Saturday, 23 Nov 2024
AstroG.in

ശിവരാത്രി നാളിലെ ഏതൊരു പൂജയും ഐശ്വര്യദായകം ദുഃഖനിവാരകം

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

ശിവാരാധനയ്ക്ക് ഏറ്റവും പ്രധാന ദിവസം ശിവരാത്രിയാണ്. ശിവരാത്രി ദിവസം ചെയ്യുന്ന ഏതൊരു പൂജയും ഐശ്വര്യദായകമാണ്; ദുഃഖനിവാരകമാണ്.
2023 ഫെബ്രുവരി 18 ശനിയാഴ്ചയാണ് ഇത്തവണ ശിവരാത്രി. ക്ഷിപ്രപ്രസാദിയാണ് ശിവഭഗവാനെ പ്രീതിപ്പെടുത്താൻ ഏറ്റവും ഉത്തമമായ ശിവരാത്രി വ്രതം നോൽക്കുന്നവർ തലേദിവസം , ഫെബ്രുവരി 17 മുതല്‍ വ്രതം പാലിക്കണം. മത്സ്യമാംസാദി ഭക്ഷണം ത്യജിക്കുക. ഉച്ചയ്ക്ക് മാത്രം ഊണ് കഴിക്കാം രാവിലെയും വൈകിട്ടും പഴവര്‍ഗ്ഗമോ, ലഘുഭക്ഷണമോ കഴിക്കാം. ശിവരാത്രിദിനം ഉപവാസമാണ് ഏറ്റവും ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ലഘുഭക്ഷണം ആകാം. വെളുപ്പിന് കുളിച്ച് വസ്ത്രധാരണം നടത്തി യഥാവിധി പഞ്ചാക്ഷരം ജപിക്കണം. ഏതെങ്കിലും ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പൂജയിൽ പങ്കെടുക്കണം. ശിവ അഷ്ടോത്തരം, ശിവസഹസ്രനാമം, ശിവപുരാണം എന്നിവ പാരായണം ചെയ്യുന്നതും നല്ലതാണ്.

ശിവപ്രീതി സർവാനുഗ്രഹം
ശിവപ്രീതി നേടിയാൽ അസാദ്ധ്യമായി ഒന്നും തന്നെ ഉണ്ടാകില്ല എന്നാണ് വിശ്വാസം. ലോകം മുഴുവന്‍ ജയിക്കാന്‍ രാവണന് സാധിച്ചത് ശിവന്റെ അനുഗ്രഹം കൊണ്ടാണ്. ശിവനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തി ചന്ദ്രഹാസം എന്ന വാള്‍ സ്വന്തമാക്കുകയും ഇതിലൂടെ ദേവന്മാരെയും മനുഷ്യരെയും ജയിക്കുകയും ചെയ്തു. ആജ്ഞനേയസ്വാമി ലങ്കയെ ദഹിപ്പിച്ചപ്പോൾ പോലും ശിവാനുഗ്രഹത്താല്‍ രാവണൻ ലങ്ക പഴയതുപോലെ സൃഷ്ടിച്ചു എന്ന് പറയുന്നു. ശ്രീരാമചന്ദ്ര ദേവനാകട്ടെ രാമേശ്വരം സമുദ്രതീരത്തുവച്ച് ശിവപൂജ ചെയ്ത് തൃപ്തിപ്പെടുത്തിയിട്ടാണ് ലങ്കിയില്‍ സേതുബന്ധനം പോലും നടത്തിയത്. ശ്രീകൃഷ്ണ ഭഗവാനും ശിവന്റെ ഭക്തനായിരുന്നു.

ശിവരാത്രി പൂജാദര്‍ശനം പാപഹരം
ശിവരാത്രി ദിവസം ക്ഷേത്രത്തില്‍ നടക്കുന്ന പൂജകളില്‍ പങ്കെടുക്കുന്നത് പോലും ജീവിത വിജയത്തിന് ഗുണകരമാണ്. രാവിലെ നിര്‍മ്മാല്യ ദര്‍ശനം, ഉഷപൂജ, എതിരേറ്റ് പൂജ, പന്തീരടിപൂജ, ഉച്ചപൂജ എന്നിവയും, സന്ധ്യാ ദീപാരാധന, അത്താഴപൂജ, അര്‍ദ്ധരാത്രിയിൽ നടത്തുന്ന ശിവരാത്രി പൂജ എന്നിവയും ഏറ്റവും പ്രധാനമാണ്. ചതുർദ്ദശി തിഥി അർദ്ധരാത്രിയിൽ വരുന്ന ദിവസമാണ് ശിവരാത്രിയായി സങ്കല്പിക്കുന്നത്. ഈ എല്ലാ പൂജകളിലും പഞ്ചാക്ഷര മന്ത്രജപത്തോടെ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം. മുന്‍ജന്മാര്‍ജ്ജിതമായ പാപങ്ങള്‍പോലും കഴുകിക്കളയാന്‍ ഈ ദിവസത്തെ ശിവസ്മരണ പ്രയോജനപ്പെടുത്തും.

