസാനിക്കും. ശിവക്ഷേത്രത്തിലെ ധനം അപഹരിക്കുകയോ ക്ഷേത്ര ഭൂമിയോ മറ്റു വസ്തുക്കളോ കൈവശപ്പെടുത്തുകയോ ശിവനെയോ ഭൂതഗണങ്ങളെയോ അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്നവർ ശിവകോപത്തിന് ഇരയാകും.

ശിവരാത്രി വ്രതവിധി

ശിവരാത്രിക്ക് തലേന്നാൾ വ്രതം തുടങ്ങണം. പൂർണ്ണ സസ്യാഹാരിയാകണം. ഒരു നേരം മാത്രം പച്ചരിച്ചോറ് കഴിച്ച് മറ്റ് സമയങ്ങളിൽ പഴങ്ങൾ കഴിക്കുക. മനസ്സാ വാചാ കർമ്മണാ ഒരു ജീവനേയും ദ്രോഹിക്കരുത്. കഴിയുമെങ്കിൽ ജോലികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ആരുമായും വാക്കുതർക്കം നടത്തരുത്. മൗനവ്രതം അനുഷ്ഠിച്ചാൽ ഉത്തമം. മനസ്സിൽ ഓം ഹ്രീം നമഃ ശിവായ’ എന്ന ശക്തി പഞ്ചാക്ഷരി മാത്രം സദാ ജപിക്കണം. പ്രപഞ്ചത്തിൽ കാണുന്ന എല്ലാം ശിവനാണെന്ന ബോധത്തോടെ വ്രതം നോൽക്കുക. ശിവരാത്രിയുടെ തലേന്നാളും ശിവക്ഷേത്ര ദർശനം നടത്തുന്നത് നല്ലത്. ശിവരാത്രി ദിവസം ആരംഭിക്കേണ്ടത് ശിവക്ഷേത്ര ദർശനത്തോടെ വേണം. വീട്ടിൽ പൂജാ മുറി ഉണ്ടെങ്കിൽ ഉമാമഹേശ്വര ചിത്രത്തിനു മുന്നിൽ യഥാശക്തി പൂജാസാധനങ്ങൾ ഒരുക്കി ചന്ദനത്തിരി കത്തിച്ച് ശിവ സ്തോത്രങ്ങൾ ചൊല്ലണം. പഞ്ചാക്ഷരിയായ ഓം നമഃ ശിവായ എന്നത് മാത്രമായി ലൗകീകർ ജപിക്കരുത്. പഞ്ചാക്ഷരി സർവ്വതും നഷ്ടപ്പെടുത്തി തപസ്സിലേക്ക് നയിക്കും. ശിവനു പോലും കർമ്മോത്സുകനാകാൻ ത്രിഗുണാത്മികയും, പ്രകൃതീശ്വരിയുമായ മഹാമായയുടെ ശക്തി ആവശ്യമാണ്. ആയതിനാൽ ശക്തി (ദേവീ ) ബീജമായ ഹ്രീം കൂടി ചേർത്ത് ഓം ഹ്രീം നമഃ ശിവായ എന്നു തന്നെ ജപിക്കണം ദേവീ ഭക്തി കൂടുതലുള്ളവർക്ക് ഹ്രീം ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി കവച പഞ്ചാക്ഷരിയും ജപിക്കാം. വില്വപത്രം, എരിക്കിൻ പൂവ് ഇവ കിട്ടുമെങ്കിൽ അത് ശിവന് സമർപ്പിക്കുന്നത് കൂടുതൽ അനുഗ്രഹദായകമാണ്. ശിവരാത്രി വ്രതത്തോടൊപ്പം സാധുക്കൾക്ക് അന്നം, വസ്ത്രം ഇവ ദാനം ചെയ്താൽ ശിവക്യപയുണ്ടാകും.

ശിവപൂജ ആരംഭിക്കുമ്പോൾ ഗണേശൻ, സുബ്രഹ്മണ്യൻ നന്ദീശ്വരൻ, ശക്തി എന്നിവരെ സ്മരിക്കണം.കുറഞ്ഞ പക്ഷം ഗണപതിയേയും നന്ദീശ്വരനേയും ശക്തിയേയും സ്മരിക്കാത്ത ശിവപൂജ അതും ശക്തിയെ മറന്നുള്ള ശിവപൂജ ചേമ്പിലയിൽ വെള്ളമൊഴിച്ച പോലെയാണ് എന്നാണ് പണ്ഡിതമതം. ശങ്കരാഷ്ടകം, , ലിംഗാഷ്ടകം , ശിവസഹസ്രനാമം ഇവയും ശിവരാത്രി നാൾ ജപിക്കുന്നത് നല്ലതാണ് . അത്യന്തം രഹസ്യവും സർവ്വ ഭീതിഹരവും മോക്ഷപ്രദായകവുമായ അമോഘ ശിവ കവചം ജപിക്കുന്നത് അത്യന്തം അനുഗ്രഹപ്രദമാണ്. ഭഗീരഥ വിരചിത ശിവ സഹസ്രനാമ ജപവും നല്ലതാണ്.

ജ്യോതിഷരത്നം വേണുമഹാദേവ്,
+91 8921709017

Story Summary: Maha Shivaratri 2023; Specialities, Significance and Benefits of Shivarathri Vritham

error: Content is protected !!