Sunday, 29 Sep 2024
AstroG.in

ശിവാരാധനയിൽ ഇത് പ്രത്യേകം ശ്രദ്ധിക്കണം;മഹാമൃത്യുഞ്ജയമന്ത്രം ഇപ്രകാരം ജപിക്കണം

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്

ദേവന്‍മാരുടെ ദേവനാണ് മഹാദേവന്‍. അതിനാൽ മറ്റ് മൂർത്തികളെ ആരാധിക്കുന്നത് പോലെയല്ല ശിവനെ ആരാധിക്കേണ്ടത്. അതിന് ചില പ്രത്യേക രീതികളുണ്ട്. പ്രത്യേകമായ പരിഗണന നൽകി ശിവ ഭഗവാനെ ഉപാസിക്കണം. അല്ലാത്ത പക്ഷം ആരാധന എന്ന രീതിയില്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും നെഗറ്റീവ് എനര്‍ജിയാണ് സൃഷ്ടിക്കുന്നത്. അത് ഒഴിവാക്കി ശിവനെ ആരാധിക്കാനും പ്രീതിപ്പെടുത്താനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:

തിങ്കളാഴ്ച പ്രധാനം
തിങ്കളാഴ്ച ദിവസമാണ് ശിവന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ദിവസം. എല്ലാ തിങ്കളാഴ്ചയും കുളിച്ച് ശുദ്ധിയായി മനസ്സും ശരീരവും വൃത്തിയാക്കി ശിവക്ഷേത്ര ദര്‍ശനം നടത്തണം. ഞായറാഴ്ചയും
ശിവപൂജയ്ക്ക് വിശേഷമാണ്.

ഭസ്മം ചാര്‍ത്തുക
മഹാദേവന് ഏറ്റവും ഇഷ്ടമുള്ളതാണ് വിഭൂതി അഥവാ ഭസ്മം. ഭസ്മം ചാര്‍ത്തി ക്ഷേത്രദര്‍ശനം നടത്തുന്നതാണ് ഏറ്റവും ഉത്തമം.

ഓം നമഃ ശിവായ
ശിവക്ഷേത്ര ദര്‍ശന സമയത്ത് ഓം നമഃ ശിവായ എന്ന് നിര്‍ത്താതെ ഉരുവിടുക. ഇത് ശിവപ്രീതി കൂടുതലായി സമ്മാനിക്കും.

ശിവനോടൊപ്പം ഗണേശനും
ശിവനോടൊപ്പം ഗണേശനേും ആരാധിക്കണം. ഒരിക്കലും ഭഗവാന്‍ ശിവനെ ഒറ്റയ്ക്ക് ആരാധിക്കരുത്.

കൂവള ഇല ഏറ്റവും പ്രധാനം
കൂവള ഇലയാണ് ശിവന് ഏറ്റവും പ്രിയങ്കരം. അതുകൊണ്ട് തന്നെ കൂവള മാല ചാര്‍ത്തുന്നത് ഇഷ്ടാഭിവൃദ്ധി ഉണ്ടാവാന്‍ കാരണമാകുന്നു.

പ്രസാദം വിതരണം
ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന പ്രസാദം അവിടെ തന്നെ വിതരണം ചെയ്യാന്‍ ശ്രമിക്കുക. ഇത് ഭഗവാന്റെ അനുഗ്രഹം കൂടുതല്‍ ലഭിക്കാന്‍ കാരണമാകും..

മഹാമൃത്യുഞ്ജയമന്ത്രം
മരണത്തെ ഭയക്കുന്നവരാണ് ഭൂരിഭാഗം പേരും. മരണഭയമാണ് പലരെയും പലതില്‍ നിന്നും പിന്നോട്ടു വലിക്കുന്നതും. മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍ പറയുന്ന ഒരു വഴിയാണ് മഹാമൃത്യുഞ്ജയമന്ത്രം. ശിവനുമായി ബന്ധപ്പെട്ടതാണിത്. മരണത്തെ തടുത്തു നിര്‍ത്തുന്നതിനു മാത്രമല്ല, മറ്റു പല ആവശ്യങ്ങള്‍ക്കായും മഹാമൃത്യുഞ്ജയമന്ത്രം ജപിക്കും. ഇത് ഒരോ ആവശ്യത്തിനും പല എണ്ണങ്ങളിലായാണ് ചൊല്ലേണ്ടത്.

രോഗങ്ങളകറ്റാന്‍ മഹാമൃത്യുഞ്ജയമന്ത്രം 11000 തവണ ചൊല്ലണം.

സംരംഭങ്ങളിൽ വിജയം വരിക്കാനും സന്താനലാഭത്തിനും മഹാമൃത്യുഞ്ജയമന്ത്രം 150000 ഉര ചൊല്ലണമെന്നാണു വിധി.

