Sunday, 6 Oct 2024
AstroG.in

ശ്രീരാമനെയും ഹനുമാൻ സ്വാമിയെയും
ഉപാസിക്കാൻ 8 പുണ്യ ദിനങ്ങൾ ഇതാ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ചൈത്രത്തിലെ നവമി മുതൽ പൗർണ്ണമി വരെയുള്ള ദിവസങ്ങൾ ശ്രീരാമനെയും ഭഗവാന്റെ പ്രിയദാസനായ ഹനുമാൻ സ്വാമിയെയും ആരാധിക്കാൻ വളരെയധികം വിശിഷ്ടമായ എട്ട് പുണ്യ ദിനങ്ങളാണ്. പതിവായി മേടത്തിൽ വരുന്ന ചൈത്രമാസത്തിലെ ഈ പുണ്യ ദിനങ്ങൾ ഇക്കുറി മീനത്തിലാണ് സമാഗതമാകുന്നത്.

രാമദേവന്റെ അവതാരദിവസമായ ശ്രീ രാമനവമി ചൈത്ര നവമിയായ 2023 മാർച്ച് 30 നും ഹനുമദ് ജയന്തി ചൈത്രപൂർണ്ണിമയായ ഏപ്രിൽ 6 നും ആചരിക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും ഹനുമദ് ജയന്തി ധനു മാസത്തിലെ മൂലം നക്ഷത്രത്തിലും ആചരിക്കുന്നുണ്ട്. തുടർച്ചയായി ഈ ദിനങ്ങളിലെ വ്രതവും പ്രാര്‍ത്ഥനയും ശ്രീരാമചന്ദ്രനെയും ഹനുമദ് സ്വാമിയെയും ഒരു പോലെ തൃപ്തിപ്പെടുത്തും. രാമനവമിയായ മാർച്ച് 30 മുതൽ ഹനുമദ് ജയന്തിയായ ഏപ്രിൽ 6 വരെയുള്ള 8 ദിവസം മുഴുവനും സാധാരണ നിഷ്ഠകൾ പാലിച്ച് വ്രതമെടുക്കുക ഉത്തമമാണ്.

ബ്രഹ്മചര്യം നിര്‍ബന്ധം. വ്രതദിനങ്ങളിൽ രണ്ട് നേരവും കുളിക്കണം. ശ്രീരാമ മന്ത്രങ്ങളും ഹനുമദ് മന്ത്രങ്ങളും ജപിക്കണം. ഓം രാം രാമായ നമഃ , ഓം നമോ നാരായണായ , ഓം ഹം ഹനുമതേ നമഃ എന്നീ മന്ത്രങ്ങൾ 108 തവണ വീതം ജപിക്കണം. വിഷ്ണുസഹസ്രനാമം, നാരായണീയം, ഭഗദവദ് ഗീത, ശ്രീമദ് ഭാഗവതം, രാമായണം, ശ്രീരാമ അഷ്ടോത്തരം, ഹനുമാൻ ചാലിസ, ഹനുമദ് അഷ്ടോത്തരം എന്നിവ യഥാശക്തി ജപിക്കുകയും ആകാം. മഞ്ഞ അല്ലെങ്കിൽ വെള്ള നിറത്തിൽ ഉള്ള വസ്ത്രം ജപവേളയില്‍ ധരിക്കുന്നത് ഗുണകരം.

ഈ 8 ദിവസവും വ്രതം എടുക്കാൻ കഴിയാത്തവർക്ക് മാർച്ച് 30, ഏപ്രിൽ 6 ദിവസങ്ങളിൽ മാത്രം വ്രതം നോൽക്കാം. രാമനവമി വ്രതം മാർച്ച് 29 ന് തുടങ്ങി 31 ന് പൂർത്തിയാക്കാം. ഹനുമദ് ജയന്തി വ്രതം തലേന്ന് (ഏപ്രിൽ 5) സൂര്യാസ്തമയത്തിൽ തുടങ്ങണം. മത്സ്യമാംസാദികൾ ത്യജിച്ച് വ്രതം പാലിക്കണം. ഹനുമാന്‍ സ്വാമി രാമഭക്തനായതിനാല്‍ ശ്രീരാമ ജയവും പ്രാര്‍ത്ഥിക്കണം. ഹനുമദ് ജയന്തി ദിവസം രാവിലെ തന്നെ ക്ഷേത്രദര്‍ശനം നടത്തി പ്രദക്ഷിണം വച്ച് ആജ്ഞനേയ സ്വാമിക്ക് ഏറ്റവും പ്രിയങ്കരമായ വെറ്റിലമാല സമര്‍പ്പിച്ച് അവില്‍ നിവേദ്യം വഴിപാട് നടത്തുക.

ഓം ഹം ഹനുമതേ നമഃ എന്ന മന്ത്രം സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ളതാണ്. ഈ മന്ത്രം 108 വീതം അന്ന് രാവിലെയും വൈകിട്ടും ജപിക്കണം. ഓം നമോ ഭഗവതേ ആജ്ഞനേയായ മഹാബലായ സ്വാഹാ എന്ന മന്ത്രം 48 പ്രാവശ്യം ജപിക്കുക. പിറ്റേന്ന് രാവിലെ തീര്‍ത്ഥം സേവിച്ച് വ്രതം പൂര്‍ത്തിയാക്കാം.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655

Story Summary: Eight divine days for worshipping Sree Rama Chandra Swami and Hanuman Swami


error: Content is protected !!