Saturday, 23 Nov 2024
AstroG.in

ശ്രീരാമജയം എഴുതിയ മാല ഹനുമാന് ചാർത്തിയാൽ സർവ്വ കാര്യവിജയം

തരവത്ത് ശങ്കരനുണ്ണി
ശ്രീരാമദേവന്റെ മാത്രമല്ല തീവ്രശ്രീരാമഭക്തനായ ഹനുമാൻ സ്വാമിയുടെ അനുഗ്രഹാശ്ശിസുകൾ നേടുവാനും എറ്റവും ഉത്തമമാണ് കർക്കടക മാസത്തിലെ പൂജയും ഉപാസനയും. മന: ശുദ്ധിയും ശരീരശുദ്ധിയും പാലിച്ച് യഥാവിധി വഴിപാടു നടത്തി പ്രാർത്ഥിച്ചാൽ ആഞ്ജനേയ സ്വാമി സർവ്വകാര്യവിജയവും സമൃദ്ധിയും സമ്മാനിക്കും. ഏഴു ചിരംജീവികളിൽ ഒരാളായ ഹനുമാൻ സ്വാമിയുടെ ജന്മനക്ഷത്രമായ മൂലം നാളിൽ ഹനുമാൻ സന്നിധിയിൽ ചെന്ന് പ്രാർത്ഥിച്ചാൽ എല്ലാ ദോഷങ്ങളും അകന്ന് സർവ്വകാര്യ വിജയമുണ്ടാകും. കർക്കടകത്തിൽ മാത്രം അല്ല എല്ലാ മാസവും ഈ ദിവസം ഹനുമദ് ഉപാസനയ്ക്ക് വിശേഷമാണ്.

ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് ഹനുമാൻ സ്വാമി. ഹനുമാന്റെ നാമ ശ്രവണമാത്രയിൽ തന്നെ ദുഷ്ടശക്തികൾ അകന്നുപോകുമെന്ന് പുരാണങ്ങൾ പറയുന്നു. ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി ദോഷകാലങ്ങളിലും ഹനുമാനെ പ്രാർത്ഥിച്ചാൽ അതിന്റെ ദോഷ കാഠിന്യത്തിൽ നിന്ന് ഹനുമാൻ തന്റെ ഭക്തരെ കാത്തു രക്ഷിക്കുമെന്നാണ് വിശ്വാസം.

ഹനുമാന് ചില പ്രത്യേക വഴിപാടുകളുണ്ട്. അതിൽ ഒന്നാണ് ശ്രീരാമജയം എന്ന് അനേകം തവണ കടലാസിൽ എഴുതി മാല കോർത്ത് ഹനുമാൻ സ്വാമിയുടെ കഴുത്തിൽ അണിയിച്ച് പ്രാർത്ഥിക്കുക. ഭക്തിപൂർവം നിറഞ്ഞ വിശ്വാസത്തോടെ ഈ വഴിപാട് നടത്തിയാൽ സർവ്വകാര്യ വിജയം ഉണ്ടാകും.

വെറ്റിലമാല ചാർത്തി പ്രാർത്ഥിക്കുകയാണ് ഹനുമദ് പ്രീതി നേടാനുള്ള മറ്റൊരു അനുഷ്ഠാനം. ഈ വഴിപാടു നടത്തി പ്രാർത്ഥിച്ചാൽ എല്ലാ സമൃദ്ധിയുണ്ടാകും. ഏത് കാര്യത്തിലെയും തടസങ്ങൾ മാറും. പ്രത്യേകിച്ച് വിവാഹം സംബന്ധിച്ച വിഘ്നങ്ങൾ അതിവേഗം മാറുന്നതിന് ഹനുമാൻ സ്വാമിയെ ഉപാസിച്ചാൽ മതി. വെണ്ണക്കാപ്പ് വഴിപാട് കാര്യവിജയത്തിനും സിന്ദൂരക്കാപ്പ് മന:സന്തോഷത്തിനും വടമാല ആയൂരാരോഗ്യത്തിനും നല്ലതാണ്. ഹനുമാന് തുളസിമാല അണിയിച്ച് പ്രാർത്ഥിച്ചാൽ തീരാവ്യാഥികൾ അകലുമെന്ന് വിശ്വാസം.

ഭക്തിയോടെയും സമർപ്പണ മനോഭാവത്തോടെയും ഭജിക്കുന്ന തന്റെ ഭക്തരെ സകല ദു:ഖദുരിതങ്ങളിൽ നിന്നും എപ്പോഴും ഹനുമാൻ സ്വാമി കാത്തുരക്ഷിക്കും.

തരവത്ത് ശങ്കരനുണ്ണി,
+91 9847118340
Story Summary: Sree Rama Jayam Garland Offering To Hanuman Swamy For Wish fulfilment


error: Content is protected !!