പഞ്ചാക്ഷര ജപം വിജയം നൽകും
നമഃ ശിവായ എന്നതാണ് പഞ്ചാക്ഷരമന്ത്രം. ഓം എന്നു കൂടി ചേര്‍ത്ത് ഷഡക്ഷരമായും ഇത് ചൊല്ലാറുണ്ട്. എല്ലാ ദിവസവും 336 പ്രാവശ്യം ഈ മന്ത്രം ജപിക്കുന്നത് എത്ര വലിയ പാപവും അകറ്റും. ഗൃഹത്തിലോ, ക്ഷേത്രത്തിലോ ഇരുന്ന് ജപിക്കാം. നദീതീരത്തും മലമുകളിലും ഇരുന്ന് ജപിക്കുന്നത് ഏറ്റവും ശ്രേയസ്‌കരം. വെറും നിലത്ത് ഇരുന്ന് ജപിക്കരുത്. പലകയിലോ, കരിമ്പടത്തിലോ, പായയിലോ ഇരുന്ന് ജപിക്കണം. ജപവേളയില്‍ നെയ്‌വിളക്ക് കൊളുത്തുന്നത് ഉത്തമം. ശിവരാത്രിക്ക് ജപം തുടങ്ങാം. ലൗകിക ജീവിതത്തിൽ വിജയം നേടാൻ
വെറുതെ നമഃ ശിവായ ജപിച്ചാൽ മതി

ശിവന് ഏറ്റവും പ്രിയം ധാര
പാപശാന്തിക്കും, ഇഷ്ടകാര്യ സിദ്ധിക്കും ശിവ ഭഗവാന് ചെയ്യാവുന്ന ഏറ്റവും പ്രധാന വഴിപാടാണ് ധാര. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ ജലത്തില്‍ ദര്‍ഭ കൊണ്ട് തൊട്ട് മന്ത്രങ്ങള്‍ ജപിക്കുന്നു. ഈ സമയം മുഴുവനും ഈ പാത്രത്തിന്റെ അടിയിലുള്ള ദ്വാരത്തിലൂടെയും കൂര്‍ച്ചത്തിലൂടെയും ശിവലിംഗത്തില്‍ ജലം ധാരയായി – ഇടമുറിയാതെ വീഴുന്നു. ഇതാണ് ധാരയുടെ സമ്പ്രദായം. ഇതിന് ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ഫലങ്ങളും കണക്കാക്കപ്പെടുന്നു. യോഗ്യനായ കര്‍മ്മിയെക്കൊണ്ട് ധാര ചെയ്യിച്ചാല്‍ നല്ല ഫലപ്രാപ്തി ഉണ്ടാകും. ശിവരാത്രി ദിവസം ചില ക്ഷേത്രങ്ങളിൽ ഘൃതധാര മാത്രമാണ് നടത്തുക. സര്‍വൈശ്വര്യ സമൃദ്ധി സമ്മാനിക്കുന്നതാണ് നെയ് ധാര.

വ്യത്യസ്തധാരകളും ഫലങ്ങളും

ശിവരാത്രി, തിങ്കളാഴ്ച, പ്രദോഷം, തിരുവാതിര, എന്നീ ദിനങ്ങള്‍ ധാരക്ക് വിശേഷമാണ്. 7,12,21,41 തുടങ്ങിയ യഥാശക്തി ദിവസം ധാര നടത്തിയാൽ ആഗ്രഹലബ്ധി
ഉറപ്പാണ്. വ്യത്യസ്തധാരകളും ഫലങ്ങളും.
ജലധാര : പാപശാന്തി, കാര്യവിജയം, ഘൃതധാര : സമൃദ്ധി, ഐശ്വര്യം. ക്ഷീരധാര : കാര്യവിജയം, ഇളനീര്‍ധാര: മന:ശാന്തി, പാപശാന്തി, പഞ്ചഗവ്യധാര : പൂര്‍വ്വജന്മ
ദുരിതശാന്തി, തേന്‍ധാര: ശാപദോഷശാന്തി, എണ്ണധാര: രോഗശാന്തി, ആരോഗ്യം, അഷ്ടഗന്ധജലധാര : ശത്രുദോഷശാന്തി

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, +919447020655

Story Summary: Benefits of Panchakshari Recitation, Shiva Pooja and Dhara on Shiva Ratri

Copyright 2023 Neramonline.com. All rights reserved

error: Content is protected !!