മരണ ഭയം മാറ്റാൻ മഹാമൃത്യുഞ്ജയമന്ത്രം 150000 തവണ ചൊല്ലണം.

ആരോഗ്യത്തിനും ധനത്തിനും മഹാമൃത്യുഞ്ജയമന്ത്രം 108 തവണ ചൊല്ലാം.

മഹാമൃത്യുഞ്ജയമന്ത്രം തെറ്റു കൂടാതെ ഉച്ചരിക്കണം. തെറ്റായി ചൊല്ലുന്നത് ഗുണത്തെ കുറയ്ക്കും, ചിലപ്പോൾ ദോഷം വരുത്തുകയും ചെയ്യും.

വെളുപ്പിന് നാലു മണിയാണ് മഹാമൃത്യുഞ്ജയമന്ത്രം ചൊല്ലാന്‍ ഉത്തമം. ഇതിനു സാധിക്കുന്നില്ലെങ്കില്‍ ഇത് വീട്ടില്‍ നിന്നു്ം പുറത്തു പോകുന്നതിനു മുന്‍പും മരുന്നു കഴിക്കും മുന്‍പും ഉറങ്ങുന്നതിനു മുന്‍പും 9 തവണ ചൊല്ലുക.

വാഹനം ഓടിക്കുന്നതിനു മുന്‍പ് മഹാമൃത്യുഞ്ജയമന്ത്രം മൂന്നു തവണ ചൊല്ലുന്നത് അപകടങ്ങള്‍ ഒഴിവാക്കും.

ഈ മന്ത്രം ചൊല്ലുന്നതിനു മുന്‍പ് കുങ്കുമം, ചന്ദനം, ഭസ്മം ഇവയിലേതെങ്കിലും നെറ്റിയില്‍ അണിയുന്നത് ഫലം ഇരട്ടിയാക്കും.

വീട്ടില്‍ ശിവപ്രീതി നിറയാനായി മഹാമൃത്യുഞ്ജയമന്ത്രം ചൊല്ലേണ്ട രീതിയുണ്ട്. ഒരു ഗ്ലാസ് വെള്ളമെടുക്കുക. കിഴക്കഭിമുഖമായി ഇരിക്കുക. ശിവനെ പ്രാര്‍ത്ഥിക്കുക. ഗ്ലാസിന്റെ മുകള്‍ഭാഗം വലതുകൈപ്പത്തി കൊണ്ട് അടച്ചു പിടിക്കുക. ഇത് 1008 തവണ ചൊല്ലുക.

വെള്ളം വീട്ടില്‍ തളിക്കുക. അല്‍പം വീതം എല്ലാവരും കുടിക്കുക.

ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാല്‍
മൃത്യോര്‍മ്മുക്ഷീയമാമൃതാത്

മഹാമൃത്യുഞ്ജയ മന്ത്രം കഴിയുന്നത്ര തവണ ഉരുവിടുക. ഇത് ശിവപ്രീതി വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

മഹാമൃത്യുഞ്ജയഹോമം

ശിവപ്രീതി യുണ്ടെങ്കില്‍ ആയുസ്സിന് ദൈര്‍ഘ്യമുണ്ടാവും. കടുത്ത ആരോഗ്യ പ്രശ്നങ്ങളെയും ആയുസ്സിനുള്ള ഭീഷണിയെയും അതി ജീവിക്കാന്‍ മഹാമൃത്യുഞ്ജയ മന്ത്രവും ഹോമവും സഹായിക്കും.
ജാതകന്‍റെ ജന്മനക്ഷത്രത്തില്‍ മഹാമൃത്യുഞ്ജയ ഹോമം നടത്തുന്നത് അത്യുത്തമമായി ജ്യോതിഷ പണ്ഡിതര്‍ പറയുന്നു. പേരാല്‍, അമൃത്, എള്ള്, കറുക, നെയ്യ്, പാല്‍, പാല്‍പ്പായസം എന്നിവയാണ് മൃത്യുഞ്ജയ ഹോമത്തില്‍ ഹവനം ചെയ്യുന്നത്. സാധാരണ മൃത്യുഞ്ജയ ഹോമത്തില്‍ 144 തവണ വീതമാണ് സപ്ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്. ഏഴു ദിവസത്തെ മൃത്യുഞ്ജയ ഹോമമായി മഹാ മൃത്യുഞ്ജയ ഹോമം നടത്താറുണ്ട്. രോഗത്തിന്‍റെ അല്ലെങ്കില്‍ ദശാസന്ധിയുടെ കാഠിന്യം അനുസരിച്ച് ആയിരിക്കും മഹാമൃത്യുജ്ഞയ ഹോമത്തിന്‍റെ ദൈര്‍ഘ്യം, സപ്ത ദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്ന തവണ എന്നിവ നിശ്ചയിക്കുന്നത്.

