Tuesday, 12 Nov 2024
AstroG.in

ശീവേലി തൊഴുതാൽ ഐശ്വര്യം

മഹാക്ഷേത്രങ്ങളിലെ  മുഖ്യദേവത തന്റെ ഭൂതഗണങ്ങള്‍ക്ക് നിവേദ്യം നല്‍കുന്നത് നേരില്‍ കാണാന്‍ എഴുന്നള്ളുന്ന  ചടങ്ങാണ് ശീവേലി.  ശ്രീബലി എന്ന പദത്തിന്റെ കാലാന്തരമാണ് ശീവേലി. ഈ  എഴുന്നെള്ളിപ്പിന്  പ്രത്യേക ശീവേലി വിഗ്രഹമുണ്ട്.  അര അടിമുതല്‍ ഒന്നര അടിവരെയാണ് ഇതിന്റെ ഉയരം. ആ വിഗ്രഹത്തിന് യഥാര്‍ത്ഥ പ്രതിഷ്ഠയുടെ ഭാവമായിരിക്കും.ശിവ ക്ഷേത്രങ്ങളില്‍ ശ്രീകോവിലില്‍ ലിംഗ പ്രതിഷ്ഠയാകും  ഉണ്ടാകുക. പൊതുവെ ശിവ ക്ഷേത്രം അല്ലങ്കിൽ  മഹാദേവ ക്ഷേത്രം എന്ന് അറിയപ്പെടുകയും ചെയ്യും. അപ്പോഴുംയഥാര്‍ത്ഥ മൂര്‍ത്തി മറ്റൊന്നായിരിക്കും. നടരാജനോ, കിരാതമൂര്‍ത്തിയോ, ഭൈരവനോ അങ്ങനെ എന്തെങ്കിലും. അതെന്തായാലും  ശീവേലിവിഗ്രഹം  യഥാര്‍ത്ഥ മൂര്‍ത്തിയുടെ ഭാവത്തിലായിരിക്കും. 


ദിവസവും നടക്കുന്ന ചടങ്ങായതുകൊണ്ട് ഇതിനെ    നിത്യ ശീവേലി എന്നും  അറിയപ്പെടുന്നു. ശീവേലി മുടങ്ങിയാല്‍ ശ്രീദേവി മടങ്ങും എന്നൊരു ചൊല്ലുണ്ട്… സാധാരണ മഹാക്ഷേത്രങ്ങളില്‍ ഉഷഃപൂജ, എതൃത്തപൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നീ പൂജകളാണ് പതിവായുള്ളത്. അതുകൊണ്ടു തന്നെ പ്രധാന ക്ഷേത്രങ്ങളില്‍ എതൃത്തശീവേലി, ഉച്ചശീവേലി, അത്താഴ ശീവേലി ഇങ്ങനെ മൂന്ന്  ശീവേലികൾ നടത്താറുണ്ട്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ മൂന്ന് ശീവേലിയുണ്ട്.

നാലമ്പലത്തിനുള്ളിലാണ് അഷ്ടദിക്ക്പാലകരും, സപ്തമാതൃക്കളും, ദ്വാരപാലകരുമുള്ളത്.  പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളും, ക്ഷേത്രപാലകനും കാണും. ഇവരെല്ലാം തങ്ങള്‍ക്കുള്ള നിവേദ്യം സ്വീകരിക്കുന്ന സമയമാണ്  ശീവേലി.ക്ഷേത്ര മേല്‍ശാന്തിയും കീഴ്ശാന്തിമാരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശീവേലിവിഗ്രഹവുമായി പുറത്ത് എഴുന്നള്ളി നിവേദ്യം നല്‍കും. മേല്‍ശാന്തി ഹവിസ്‌സ്–ജല–ഗന്ധ–പുഷ്പാദികളുമായി മുന്‍പിലും ഒരു കീഴ്ശാന്തി ശീവേലി വിഗ്രഹം തലയില്‍ ചുമന്ന്  പിന്നിലും നടന്ന് പ്രദക്ഷിണം വെയ്ക്കും. മൂന്ന് പ്രദക്ഷിണമാണ് കണക്ക്. ഉത്സവക്കാലത്ത് ശീവേലിക്ക് മാറ്റം വരും. അപ്പോൾ  ആനപ്പുറത്തായിരിക്കും ശീവേലി വിഗ്രഹം എഴുന്നെള്ളിക്കുക. ശീവേലിക്ക് ശേഷം ശാന്തിമാര്‍  വിഗ്രഹവുമായി ശ്രീലകത്തേക്ക്  തിരിച്ചുകയറും.

ക്ഷേത്രാചാരത്തിൽ മുടങ്ങാൻ പാടില്ലാത്ത ചടങ്ങാണ് ശീവേലി. അത് മുടങ്ങിയാല്‍ ഐശ്വര്യം മടങ്ങും എന്നാണ് പ്രമാണം. ശീവേലി കാണുന്നതും എഴുന്നള്ളത്തിൽ പങ്കടുക്കുന്നതും പുണ്യകരമാണ്. ഇത് കണ്ട് തൊഴുന്ന ഭക്തർക്ക് ഐശ്വര്യവും ഭാഗ്യവർദ്ധനവും അഭിവൃദ്ധിയും ലഭിക്കും.


error: Content is protected !!