Thursday, 21 Nov 2024
AstroG.in

ശ്രീമഹാവിഷ്ണു നെല്ലിമരത്തില്‍ വസിക്കുന്ന
ദിവസം ശത്രുദോഷഹരം; സമൃദ്ധിയും കൈവരും

തരവത്ത് ശങ്കരനുണ്ണി

ഫാല്‍ഗുനമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ആമലകീ ഏകാദശി. കുംഭ മാസത്തിലെ ഈ ദിവസം ഭഗവാന്‍ ശ്രീമഹാവിഷ്ണു നെല്ലിമരത്തില്‍ നിവസിക്കുന്നു. അതിനാല്‍ ഈ ദിവസം നെല്ലിമരത്തെ പൂജിക്കണം. ഈ ദിവസത്തിലെ വ്രതാനുഷ്ഠാനം ശത്രുദോഷഹരമാണ്. സമൃദ്ധിയും സന്തോഷവും കൈവരുകയും ചെയ്യും. ഇതാണ് കേരളത്തിലെ തിരുന്നാവായ ഏകാദശി. മഹാവിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളിൽ ഒന്നായി കണക്കാക്കുന്നു തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ആമലകീ ഏകാദശി വളരെ വിശേഷമാണ്. 2023 മാർച്ച് 3 നാണ് ഇത്തവണ ഇത്. മാർച്ച് 3 ന് വെളുപ്പിന് 2:34 മണി മുതൽ പകൽ 3:50 വരെയാണ് ഹരിവാസരം.
മാസത്തിൽ രണ്ട ഏകാദശികളാണുള്ളത്. ഇവയെല്ലാം ഒന്നിനൊന്നു പ്രധാനമാണ്. എന്നുപറഞ്ഞാൽ ഒരുമാസം രണ്ട് ഏകാദശി. പഴയരീതി അനുസരിച്ച് ചന്ദ്രമാസമാണ് കാലഗണനയ്ക്ക് എടുക്കുക. ഇപ്പോൾ പിന്തുടരുന്നത് സൂര്യമാസമാണ്. ഭൂമിക്ക് ഒരുവട്ടം സൂര്യനെ പ്രദക്ഷിണം ചെയ്യാനുള്ള മൊത്തം സമയം. ഇത് 30 ദിവസമാണ്. അങ്ങനെയാണ് 12 മാസങ്ങൾ കണക്കാക്കുന്നത്.

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ അടിസ്ഥാനമാക്കി വെളുത്ത പക്ഷം എന്നും കറുത്തപക്ഷം എന്നും ഈ 30 ദിവസത്തെ തിരിക്കുന്നു. ഓരോ പക്ഷത്തിനും 15 തിഥികളുണ്ട്. പ്രതിപദം മുതൽ തിഥി തുടങ്ങുന്നു. പത്താം ദിവസം ദശമി. പിറ്റേ ദിവസം അതായത് പതിനൊന്നാം ദിവസം ഏകാദശി. ഒരുമാസത്തിൽ രണ്ട് ഏകാദശികളുണ്ട്. അതുപോലെ ഒരു വെളുത്ത വാവും കറുത്ത വാവുമുണ്ട്.
ഏകാദശികളിൽ അരിയാഹാരം ഉപേക്ഷിച്ച് മറ്റ് എന്തെങ്കിലും ധാന്യമേ ഫലവർഗ്ഗങ്ങളോ കഴിക്കുകയോ നിവൃത്തിയുമില്ലെങ്കിൽ ഒരിക്കൽ ഊണാക്കുകയോ ചെയ്യുന്നത് ഏറ്റവും ഉത്തമം. ഇത് അനുഷ്ഠാന കാര്യം
മാത്രമല്ല ആരോഗ്യകാര്യം കൂടിയാണ്. അമിതമായി ആഹാരം കഴിക്കുന്നവർക്ക് മാസത്തിൽ രണ്ടു ദിനം എങ്കിലും വിശ്രമം കൊടുക്കാൻ ഏകാദശി വ്രതം ഉത്തമം.