പ്രദോഷവ്രതം.
വളരെ നിഷ്ഠയോടെ പ്രദോഷവ്രതമാചരിച്ചാൽ ശിവപ്രീതി ലഭ്യമാകുമെന്ന് പറയുന്നു. പ്രഭാതത്തിൽ കുളിച്ചു ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും നടത്തി രുദ്രാക്ഷമാലയും അണിഞ്ഞ് പഞ്ചാക്ഷരീമന്ത്രത്തോടെ ഉപവസിക്കുകയാണ് പ്രദോഷനാളിൽ ചെയ്യുന്നത്. ഉപവസിക്കുന്ന നാളിൽ വിധിപ്രകാരം നീറ്റിയെടുത്ത ഭസ്മവും രുദ്രാഷമാലയും ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഏവരും സമ്മതിക്കുന്നു. സന്ധ്യക്ക് കുളിച്ചു പഞ്ചാക്ഷരി മന്ത്രം ജപിച്ച് ശിവക്ഷേത്ര ദർശനം
പ്രദോഷപൂജയിൽ പങ്കെടുക്കുന്നതോടെയാണ് പ്രയോഗം അവസാനിക്കുന്നത്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കുക. ദാരിദ്ര്യ ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന വ്രതമാണിത് പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. പകല്‍ ഉപവസിക്കുകയും ഭക്തിപൂര്‍വ്വം പഞ്ചാക്ഷരം ജപിക്കുകയും വേണം. സ്നാനാനന്തരം സന്ധ്യയ്ക്ക് ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തുകയും കൂവളമാല ചാര്‍ത്തിക്കുകയും ചെയ്യുക. ഈ സമയത്ത് കൂവളത്തിലകൊണ്ട് അര്‍ച്ചനയും വിശേഷമാണ്. അതിനു ശേഷം പാരണയോടുകൂടി വ്രതസമാപ്തി വരുത്താം.

ശിവൻ നൃത്തമാടുന്ന സന്ധ്യ
പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതിദേവിയെ പീഠത്തില്‍ ആസനസ്ഥയാക്കിയിട്ട് ശിവന്‍ നൃത്തം ചെയ്യുന്നു. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നുവെന്നാണ് പ്രദോഷ വ്രതത്തെ പറ്റിയുള്ള ഒരു വിശ്വാസം. ഈ ദിനത്തില്‍ വിധി പ്രകാരം വ്രതമനുഷ്ടിക്കുന്നത് മൂലം സകല പാപങ്ങളും നശിക്കുന്നു. ശിവപാര്‍വ്വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയില്‍ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. ഈ സന്ധ്യയില്‍ സകലദേവതകളുടെയും സാന്നിധ്യം ശിവപൂജ നടത്തുന്നിടത്ത് ഉണ്ടാവും.
അതിനാല്‍ ഈ സമയത്തെ ആരാധനയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ട്. കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷം സർവോൽകൃഷ്ടമാണ്. തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും ദിവ്യത്വമേറും. സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി ഭൗതികമായ അഭിവൃദ്ധി നല്‍കുന്ന വ്രതമാണിത്. ആദിത്യദശാകാലം നടക്കുന്നവര്‍ ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തില്‍ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല്‍ അവര്‍ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും

ശിവനു മുല്ലപ്പൂ
സര്‍വ്വചരാചരങ്ങളുടേയും ആദിയും അന്ത്യവുമായാണ് ശിവഭഗവാനെ കണക്കാക്കുന്നത്. ശിവന് അഭിഷേകം നടത്തുമ്പോൾ ഓവിലൂടെ വരുന്ന പാലും ജലവുമെല്ലാം തീര്‍ത്ഥമാണ്. മഹാവിഷ്‌ണുവിനെ ആരാധിക്കാന്‍ തുളസി ഉപയോഗിക്കുമ്പോള്‍ പരമശിവന് അര്‍പ്പിക്കാൻ കൂവളത്തിന്റെ ഇലയെന്നാണ് വിശ്വാസം.
എന്നാല്‍ ശിവന് മുല്ലപ്പൂ സമര്‍പ്പിക്കുന്നതിനു പിന്നിലും ചില കാരണങ്ങളുണ്ട്. ചിലരുടെ ജാതകത്തില്‍ വാഹന യോഗം ഉണ്ടാകില്ല. ഇവര്‍ ശിവന് ശിവനു മുല്ലപ്പൂ അര്‍പ്പിക്കുന്നത് അനുകൂലമായ സാഹചര്യമൊരുക്കും.
ഏതെങ്കിലും വസ്തുവിനായി താല്‍പര്യം തോന്നിയാല്‍ ശിവ ഭഗവാന് പൂക്കള്‍ നല്‍കുന്നത് ഗുണം ചെയ്യും. മുല്ലപ്പൂവ് ശിവന് അര്‍പ്പിക്കുന്നത് പതിവാക്കിയാല്‍ വീട്ടില്‍ ഐശ്വര്യമുണ്ടാകും.

