Monday, 30 Sep 2024
AstroG.in

ശ്രീചക്രം ഗൃഹത്തിനും വ്യാപാര സ്ഥാപനത്തിനും ഐശ്വര്യം, രക്ഷ

സമ്പത്തിനും ധനത്തിനും വീടുകളിലും വ്യാപാര സ്ഥാപങ്ങളിലും വച്ച് ആരാധിക്കുന്ന വിശിഷ്ടമായ ദേവീ യന്ത്രമാണ് ശ്രീചക്രം. ശ്രീലളിതാദേവിയുടെ, ആദിപരാശക്തിയുടെ ഇരിപ്പടമാണ് ശ്രീചക്രം. ദേവീദേവന്മാരുടെയെല്ലാം ഉത്ഭവം പരാശക്തിയിൽ നിന്നായതിനാൽ എല്ലാവരുടെയും അമ്മയാണ് ലളിതാദേവി. അതിനാൽ എല്ലാ ദേവീദേവന്മാരുടെ യന്ത്രങ്ങളുടെയും ചൈതന്യം പരാശക്തിയുടെ ശരീരം തന്നെയായ ശ്രീചക്രത്തിൽ കുടികൊള്ളുന്നു. പ്രഞ്ചത്തെ നിയന്ത്രിക്കുന്ന ഈ ശക്തിവിശേഷത്തെ ആരാധിച്ചാൽ മനഃശാന്തി, സന്തോഷം, സമൃദ്ധി, സമ്പത്ത്, ആയുരാരോഗ്യ സൗഖ്യം തുടങ്ങി എല്ലാം ലഭിക്കും. ഭവനത്തിലും വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലും ശ്രീചക്രം വച്ച് ആരാധിക്കാം. വീട്ടിൽ സ്വസ്ഥവും ആനന്ദഭരിതവുമായ അന്തരീക്ഷം സംജാതമാകും. വ്യാപാര, വ്യവസായ സ്ഥാപനങ്ങളില്‍ വിധിപ്രകാരം സ്ഥാപിച്ച് ആരാധിച്ചാൽ സാമ്പത്തിക ദുരിതങ്ങൾ മാറി സമ്പൽസമൃദ്ധി ഉണ്ടാകും. സർവ്വഐശ്വര്യപ്രദായകം എന്നതാണ് ശ്രീചക്രത്തിന്റെ ഏറ്റവും വലിയ മേന്മ.

മദ്ധ്യത്തിലുള്ള ബിന്ദു ഉൾപ്പെടെ 9 ചക്രങ്ങളാണ് ശ്രീചക്രത്തിനുള്ളത്. ഈ ചക്രങ്ങളുടെ പേരുകളിൽ തന്നെ ഇതിന്റെ ഫലങ്ങളുമുണ്ട് – ത്രൈലോക്യ മോഹനം, സർവ്വാശാപരിപൂരകം, സർവ്വ സംക്ഷോഭണം, സർവ്വസൗഭാഗ്യദായകം, സർവ്വാർത്ഥ സാധകം, സർവ്വരക്ഷാകരം, സർവ്വരോഗഹരം, സർവ്വ സിദ്ധിപ്രദം, സർവ്വാനന്ദമയം എന്നിങ്ങനെ. ശിവന്റെയും ശക്തിയുടെയും ശരീരമാണ് ശ്രീചക്രമെന്ന് താന്ത്രിക ഗ്രന്ഥങ്ങൾ പറയുന്നു. ശിവശക്തികളുടെ പരിണാമമായ പ്രപഞ്ചത്തിന്റെ പ്രതീകമായ യന്ത്രം എന്നതാണ് ശ്രീചക്രത്തിന്റെ മാഹാത്മ്യം. പല ദേവീക്ഷേത്രങ്ങളിലും വിഗ്രഹത്തിനടിയിൽ ശ്രീചക്രം എഴുതി നിക്ഷേപിച്ചിട്ടോ വേറിട്ടോ പൂജിക്കുന്നുണ്ട്. ആദിപരാശക്തിയായ ലളിതാദേവിയെയും ശിവശക്തി ചൈതന്യത്തെയും പൂജിക്കുന്ന ഫലമാണ് ശ്രീചക്ര ആരാധനയിൽ ലഭിക്കുന്നത്. നൂറ് മഹായജ്ഞങ്ങൾ നടത്തുന്നതിന്റെ ഫലം ഒരു ശ്രീചക്രപൂജയിൽ നേടാം. എന്നാൽ ശ്രീചക്രപൂജ നടത്തുവാൻ ഗുരുപദേശം നേടണം. ശ്രീവിദ്യാ മന്ത്രത്തിന് ശ്രീചക്രവുമായി ബന്ധമുണ്ട്. അത്യന്തം രഹസ്യമായ ശ്രീവിദ്യാ മന്ത്രം ഗുരുവിൽ നിന്ന് തന്നെ സ്വീകരിക്കേണ്ടതാണ്.

