Saturday, 23 Nov 2024
AstroG.in

ശ്രീചക്രം പൂജിച്ചാൽ ഐശ്വര്യം പിന്നാലെ വരും

ജീവിതത്തിൽ നേരിടേണ്ടി വരുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ  ശ്രീചക്രപൂജ സഹായിക്കും. കാരണം ശ്രീ ചക്രം സകലയന്ത്രങ്ങളുടെയും രാജാവാണ്. പ്രപഞ്ച മാതാവായ  ശ്രീലളിതാ ദേവിയുടെ,  ആദിപരാശക്തിയുടെ ആവാസകേന്ദ്രമാണത്.എല്ലാ ദേവീദേവന്മാരുടെയും ഉത്ഭവം  ആദിപരാശക്തിയായ ശ്രീലളിതാംബികയിൽ നിന്നാണ്. ആ അമ്മയാണ് ശ്രീചക്രത്തിൽ വസിക്കുന്നത്. അതിനാൽ  ശ്രീലളിതാംബിക കുടികൊള്ളുന്ന ശ്രീചക്രത്തിൽ എല്ലാ ദേവീദേവന്മാരുടെയും, എല്ലാ യന്ത്രങ്ങളുടെയും  ചൈതന്യം അന്തർലീനമായിരിക്കുന്നു.

അത്യപാരമായ ഈ ശക്തിവിശേഷത്തെ ആരാധിച്ചാൽ മനഃശാന്തി, സന്തോഷം, സമൃദ്ധി, ആയുരാരോഗ്യ സൗഖ്യം തുടങ്ങി എല്ലാം ലഭിക്കും. മധ്യത്തിലുള്ള ബിന്ദു ഉൾപ്പെടെ ഒൻപതു ചക്രങ്ങളാണ് ശ്രീചക്രത്തിനുള്ളത്.


ത്രൈലോക്യമോഹനം, സർവ്വാശാപരിപൂരകം, സർവ്വസംക്ഷോഭണം, സർവ്വസൗഭാഗ്യദായകം, സർവ്വാർത്ഥസാധകം, സർവ്വരക്ഷാകരം, സർവ്വരോഗഹരം, സർവ്വസിദ്ധിപ്രദം, സർവ്വാനന്ദമയം എന്നീ പേരുകളിൽ ശ്രീചക്രത്തിലെ ഒൻപതു ചക്രങ്ങൾ അറിയപ്പെടുന്നു. ഈ പേരുകൾ തന്നെ  അവയുടെ മഹത്വവും ഫലവും വ്യക്തമാക്കുന്നു.ഇത് മനുഷ്യ ശരീരത്തിന്റെ ഒരു ചെറുപതിപ്പാണ്. 


ശ്രീചക്രം പൂജിക്കമ്പോൾ ആദിപരാശക്തിയായ ലളിതാ ദേവിയെയും ശിവശക്തി ചൈതന്യത്തെയും  മാതാപിതാക്കളെയും ഗുരുജനങ്ങളെയും ഈ പ്രപഞ്ചത്തെ തന്നെയും പൂജിക്കുന്ന ഫലമാണ് ലഭിക്കുന്നത്. ഇതിലൂടെ മാതാ, പിതാ, ഗുരു, ദൈവം എന്ന പൂജാ സങ്കല്പമാണ്  പാലിക്കപ്പെടുന്നത്.


അതുകൊണ്ടാണ്  നൂറ് മഹായജ്ഞങ്ങൾ നടത്തുന്നതിന്റെ ഫലം ഒരു ശ്രീചക്ര പൂജയിലൂടെ നേടാം എന്ന് പൂർവ്വാചാര്യന്മാർ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഭവനത്തിലും സ്ഥാപനങ്ങളിലും വച്ച് ശ്രീചക്രം ആരാധിക്കാം.


സ്വർണ്ണം, ചെമ്പ്, വെള്ളി എന്നീ ലോഹങ്ങളിൽ ഏതെങ്കിലും ഒന്നിൽ വേണം ശ്രീചക്രം ആലേഖനം ചെയ്യേണ്ടത്. സ്വർണ്ണത്തിലും ത്രിമാന രൂപത്തിലും തയ്യാറാക്കുന്ന ശ്രീചക്രം കൂടുതൽ ഫലം നൽകും എന്നൊക്കെ പറയുമെങ്കിലും സ്വന്തം കഴിവിനൊത്തത് സ്വന്തമാക്കിയാൽ മതി. ഗൃഹത്തിലാണെങ്കിൽ പൂജാമുറിയിൽ വേണം ശ്രീചക്രം സ്ഥാപിക്കാൻ.  ഭഗവത് ചിത്രങ്ങൾക്കൊപ്പം ഫ്രെയിം ചെയ്ത് വയ്ക്കുകയാണ് വേണ്ടത്. 


