Saturday, 23 Nov 2024
AstroG.in

ശ്രീപത്മനാഭന്റെ ഉപദേവത നരസിംഹസ്വാമിക്ക് പുന:പ്രതിഷ്ഠ

*ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഫോട്ടോ: അനിഷ് രാജു

അത്ഭുതങ്ങൾക്ക് മിഴിനട്ട് ഭക്തലക്ഷങ്ങൾ

അത്ഭുതങ്ങൾക്ക് മനവും മിഴിയും നട്ട്  ചരിത്രപ്രസിദ്ധമായ ശ്രീപത്മനാഭ സ്വാമി സന്നിധിയിലെ ശ്രീനരസിംഹമൂർത്തി ക്ഷേത്രം പുന:പ്രതിഷ്ഠയ്ക്ക് ഒരുങ്ങുന്നു.  ശത്രുസംഹാരമൂർത്തിയായ ശ്രീനരസിംഹ സ്വാമിയുടെ  പുന:പ്രതിഷ്ഠ പുതിയ ശ്രീകോവിലിൽ  ജൂലൈ  മൂന്നിനാണ് നടക്കുന്നത്. അന്ന് ഉച്ചയ്ക്ക് 12.10 ന് പുന:പ്രതിഷ്ഠ നടക്കും. ഈ ശുഭമംഗള മുഹൂർത്തം ശ്രീനരസിംഹസ്വാമിയുടെ ഭക്തലക്ഷങ്ങൾ ആഘോഷപൂർവ്വം ഭക്തി നിർഭരമായാണ് എതിരേൽക്കുന്നതെങ്കിലും ഉത്കണ്ഠയുമുണ്ട്. ഈ ഭയത്തിനു കാരണം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്ന കൃതിയിൽ തിരുവിതാംകൂർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി എഴുതിയിട്ടുള്ള ആധികാരിക സംഭവവിവരണമാണ്. മുൻപൊരിക്കൽ ഇവിടെ ശ്രീനരസിംഹ സ്വാമിയുടെ പുന:പ്രതിഷ്ഠാ വേളയിൽ സൃഷ്ടിക്കപ്പെട്ട ഭീതി  തമ്പുരാട്ടി രേഖപ്പെടുത്തുന്നത് ഇങ്ങനെ: 

”പൂർണ്ണമായി സമർത്ഥിക്കപ്പെട്ടിട്ടുള്ള ഒരു കഥ ശക്തനായ ശ്രീ നരസിംഹ സ്വാമിയുടെ പുന:പ്രതിഷ്ഠ സംബന്ധിച്ചുള്ളതാണ്. കൃത്യമായും പുന:പ്രതിഷ്ഠാ സമയത്ത് ഈ ദേവന്റെ ക്രൗര്യം പെട്ടെന്ന് ഒരു അഗ്‌നിബാധയ്ക്ക് കാരണമായി. തന്ത്രിമാരുടെ നിർദേശാനുസരണം ആ ശക്തി കുറച്ച് ഭാഗികമായി പരിഹാരം ഉണ്ടാക്കുന്നതിനുള്ള പ്രക്രിയയായി എതിർവശത്തെ ഭിത്തിയിൽ വാസ്തു വിദ്യാതത്ത്വാധിഷ്ഠിതമായ ദ്വാരങ്ങൾ അഥവാ സൂത്രങ്ങൾ നിർമ്മിച്ചു. എന്തെന്നാൽ പൂജകൾ നടത്താൻ പോലും വിഗ്രഹത്തെ സമീപിക്കാൻ കഴിയാതെ വന്നു. സാധാരണയായി അത്തരം സ്ഥാനത്ത് സുഷിരങ്ങൾ ഇടാറില്ല. അദൃശ്യവും നിഷ്ഠൂരവുമായ ഒരു സിംഹത്തിന്റെ സാന്നിധ്യം പലർക്കും വീണ്ടും വീണ്ടും അനുഭവപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും പൂജകൾക്കുശേഷം ക്ഷേത്രം നിശ്ശബ്ദമാകുമ്പോൾ ഒരു സിംഹത്തിന്റെ ഗർജനവും ഏതാനും  തവണ കേട്ടിട്ടുണ്ട് ”.

എന്നാൽ നരസിംഹമൂർത്തി  ഭക്തരക്ഷകനും ദുഷ്ട ശിക്ഷകനുമായതിനാൽ നല്ല ഭക്തർ അഹിതങ്ങളൊന്നും  പ്രതീക്ഷിക്കുന്നില്ല. ശ്രീ പത്മനാഭസ്വാമി പള്ളി കൊള്ളുന്ന ശ്രീകോവിന്ഇടതുവശത്തുള്ള വിപുലമായ പാചകപ്പുരകൾ കടന്നെത്തുമ്പോഴാണ് ശ്രീനരസിംഹസ്വാമിയുടെ ക്ഷേത്രം. ചെറുചുറ്റിനോടു ചേർന്ന് തെക്കുഭാഗമായി കാണുന്ന ചെമ്പുതകിട് മേഞ്ഞ ഈ ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായതിനെത്തുടർന്നാണ് ശ്രീകോവിൽ ഇപ്പോൾ പുതുക്കി പണിതത്. ഈനിർമ്മാണത്തിന്റെ ഭാഗമായി വിഗ്രഹം ചുറ്റമ്പലത്തിലെ ബാലാലയത്തിലേക്ക് മാറ്റിയിരുന്നു. 

