ശ്രീപത്മനാഭസ്വാമി ക്ഷേത്രം മൂർത്തിക്ക് ; ഓർമ്മത്തിളക്കമായി തൃപ്പടിദാനം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാര പരിപാലനവും നടത്തിപ്പിനുളള അധികാരവും തിരുവിതാംകൂർ രാജ കുടുംബത്തിനും അവകാശപ്പെട്ടതാണെന്ന സുപ്രീം കോടതി വിധി വരുമ്പോൾ പത്മനാഭദാസരായ രാജകുടുംബാംഗങ്ങളുടെ ഓർമ്മയിലെത്തുന്നത് 1750 ജനുവരി 18 ന് ബുധനാഴ്ച രേവതി നക്ഷത്രത്തിൽ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മ മഹാരാജാവ് നടത്തിയ തൃപ്പടിദാനമാണ്.
ക്രിസ്തുവർഷം 1729 മുതൽ 1758 വരെയാണ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ ഭരിച്ചത്. 14 വയസ് മുതൽ അദ്ദേഹം ഭരണകാര്യങ്ങളിൽ അന്യാദൃശമായ കഴിവ് തെളിയിച്ചിരുന്നു. 24-ാം വയസിലാണ് രാജഭരണം ഏറ്റെടുത്തത്. ശ്രീ പത്മനാഭ സ്വാമിയുടെ പരമഭക്തനായിരുന്നു മഹാരാജാവ്. ആധുനിക പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ശിൽപ്പിയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിന്റെ ഇന്നത്തെ ഭൗതികഘടനക്ക് രൂപം കൊടുത്തത് അനിഴം തിരുനാളാണ്. എട്ടരയോഗത്തിലെ പോറ്റിമാരുടെയും എട്ടു വീട്ടിൽ പിള്ളമാരുടെയും അധീനതയിലായിരുന്നു അക്കാലത്ത് ക്ഷേത്രം. അവരുടെ നിയന്ത്രണത്തിൽ നിന്ന് ക്ഷേത്രം മഹാരാജാവ് ഏറ്റെടുത്തു. ക്രിസ്തുവർഷം 1686 ൽ ക്ഷേത്രത്തിലുണ്ടായ തീവ്രമായ അഗ്നിബാധയുടെ കേടുപാടുകൾ തീർത്തത് അനിഴം തിരുനാളാണ്. ശ്രീപത്മനാഭ സ്വാമി മൂന്ന് ചുറ്റുള്ള ആദിശേഷ തല്പത്തിൽ യോഗ നിദ്രയിൽ ശയിക്കുന്ന രൂപത്തിലുള്ള വിഗ്രഹം പന്തീരായിരത്തിയെട്ട് സാളഗ്രാമങ്ങൾ അടുക്കി വിഗ്രഹം ഉറപ്പിക്കുന്ന കൂട്ടായ കടുശർക്കരയോഗം പൊതിഞ്ഞ് പ്രതിഷ്ഠിച്ചു. ഈ സാളഗ്രാമങ്ങൾ നേപ്പാളിലെ ഗണ്ഡകീ നദിയിൽ നിന്ന് ശേഖരിച്ച് പശുപതിനാഥ ക്ഷേത്രത്തിൽ പൂജിച്ച് ആനപ്പുറത്താണ് കൊണ്ടുവന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു മലയിൽ നിന്ന് കൊണ്ടുവന്ന ഭീമാകാരമായ കരിങ്കല്ലിൽ നിന്ന് രൂപപ്പെടുത്തിയ ഒറ്റക്കൽ മണ്ഡപം ശ്രീ കോവിലിന് മുന്നിൽ സ്ഥാപിച്ചു. ആ കല്ലുകൊണ്ടു വന്ന സ്ഥലം അതോടെ തിരുമലയായി. ക്ഷേത്രത്തിൽ സ്വർണ്ണ കൊടിമരവും സ്ഥാപിച്ചു.