എന്നും പ്രത്യേകിച്ച് വെള്ളിയാഴ്ചകളിൽ രാവിലെയോ വൈകിട്ടോ  സൗകര്യ പ്രദമായ സമയത്ത് വിളക്ക് തെളിച്ച് മാതാപിതാക്കളെയും ഗുരുവിനെയും ഇഷ്ടദേവതയെയും  മനസ്സിൽ ധ്യാനിച്ച്ആദിപരാശക്തിയെ, ശിവശക്തി ചൈതന്യത്തെ പൂജിക്കണം. ഈ ആരാധനയിൽ    കുങ്കുമം , സുഗന്ധ പുഷ്പങ്ങൾ പ്രത്യേകിച്ചും ചുവന്ന പുഷ്പങ്ങൾ ശ്രീചക്രത്തിൽ അർച്ചിച്ച് ലളിതസഹസ്ര നാമാവലികളാണ്  പ്രധാനമായും ജപിക്കേണ്ടത്. 


ശ്രീചക്ര ആരാധനാവേളയിൽലളിതാ ദേവിയെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങൾ യഥാവിധി കഴിവിനൊത്തവണ്ണം ചൊല്ലുന്നതും ഓം ഹ്രീം നമശ്ശിവായ എന്ന ശക്തിപഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും വളരെ നല്ലതാണ്.  ശ്രീചക്രത്തിന്  ത്രിപുര സുന്ദരി ചക്രമെന്നും പേരുണ്ട്. 


നമ്മൾ ആഗ്രഹിക്കന്നതെല്ലാം സാധിച്ചു തരുന്നത് അമ്മയാണ്. അതു കൊണ്ടു തന്നെ മനുഷ്യർക്ക്  അവരുടേതായ ആഗ്രഹങ്ങൾ – സമ്പത്ത്, സന്തതി, സമാധാനം, സമൃദ്ധി, സന്തോഷം, ഉദ്യോഗം വിവാഹം തുടങ്ങി എന്ത് കാര്യത്തിനും ആശ്രയിക്കാനാവുന്നതും ശ്രീദേവിയെയാണ്; ശ്രീചക്രത്തെയാണ്. ഒരു കാര്യം ഉറപ്പാണ്.
ശ്രീചക്രത്തിൽ ആരാധന നടത്തിയാൽ സർവ്വഐശ്വര്യങ്ങളും സമ്പൽസമൃദ്ധിയും ഗൃഹത്തിൽ വന്നുചേരും. സ്വസ്ഥവും ആനന്ദഭരിതവുമായ ഒരു ഗൃഹാന്തരീക്ഷം സംജാതമാകും. ഗൃഹത്തിനും ഗൃഹവാസികൾക്കും ഏറ്റവും ഉത്തമമായ ഒരു ചക്രമാണിത്. ശ്രീചക്രം വ്യാപാര, വ്യവസായ സ്ഥാപനങ്ങളില്‍ വിധി പ്രകാരം സ്ഥാപിച്ച് പൂജ നടത്തിയാൽ സാമ്പത്തിക തടസങ്ങൾ മാറുകയും സമ്പൽസമൃദ്ധി ഉണ്ടാകുകയും ചെയ്യും. സർവ്വഐശ്വര്യപ്രദായകം എന്നതാണ് ശ്രീചക്രത്തിന്റെ ഏറ്റവും വലിയ മേന്മ.


എന്നാൽ ആഗ്രഹസാഫല്യത്തിന് ശേഷം പൂജ മുടക്കരുത്. തുടർന്നും യഥാവിധി  ശ്രീചക്രപൂജ ചെയ്താൽ ശ്രീ ആദിപരാശക്തിയുടെ കടാക്ഷം എപ്പോഴും ലഭിച്ചു കൊണ്ടിരിക്കും. മാത്രമല്ല ദേവി എല്ലാ കാര്യത്തിനും  രക്ഷാകവചമായി സദാ ഒപ്പമുണ്ടായിരിക്കും.ദു:ഖ നിവാരണത്തിന് ഒരു വഴി  ആലോചിച്ച്  വ്യാകുലപ്പെടുന്നവർക്ക് എന്തുകൊണ്ടും ഏറ്റവും  വിശ്വാസത്തോടെ ആശ്രയിക്കാവുന്ന ഒന്നാണ്  ശ്രീചക്ര പൂജ. 


ശ്രീചക്രത്തിലെ 9 ചക്രങ്ങളെ ക്രമാനുഗതമായി ഭൂപുരം മുതൽ ബിന്ദുവരെ പൂജിക്കുന്നതാണ് നവാവരണ പൂജ. സാധാരണ ഗതിയിൽ ശ്രീചക്രോപാസനയും നവാവരണ പൂജയും ശ്രീവിദ്യാ മന്ത്രോപദേശം സിദ്ധിച്ചവർക്കാണ് വിധിച്ചിട്ടുള്ളത്. എന്നാൽ മന്ത്രവും യന്ത്രവും അറിയാത്തവർക്കും ലളിതാംബികയോട് ആത്മാർത്ഥ ഭക്തിയുണ്ടെങ്കിൽ ശ്രീചക്രത്തെ പൂജിക്കാം എന്നാണ് ആചാര്യ വിധി.. നവാവരണ പൂജ കൂടാതെ ലളിതാസഹസ്രനാമം ചൊല്ലി ശ്രീചക്രത്തെ ആരാധിക്കുന്ന രീതിയാണ് സാധാരണക്കാർ പിൻതുടരുന്നത്.

– സരസ്വതി ജെ.കുറുപ്പ്+91 90745 80476

error: Content is protected !!