ഏകാദശി നോമ്പു നോറ്റാൽ സർവ്വപാപങ്ങളും നശിക്കുമെന്നാണ് വിശ്വാസം. ഒരു വിഭാഗം ആൾക്കാർ
ഏകാദശി ദിവസം കാര്യമായി ഒന്നും കഴിക്കാറില്ല. പക്ഷേ ഭൂരിപക്ഷം പേരും ഗോതമ്പും മറ്റു ധ്യാനങ്ങളുമൊക്കെ അമിതമായി ഭക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഏകാദശി വ്രതത്തിന്റെ ഫലം നൽകില്ല. നോമ്പെടുത്താൽ ആരോഗ്യം അനുവദിക്കുമെങ്കിൽ ഉപവാസം തന്നെയാണ് ഉത്തമം. ഏകാദശി ദിവസം പൂർണ്ണ ഉപവാസമെടുത്താൽ ശരീരത്തിനും മനസ്സിനും ആരോഗ്യം വർദ്ധിക്കും. പൂർണ്ണ ശ്രദ്ധയോടെ പ്രാർത്ഥിച്ചാൽ ഏകാഗ്രത വർദ്ധിക്കുമെന്നും അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

വിഷ്ണു പ്രീതിയും പാപശാന്തിയുമാണ് ഏകാദശി വ്രതഫലം. സൂര്യോദയത്തിൽ ദശമി സംബന്ധമായുള്ള ഏകാദശിക്ക് ഭൂരിപക്ഷ ഏകാദശി എന്നും അരുണോദയത്തിൽ ദ്വാദശീയ സംബന്ധമായുള്ള ഏകാദശിക്ക് ആനന്ദപക്ഷ ഏകാദശിയെന്നും പറയുന്നു. യഥാക്രമം പിതൃപക്ഷവും ദേവപക്ഷവും. ഭൂരിപക്ഷ ഏകാദശിക്ക് സൂര്യോദയം മുതലാണ് ദിവസം ആരംഭിക്കുന്നത്. ആനന്ദപക്ഷം ഏകാദശിക്ക് അരുണോദയം (സൂര്യോദയത്തിന് നാലു നാഴിക മുമ്പ്) മുതൽ ദിവസം തുടങ്ങും. ആനന്ദപക്ഷക്കാർ അരുണോദയത്തിൽ ഏകാദശിക്ക് ദശമീസ്പർശം വന്നാൽ ആ ദിവസം വ്രതമെടുക്കില്ല. പിറ്റേദിവസമാണ് വ്രതാനുഷ്ഠാനം. രണ്ടു ദിവസവും അരുണോദയത്തിൽ ഏകാദശി വന്നാൽ പിറ്റേദിവസം വ്രതമെടുക്കും.
പൊതുവെ സ്വീകരിച്ചുവരുന്ന ഏകാദശി വ്രതാനുഷ്ഠാന വിധി: ദശമിദിവസം ഒരുനേരമേ ഭക്ഷണം കഴിക്കാവൂ. ഏകാദശി ദിവസം രാവിലെ കുളിച്ച് വെള്ളവസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദർശനം നടത്തുക. ആദിവസം മുഴുവൻ വിഷ്ണു ക്ഷേത്രത്തിൽ ഈശ്വരഭജനവുമായി കഴിച്ചു കൂട്ടുന്നതാണ് ഉത്തമം. ഊണും ഉറക്കവും അന്ന് തീർത്തും വർജ്യമാണ്. പ്രത്യേകിച്ച് ഹരിവാസര വേളയിൽ. ഹരിയുടെ സാന്നിദ്ധ്യം ഭൂമിയിൽ ഏറ്റവും വർദ്ധിക്കുന്ന സമയമാണ് ഹരിവാസരസമയം. ദ്വാദശിനാൾ പുലർച്ചേ കുളിച്ച് ക്ഷേത്രദർശനം കഴിഞ്ഞ് പുരാണപാരായണം ചെയ്തു തുളസീ തീർത്ഥം സേവിച്ച് വ്രതം മുറിക്കാം.

തരവത്ത് ശങ്കരനുണ്ണി, +91 9847118340

Story Summary: Significance of Thirunavaya Ekadeshi


error: Content is protected !!