Friday, 22 Nov 2024
AstroG.in

ശ്രീറാം ജയ് റാം ജയ് ജയ് റാം ജപിച്ചാൽ ഹനുമാൻ ഓടിയെത്തി അനുഗ്രഹിക്കും

ആറ്റുകാൽ ദേവീദാസൻ
ആത്മവിശ്വാസവും ഇച്ഛാശക്തിയും ഊർജ്ജസ്വലതയും പ്രദാനം ചെയ്യുന്നതാണ് ശ്രീരാമ മന്ത്രങ്ങൾ. നിരന്തരമായ ശ്രീരാമ മന്ത്രജപത്തിലൂടെ ഏതൊരാൾക്കും മടിയും അലസതയും അകറ്റി കർമ്മശേഷി വർദ്ധിപ്പിച്ച് ജീവിത വിജയം നേടാൻ കഴിയും. എല്ലാ തിന്മകളെയും നിഗ്രഹിച്ച് മനസിനെ സുരക്ഷിതമാക്കാനും ശ്രീരാമ മന്ത്രങ്ങൾക്ക് ശേഷിയുണ്ട്. മനോമാലിന്യങ്ങൾ അകറ്റി മനുഷ്യരെ സുചരിതരാക്കുന്ന ശ്രീരാമനാമത്തിൽ രണ്ടു പദങ്ങളാണ് ഉള്ളത് – ശ്രീയും രായും. സ്ത്രീ പുരുഷ ഊർജ്ജത്തിന്റെ സമ്മേളനമാണ് ശ്രീരാമ മന്ത്രം എന്ന് ആചാര്യന്മാൻ വ്യക്തമാക്കുന്നു. ഒരു അർത്ഥത്തിൽ ശക്തിയും ശിവനും സംയോജിക്കുകയാണ് ഇതിൽ. അതിനാൽ മറ്റേതൊരു മന്ത്രത്തെക്കാളും ഉദാത്തമായ ഫലസിദ്ധി ശ്രീരാമ മന്ത്രത്തിനുണ്ട്. ഒരോ വ്യക്തിക്കും ആത്മീയാനുഭൂതി സാക്ഷാത്കരിക്കുന്നതിനുള്ള രാജകീയമായ പന്ഥാവാണ് ശ്രീരാമ മന്ത്രം എന്നും പ്രകീർത്തിക്കുന്നു. ഭയവും ജീവിതത്തിലെ എല്ലാ തരത്തിലുമുള്ള അനിശ്ചിതത്വവും സങ്കീർണ്ണതകളും അതിജീവിക്കാൻ ഈ മന്ത്രജപം സഹായിക്കും. പോരാത്തതിന് എല്ലാ ഭൗതിക നേട്ടങ്ങളും നമുക്ക് സമ്മാനിക്കും. രോഗ ദുരിതങ്ങളിൽ നിന്നും മോചിപ്പിക്കും. ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്യും. ധനക്ലേശവും കടവും തീർത്ത് സാമ്പത്തികമായ സുരക്ഷിതത്വം നൽകുന്നതിനും ശ്രീരാമ മന്ത്ര ജപം സഹായിക്കും. മികച്ച ഐക്യമത്യ സൂക്തവുമാണ് ഈ മന്ത്രം. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എല്ലാം ഒരു ചരടിൽ കോർത്ത് ശാന്തിയും ഐക്യവും സമ്മാനിക്കുന്നതിന് ശ്രീരാമ മന്ത്രജപം അത്യുത്തമമാണ്. വെറുതെ ശ്രീരാമ ജയം എന്ന് ജപിച്ചാൽ മതി ഭഗവാന്റെ അനുഗ്രഹാശിസ്സുകൾ ലഭിക്കുമെന്നാണ് വിശ്വാസം. ശ്രീരാമ ഭക്തർ ദേശഭേദമില്ലാതെ ഏറ്റവും കൂടുതൽ ജപിക്കുന്ന ഒരു മന്ത്രമാണ് ശ്രീറാം ജയ് റാം ജയ് ജയ് റാം. ഉത്തരേന്ത്യയിലാണ് ഈ മന്ത്രത്തിന് ഏറ്റവും പ്രചാരം. ഹനുമാൻ സാമി സദാ സമയവും ശ്രീറാം ജയ് റാം ജയ് ജയ് റാം ജപിച്ചു കൊണ്ടിരിക്കുന്നു എന്നാണ് കരുതുന്നത്. ഈ മന്ത്രജപത്തിലൂടെ മനോമാലിന്യങ്ങൾ അകന്ന് ആഗ്രഹസാഫല്യം നേടാം. കുറഞ്ഞത് 12 തവണ ഇത് നിത്യവും ജപിക്കണം. ശ്രീ റാം ജയ് റാം ജയ് ജയ് റാം ജപിക്കുന്നവരുടെ അടുത്തേക്ക് ഹനുമാൻ സ്വാമി പാഞ്ഞുവരുകയും അവരുടെ കണ്ണീരൊപ്പുകയും ചെയ്യുമെന്നാണ് അനുഭവത്തിലൂടെയുള്ള വിശ്വാസം.

ശ്രീരാമ വിജയം പാടുന്നിടത്തെല്ലാം ഹനുമാൻ സ്വാമി എത്തുകയും അസാദ്ധ്യമായ കാര്യങ്ങൾ പോലും സാധിച്ചു തരുകയും ചെയ്യും. ഇവിടെ എഴുതുന്ന സ്തുതിയിൽ ചിരഞ്ജീവിയായ ആഞ്ജനേയ ഭഗവാന്റെ അപാരതയാണ് വർണ്ണിക്കുന്നത്. നിത്യവും ഇതും ജപിക്കുന്നത് നല്ലതാണ്.

സർവ്വ കല്യാണ താതാരം
സർവ്വാപത് ഗണമാരുതം
അപാര കരുണാമൂർത്തിം
ആഞ്ജനേയം നമാമ്യഹം

അസാദ്ധ്യ സാധക സ്വാമിൻ
അസാദ്ധ്യം തവ കിംവദ
രാമദൂത കൃപാസിന്ധോ
മത് കാര്യം സാദ്ധ്യപ്രഭോ

ഓം ശ്രീറാം ജയ് റാം ജയ് ജയ് റാം.
ജയ് ശ്രീ റാം ജയ് ശ്രീറാം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
+91 984 757 5559

error: Content is protected !!