ശൈല നന്ദിനിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ;
നവദുർഗ്ഗയെ ആരാധിക്കുന്ന നവരാത്രി
സുജാത പ്രകാശൻ, ജ്യോതിഷി
ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവങ്ങളിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. 2022 വർഷത്തെ നവരാത്രി ഉത്സവം സെപ്റ്റംബർ 26 മുതൽ ഒക്‌ടോബർ 5 വരെയാണ്.
നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നത് ദേവിശൈലപുത്രിയെയാണ്. ഹിമവാന്റെ മകൾ എന്നാണ് ശൈലപുത്രി എന്ന വാക്കിന്റെ അർത്ഥം. ദേവി ശൈലപുത്രിയുടെ വാഹനം കാളയാണ്. ഒരു കൈയിൽ ത്രിശൂലവും മറുകൈയിൽ കമലപുഷ്പവും കാണപ്പെടുന്നു.
നവരാത്രിയുടെ രണ്ടാം ദിനത്തിൽ പാർവ്വതിദേവിയുടെ ബ്രഹ്മചാരിണി ഭാവമാണ് ആരാധിക്കുന്നത്. നാരദമുനിയുടെ നിർദ്ദേശപ്രകാരം ശിവപത്‌നിയാവാൻ വേണ്ടി കഠിനതപസ് അനുഷ്ഠിച്ചതിനാൽ ദേവിക്ക് ബ്രഹ്മചാരിണി എന്ന നാമധേയം ലഭിച്ചു. ഇടത് കൈയിൽ കമണ്ഡലുവും വലത് കൈയിൽ അക്ഷമാലയും ഏന്തി ശുഭ്രവസ്ത്രം ധരിച്ചതാണ് ദേവിയുടെ രൂപം.
നവരാത്രിയുടെ മൂന്നാം ദിവസം പാർവ്വതിയുടെ ചന്ദ്രഘണ്ഡാഭാവമാണ് ആരാധിക്കുന്നത്. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡ എന്ന നാമത്തിൽ അറിയപ്പെടുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്ത് കൈകളുണ്ട്. ഓരോ കൈകളിലും ആയി പത്മം, ധനുഷ്, ബാണം, കമണ്ഡലം, ഖഡഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്.
നവരാത്രിയുടെ നാലാം ദിവസം ആരാധിക്കുന്നത് ദേവിയുടെ കൂഷ്മാണ്ഡ ഭാവത്തെയാണ്. സിംഹവാഹിനിയായ ദേവിക്ക് എട്ടു കൈകളുണ്ട്. ഏഴു കൈകളിൽ യഥാക്രമം കമണ്ഡലു, വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം, ഗദ, ഇവ ധരിച്ചിട്ടുണ്ട്. അഷ്ടസിദ്ധികളും നവനിധികളും പ്രദാനം ചെയ്യാൻ കഴിവുള്ള ദിവ്യമാലയാണ് ദേവിയുടെ എട്ടാമത്തെ കൈയിൽ ഉള്ളത്.
നവരാത്രിയുടെ അഞ്ചാം ദിവസം ദേവിയെ സ്‌കന്ദമാതാ ഭാവത്തിലാണ് ആരാധിക്കുന്നത്.
കുമാരൻ കാർത്തികേയന്റെ മാതാവായതിനാൽ ദേവി സ്‌കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു. സ്‌കന്ദനെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ് ദേവിക്ക്. സിംഹവാഹിനിയായ ദേവിക്ക് നാല് കൈകളാണുള്ളത്. വലത് കൈയിലൊന്നിൽ ആറു
ശിരസോട് കൂടിയ ബാലമുരുകനും ഇടത് കൈയിൽ വരമുദ്രയും താമരപ്പൂവും ആണുള്ളത്.
നവരാത്രിയുടെ ആറാം ദിവസം ദേവിയെ കാർത്ത്യായനി ഭാവത്തിൽ ആരാധിക്കുന്നു. കതൻ എന്ന മഹാ ഋഷിയുടെ പുത്രനായ കാത്യൻ ദുർഗ്ഗാദേവിയെ പുത്രിയായി ലഭിക്കുന്നതിന് മഹാതപം അനുഷ്ഠിച്ചു. കാത്യന്റെ പ്രാർത്ഥനയിൽ സംപ്രീതയായ ദേവി കാത്യന്റെ പുത്രിയായി ജന്മമെടുത്തു. കാത്യന്റെ പുത്രി ആയതിനാൽ ദേവി കാർത്ത്യായനി എന്ന നാമത്തിൽ അറിയപ്പെടുന്നു. സിംഹമാണ് വാഹനം. നാലു കൈകളുള്ള ദേവി ഖഡ്ഗവും പത്മവും കൈകളിലേന്തിയിരിക്കുന്നു.
നവരാത്രിയുടെ ഏഴാംദിവസം ദേവിയെ കാലരാത്രി ഭാവത്തിൽ ആരാധിക്കുന്നു. കറുത്ത ശരീരവർണ്ണമുള്ള കാലരാത്രി ദേവി ദുർഗ്ഗയുടെ രൗദ്രരൂപമാണ്. ജട തീർക്കാത്ത മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനകരൂപമായാണ് കണക്കാക്കുന്നത്. നാലുകൈകളോട് കൂടിയ ദേവിയുടെ വാഹനം കഴുതയാണ്.
നവരാത്രിയുടെ എട്ടാമത്തെ ദിവസം ദേവിയുടെ മഹാഗൗരി ഭാവമാണ് ആരാധിക്കുന്നത്. നാലു കൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. ഇരുകൈകളിലുമായി ശൂലവും ഡമരുവും ഉണ്ട്.
നവരാത്രിയുടെ ഒൻപതാം ദിവസം ദേവിയുടെ സിദ്ധിദാത്രി ഭാവമാണ് ആരാധിക്കുന്നത്. സിദ്ധിദാത്രി ദേവി ഭക്തർക്ക് സർവ്വസിദ്ധികളും പ്രദാനം ചെയ്യുന്നു. താമരപൂവിൽ ഉപവിഷ്ടയായ ദേവിക്ക് നാല് കൈകളാണുള്ളത്. ചക്രം, ഗദ, താമര എന്നിവ ഏന്തിയ ദേവിയുടെ വാഹനം സിംഹമാണ്.
നവരാത്രി ദിനങ്ങളിൽ ആദ്യത്തെ മൂന്നുദിവസം ദേവിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്പിച്ച് പൂജ നടത്തുന്നു.
സുജാത പ്രകാശൻ, ജ്യോതിഷി,
+91 9995960923
(എടക്കാട് റോഡ്, പി ഒ കാടാച്ചിറ,
കണ്ണൂർ – 670621 email: sp3263975@gmail.com )
Story Summary: Significance of Nava Durga and Navarathri