Monday, 25 Nov 2024
AstroG.in

ശ്രീപത്മനാഭ പ്രീതിക്ക് മുറജപം വ്യാഴാഴ്ച തുടങ്ങും; ലക്ഷദീപം മകര ശീവേലിക്ക്

ആണ്ടുതോറും നടത്തിവരുന്ന രണ്ട് ഉത്സവങ്ങൾക്കു പുറമെ ആറുവർഷം കൂടുമ്പോൾ നടത്തുന്ന മുറജപത്തിനും  ലക്ഷദീപത്തിനും ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഒരുങ്ങുന്നു. 1520 മുതൽ മുടക്കമില്ലാതെ നടക്കുന്ന ആചാരമായ മുറജപവും ലക്ഷദീപവും ശ്രീ പത്മനാഭ പ്രീതിയ്ക്കായി തിരുവിതാംകൂർ രാജാക്കന്മാർ നടത്തി വന്ന സുപ്രധാന യാഗമാണ്. 56 ദിവസം നീണ്ടു നിൽക്കുന്ന മുറജപം ഇത്തവണ അടുത്ത വ്യാഴാഴ്ച,  നവംബർ 21 നാണ് ആരംഭിക്കുന്നത്.

ക്ഷേത്രഗോപുരവും പരിസരങ്ങളും ദീപങ്ങൾ കൊണ്ട് അലംകൃതമാകുന്ന ലക്ഷദീപം മുറജപത്തിന്റെ അവസാന ദിവസമായ 2020 ജനുവരി 15 ന് നടക്കും. അന്നു മുതൽ നാലു ദിവസം  മൺചെരാതുകളാലും വൈദ്യുത ദീപങ്ങളാലും ക്ഷേത്രഗോപുരവും ക്ഷേത്രപരിസരവും ചുറ്റമ്പലവുമെല്ലാം സുവർണ്ണ പ്രഭയിൽ ആറാടും. ശീവേലിപ്പുരയുടെ അഴിവിളക്കുകളും താൽക്കാലികമായി തയ്യാറാക്കുന്ന  തട്ടിവിളക്കുകളും, ഇടിഞ്ഞിലുകളും നിറയുന്നതോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലക്ഷംദീപ സമുദ്രപ്രഭയിൽ ജ്വലിക്കും.ഈ പുണ്യദർശനത്തിന്  അനേകായിരങ്ങൾ  തിരുവനന്തപുരത്തേക്കൊഴുകുകപതിവാണ്. 1971 മുതൽ ക്ഷേത്രഗോപുരത്തിൽ തെളിയിച്ചു പോരുന്നത് ദീപങ്ങൾക്കു പകരം വൈദ്യുതവിളക്കുകളാണ്. 2015 ജനുവരി 15 നാണ് കഴിഞ്ഞ ലക്ഷദീപം തെളിഞ്ഞത്. 

കാഞ്ചീപുരം, ശൃഗേരി, പേജാവാര്‍, ബ്രാഹ്മണ സഭ, യോഗക്ഷേമ സഭ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ഇരുന്നൂറോളം പുരോഹിതരാണ്  മുറജപത്തിനെത്തുന്നത്. ഇവർ ഋക്ക്, യജുസ്‌, സാമ വേദങ്ങൾ മുറയായി ജപിക്കും. എട്ടുദിവസം വീതമുള്ള ഏഴുമുറകളായി 56 ദിവസം കൊണ് മുറജപം പൂർത്തിയാകും. വേദങ്ങൾ  മന്ത്രങ്ങൾക്ക് പുറമെ സഹസ്രനാമവും ജപിക്കും. കുലശേഖരമണ്ഡപത്തിൽ രാവിലെ 6.30 മുതൽ 9.30 വരെയാണ് വേദമന്ത്രജപം. ഇത് ആരംഭിക്കും മുൻപ് അലങ്കാര പൂജ, മുഴുക്കാപ്പ്, നിറദീപം, പ്രത്യേക ഗണപതി ഹോമം തുടങ്ങിയവയുണ്ടാകും.ക്ഷേത്രതന്ത്രി മുഖ്യ കാര്‍മ്മികത്വം വഹിക്കും. സഹസ്രനാമം കുലശേഖര മണ്ഡപത്തിലും, ഋഗ്വേദം, യജുര്‍വേദം എന്നിവ കിഴക്കേ നടയ്ക്കകത്തെ രണ്ടു മണ്ഡപങ്ങളിലും, സാമവേദം വേദവ്യാസ മണ്ഡപത്തിലുമിരുന്നാണ് ജപിക്കുക. വൈകിട്ട് ഭക്തര്‍ക്കു വേണ്ടി സഹസ്രനാമ ജപം ശീവേലിപ്പുരയില്‍ നടത്തും.

വൈകിട്ട് 6.30 ന് ദീപാരാധനയ്ക്കുശേഷം പദ്മതീർത്ഥത്തിൽ മുട്ടോളം വെള്ളത്തിൽ നിന്നുള്ള  ശത്രുസംഹാരാർത്ഥമുള്ള ജലജപം ഇപ്പോൾ നടത്തുന്നില്ല. മറ്റു ജപങ്ങൾ ഇപ്പോഴും  തുടരുന്നു. ഓരോ മുറയും പൂർത്തിയാകുമ്പോൾ ശീവേലി ഉണ്ടായിരിക്കും.
മാർത്താണ്ഡവർമ്മ മഹാരാജാവാണ് മുറജപത്തിന്  തുടക്കം കുറിച്ചത്. രാജ്യത്ത് നീതി നടപ്പാക്കുമ്പോഴും രാജ്യ വിസ്തീർണ്ണം കൂട്ടേണ്ടി വരുമ്പോഴും യുദ്ധക്കളങ്ങളിലും മറ്റും മന:പൂർവ്വമല്ലാതെ ഉണ്ടാകുന്ന പാപങ്ങളുടെ പരിഹാര ക്രിയ എന്ന നിലയിലാണ് മുറജപം  നടത്തി വന്നത്.മുറജപം തുടങ്ങുന്നതിന് രണ്ടുമാസം മുൻപുതന്നെ തൃശൂർ തിരുനാവായ വാധ്യാന്മാർക്ക് മുറജപത്തിന്റെ മേൽനോട്ടത്തിനുള്ള ക്ഷണക്കത്ത് മഹാരാജാവ് കല്പിച്ച് അയയ്ക്കുമായിരുന്നു. ആഴ്‌വാഞ്ചേരി തമ്പ്രാക്കൾക്കും ശ്രേഷ്ഠവൈദികർക്കും പ്രത്യേക ക്ഷണമുണ്ടായിരുന്നു. 

ഓരോ മുറജപത്തിനുശേഷം സ്വർണ്ണക്കുടങ്ങളും ശരപ്പൊളിമാലകളും ശ്രീപദ്മനാഭന് മഹാരാജാവ് കാണിക്കയായി സമർപ്പിക്കുന്നു. പഴയകാലത്ത് നിർവിഘ്‌നം നടത്തിപ്പോന്ന ഇത് ഇപ്പോൾ കാണിക്കപ്പണമായാണ് സമർപ്പിക്കുന്നത്.

– വേണു മഹാദേവ്

+919847475559

error: Content is protected !!