കൂവളം
ആരാധനയുടെ ഭാഗമായതു കൊണ്ടു തന്നെ കൂവളം നടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതുവഴി ശിവപ്രീതി ലഭിക്കുമെന്നാണ് വിശ്വാസം. കൂവളത്തിന്റെ ഓരോ തണ്ടിലും മൂന്ന് ഇലകള്‍ ആണുള്ളത്. ഇത് പരമശിവന്റെ തൃക്കണ്ണിന്റെ പ്രതീകമാണെന്ന് സങ്കല്പം.
പൂജയ്‌ക്കായി കൂവളത്തിന്റെ ഇല ഇറുക്കുന്ന ദിവസങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പൗർണ്ണമി, ചതുർ‌ത്ഥി, അമാവാസി, മാസപ്പിറവി, അഷ്ടമി, നവമി, തിങ്കളാഴ്ച ഈ ദിവസങ്ങളില്‍ കൂവളത്തിന്റെ ഇല ഇറുക്കുന്നത് ദോഷം ചെയ്യും. ഈ ദിവസങ്ങളിൽ തലേ ദിവസം വേണം പൂജയ്‌‌ക്ക് ആവശ്യമായുള്ള ഇലകള്‍ ഇറുത്തു വയ്‌ക്കാന്‍.
വീടിന്റെ തെക്കു വശത്തോ പടിഞ്ഞാറു വശത്തോ വേണം കുമ്പളം നടാന്‍. ഇവിടം ശുദ്ധിയായി സൂക്ഷിക്കണം. ഒപ്പം നിത്യവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കണം. കുടുംബത്തിന് ഐശ്വര്യം കൈവരാന്‍ ഈ ആരാധന സഹായിക്കും. ഒരു സാഹചര്യത്തിലും കൂവളം നശിക്കാതെ നോക്കേണ്ടതും അത്യാവശ്യമാണ്.
തുളസിക്കെന്ന പോലെ കൂവളത്തിനും പ്രത്യേക സ്ഥാനമുണ്ട്.

ഭസ്മം
ഭസ്മം മിക്കവരും ചാര്‍ത്താറുണ്ട്. എന്നാൽ അത് ചാര്‍ത്തേണ്ടത് എങ്ങനെയാണെന്നും എപ്പോഴെല്ലാം ഉപയോഗിക്കാൻ പാടില്ല എന്നും പലർക്കും അറിയില്ല.
രാവിലെയും വൈകുന്നേരവും ഭസ്മം ധരിക്കാം. മൂന്ന് വരയായിട്ടാണ് ധരിക്കേണ്ടത്. രാവിലെ വെള്ളം നനച്ചും വൈകുന്നേരം 6 മണിക്ക് ശേഷം നനയ്ക്കാതെയുമാണ് ധരിക്കേണ്ടത്. ശരീരത്തില്‍ 5, 8, 16, 32 സ്ഥാനങ്ങളിൽ ഭസ്മം ധരിക്കാം. ഒരു സ്ഥലത്ത് മാത്രം ധരിക്കുന്നത് ഉചിതമല്ല. ഭസ്മത്തിന് സകല പാപങ്ങളേയും നശിപ്പിക്കാനുള്ള കഴിവുണ്ട്. നിത്യം ധരിക്കുന്നതിലൂടെ ശിവപ്രീതി നേടുവാനു ശിവലോകം പ്രാപിക്കുവാനും സാധിക്കും. ഭസ്മത്തിന് സകലതിനേയും ശുദ്ധീകരിക്കാനാകും. ഭസ്മം ജപിച്ച് തൊടുന്നത് പലവിധ രോഗശമനത്തിനും ദുഷ്ട ശക്തികളുടെ ഉപദ്രവത്തില്‍ നിന്നും മോചനം നേടാൻ സഹായിക്കും. ജപിച്ച ഭസ്മത്തിന് പലവിധ വിഷങ്ങളെ ശമിപ്പിക്കുന്നതിനുള്ള കഴിവുമുണ്ട്.

ഓം നമഃ ശിവായ – ഈ പഞ്ചാക്ഷരി മന്ത്രം മാത്രം മതി സർവ്വ ദുരിതനിവാരിണിയായി.

ഓം ഉമാമഹേശ്വരായ നമഃ – ഈ ശങ്കര പാർവതി മന്ത്രം മാത്രം മതി കുടുംബ സൗഖ്യത്തിന്.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
+91 9847118340

Story Summary: Importance and Benefits of Shiva Worshipping


error: Content is protected !!