സ്വർണ്ണം, ചെമ്പ്, വെള്ളി ലോഹങ്ങൾ ഏതെങ്കിലും ഒന്നിൽ ഉപാസനാബലം ലഭിച്ച കർമ്മിയെക്കൊണ്ട് ശ്രീചക്രം വിധിപ്രകാരം എഴുതിച്ച് പൂജിച്ച് വാങ്ങണം. സ്വർണ്ണത്തിലും ത്രിമാന രൂപത്തിലും തയ്യാറാക്കുന്ന ശ്രീചക്രം കൂടുതൽ ഫലം നൽകുമത്രെ. എങ്കിലും സാമ്പത്തികശേഷിക്ക് പറ്റുന്നത് സ്വന്തമാക്കിയാൽ മതി. വീട്ടിൽ പൂജാമുറിയിൽ വച്ച് വേണം ശ്രീചക്രം ആരാധിക്കേണ്ടത്. വെള്ളിയാഴ്ചകളാണ് ആരാധനയ്ക്ക് ഉത്തമം. രാവിലെയോ വൈകിട്ടോ സൗകര്യപ്രദമായ സമയത്ത് വിളക്ക് തെളിച്ച് കുങ്കുമം, ചുവന്ന സുഗന്ധപുഷ്പങ്ങൾ എന്നിവ ശ്രീചക്രത്തിൽ അർച്ചിച്ച് ലളിതസഹസ്രനാമം ജപിച്ചാണ് ദേവിയെ ആരാധിക്കേണ്ടത്. ദേവിയെ പ്രീതിപ്പെടുത്തുന്ന മറ്റ് ജപങ്ങളും യഥാവിധി കഴിവിനൊത്തവണ്ണം ചൊല്ലാം. ശക്തിപഞ്ചാക്ഷരി മന്ത്രമായ ഓം ഹ്രീം നമ: ശിവായ ജപിക്കുന്നത് വളരെ നല്ലതാണ്. ശ്രീചക്രത്തിന് ത്രിപുര സുന്ദരി ചക്രമെന്നും പേരുണ്ട്. സമ്പത്ത്, സന്തതി, സമാധാനം, സമൃദ്ധി, സന്തോഷം, ഉദ്യോഗം വിവാഹം തുടങ്ങി എന്ത് ആവശ്യത്തിനും ശ്രീചക്ര ആരാധന ഉത്തമമാണ്. എന്നാൽ ആഗ്രഹസാഫല്യ ശേഷം ആരാധന മുടക്കരുത്. എന്നും ആരാധിച്ചാൽ ശ്രീ ആദിപരാശക്തിയുടെ കടാക്ഷം സദാ ലഭിക്കും.
ദേവി രക്ഷാകവചമായി ഒപ്പമുണ്ടാകും.

സരസ്വതി ജെ.കുറുപ്പ്
+91 90745 80476

error: Content is protected !!