അനന്തശായിയായ ഭഗവാന്റെ ശ്രീകോവിലിലെ മേൽക്കൂര ചോർച്ച തീർക്കാൻ പുതിയ ചെമ്പുതകിട് മേഞ്ഞു കഴിഞ്ഞു. പഞ്ചലോഹ നിർമ്മിത വിഗ്രഹമാണ് ഉഗ്രനരസിംഹമൂർത്തിയുടേത്. അതിന്റെ ശക്തിയും രൗദ്രഭാവവും തന്ത്രിമാരും സാക്ഷ്യപ്പെടുത്തുന്നു. ഭഗവാന്റെ ഉഗ്രതയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്ത് (1829-1847) ആറാട്ടുഘോഷയാത്രയ്ക്കിടയിൽ ഒരാനയെ ആരോ വിരട്ടി രാജാവിനു നേർക്ക് തിരിച്ചു വിട്ടു. ആൾക്കൂട്ടം ഭയപ്പെട്ട് നാലുപാടും ചിതറിയോടി. മഹാരാജാവ് മാത്രം നിന്നിടത്തുനിന്നും അനങ്ങിയില്ല. ആന പെട്ടെന്നു നിന്ന് മഹാരാജാവിന്റെ മുമ്പിൽ മുട്ടുകുത്തി. മഹാരാജാവിന്റെ സ്ഥാനത്ത് നരസിംഹത്തിന്റെ രൗദ്രരൂപമാണ് കാണികളുടെ ദൃഷ്ടിയിൽപെട്ടതത്രേ. 

എന്തെങ്കിലും ആപത്തുണ്ടാകുന്നതിന്റെ സൂചനയായി ക്ഷേത്രത്തിനുള്ളിൽ നിന്നും ഒരു നരസിംഹത്തിന്റെ ഭയാനകമായ ഗർജ്ജനം ഉയർന്ന്  കേൾക്കുമായിരുന്നെന്നും ക്ഷേത്ര ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രചണ്ഡമായ ഈ ശക്തിവിശേഷത്തെ  അനുനയിപ്പിക്കുന്നതിന് ചില നിശ്ചിതസമയങ്ങളിലൊഴികെ, ക്ഷേത്രം തുറന്നിരിക്കുമ്പോഴെല്ലാം മുടങ്ങാതെ രാമായണം വായിക്കാറുണ്ട്.

ഈ നരസിംഹമൂർത്തി ദർശനവും വഴിപാടും ശത്രുദോഷ പരിഹാരത്തിന്  ഏറ്റവും നല്ലതാണെന്നും പെട്ടെന്ന് ഫലസിദ്ധിയുണ്ടാകുമെന്നും നൂറ്റാണ്ടുകളായി അനേകം തലമുറകൾ സാക്ഷ്യപ്പെടുത്തുന്നു. എത്ര കടുത്ത ശത്രുദോഷവും നരസിംഹസ്വാമി ദർശനവും ഇഷ്ട വഴിപാടായ പാനക നിവേദ്യവും അകറ്റിത്തരും. അർച്ചന, മുഴുക്കാപ്പ്, ക്ഷീരാഭിഷേകം, തൃമധുരം, ശത്രുദോഷപരിഹാര അർച്ചന  എന്നിവയാണ്  ഈ സന്നിധിയിലെ മറ്റ് പ്രധാന വഴിപാടുകൾ. 


പുലർച്ചെ 3.30 മുതൽ 4.45 വരെയും രാവിലെ 6.30 മുതൽ  7 വരെയും 8.30 മുതൽ 10 വരെയും 10.30 മുതൽ 11.10 വരെയും 11.45 മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 6.15 വരെയും 6.45 മുതൽ 7.20 വരെയുമാണ് സാധാരണ ദർശനസമയം. പുന: പ്രതിഷ്ഠകളുടെ ഭാഗമായി താന്ത്രിക ചടങ്ങുകൾ നടക്കുന്നതിനാൽ  ദർശനസമയത്തിൽ മാറ്റമുണ്ടാകും.

മറ്റൊരു ഉപദേവതാ സന്നിധിയായ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുതിയ കൊടിമര പ്രതിഷ്ഠ നടക്കുന്നത് ജൂലൈ നാലിനാണ്.  രണ്ട് പുന: പ്രതിഷ്ഠകളുടെയും ഭാഗമായ താന്ത്രിക ചടങ്ങുകൾ  തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു. ജൂലൈ 7 വരെ ചടങ്ങുകൾ  തുടരും. തിരുവമ്പാടി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ ജൂലൈ നാലിന് രാവിലെ 11.20 ന്  നടത്തും. ഇതിനുള്ള മുളയിടൽചടങ്ങുകൾ ആരഭിച്ചു. കൊടിമരപ്രതിഷ്ഠയ്ക്ക് ശേഷം തിരുവമ്പാടിയിൽ കൊടിയേറ്റും ഉത്സവും നടക്കും. 

– പി.എം ബിനുകുമാർ

മൊബൈൽ: + 91 94476  94053

error: Content is protected !!