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി അനിഴം തിരുനാളിനെ മാർത്താണ്ഡവർമ്മയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: കുരുക്ഷേത്ര യുദ്ധത്തിന് മുമ്പ് അർജുനനെയും കലിംഗയുദ്ധത്തിന് ശേഷം അശോകചക്രവർത്തിയെയും എന്ന പോലെ, ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗമെന്ന നിലയിൽ പോരാട്ടങ്ങളുടെ നൈഷ്ഫല്യവും, താൻ സൃഷ്ടിച്ച തിരുവിതാംകൂർ താൻ മൂലവും തനിക്ക് വേണ്ടിയും പതിച്ച അസംഖ്യം ആളുകളുടെ ജീവത്യാഗത്തിന്റെയും കരചരണ ഭഞ്ജനത്തിന്റെയും അടിത്തറയിൽ പടുത്തുയർത്തിയതാണെന്നുള്ള ബോധപൂർവമായ വൈകാരികാനുഭൂതിയും മഹാരാജാവിനെ അഗാധമായി അസ്വസ്ഥനും ദു:ഖിതനും ആക്കി. ഇതാണ് തൃപ്പടി ദാനത്തിന് കാരണമായത്. തന്റെ ഇഷ്ടദൈവത്തിന് എത്ര തന്നെ കീഴടങ്ങിയിട്ടും മാർത്താണ്ഡവർമ്മയ്ക്ക് മടുപ്പു തോന്നിയില്ല. അങ്ങനെ കന്യാകുമാരി മുതൽ പറവൂർ വരെ വ്യാപിച്ചിരുന്ന തിരുവിതാംകൂർ ദൈവത്തിന് അടിയറ വയ്ക്കാൻ അദ്ദേഹത്തെ ഉത്തേജിപ്പിച്ചു.
തൃപ്പടിദാനം വലിയൊരു ചടങ്ങായിരുന്നുവെന്ന് ശ്രീപത്മനാഭക്ഷേത്രം എന്ന പുസ്തകത്തിൽ പറയുന്നു. സമർപ്പണത്തിന് മുമ്പ് ദേവനെ ആവാഹനം ചെയ്തു. പൂർണ കലശഹോമം തുടങ്ങിയ മതകർമ്മങ്ങളും മഹാകുംഭാഭിഷേകവും നടത്തി. രാജകുടുംബാംഗങ്ങളും ദിവാൻ രാമയ്യനും സന്നിഹിതനായിരുന്നു. സ്വാമിയാർ, യോഗാംഗങ്ങൾ, ബ്രാഹ്മണർ എന്നിവരുടെ സാന്നിധ്യത്തിൽ തന്റെ ഒപ്പോടുകൂടി ദാന പ്രമാണം സമർപ്പിച്ചു. രാജ ചിഹ്നങ്ങളായ കിരീടം, വെൺകൊറ്റക്കുട, വെൺചാമര ദ്വന്ദ്വം, മണികണ്ഠം എന്നിവക്കൊപ്പം തുളസി ദളങ്ങളും മണ്ഡപത്തിൽ സമർപ്പിച്ച് തന്റെ രാജ്യവും അതിൽ മേലുള്ള അവകാശങ്ങളും ശ്രീ പത്മനാഭസ്വാമിക്ക് സമർപ്പിച്ചു. അതിനു ശേഷം തന്റെ ഉടവാൾ ശ്രീകോവിലിന് മുന്നിലുള്ള ഒറ്റക്കൽ മണ്ഡപ സോപാനത്തിൽ അടിയറവ് വച്ചു. തുടർന്ന് മുഖ്യപൂജാരിയിൽ നിന്നും ഉടവാൾ ഏറ്റുവാങ്ങി പൂജയ്ക്ക് ശേഷം കൊട്ടാരത്തിലേക്ക് മടങ്ങി. തന്റെ പിൻതലമുറ തിരുവിതാംകൂർ രാജ്യത്തിലേക്ക് കൊണ്ടുവരുന്ന എല്ലാം ശ്രീ പത്മനാഭന് സമർപ്പിക്കണമെന്ന് സമർപ്പണ പ്രമാണം പുറത്തിറക്കി. ബ്രാഹ്മണനായ ശങ്കരകുമാര പട്ടൻ എന്ന മേലെഴുത്ത് കണക്കൻ അഥവാ ഹെഡ്ക്ലാർക്കിന്റെ കൈപ്പടയിലാണു ദാന പ്രമാണമുള്ളത്.
പി.എം. ബിനുകുമാർ