ശ്രീവരാഹ ജയന്തി, വരൂഥിനി ഏകാദശി ;ഈ ആഴ്ചയിലെ നക്ഷത്ര ഫലം
(2024 ഏപ്രിൽ 28 – മേയ് 4 )
ശ്രീവരാഹ ജയന്തി, വരൂഥിനി ഏകാദശി എന്നിവയാണ് 2024 ഏപ്രിൽ 28 ന് മൂലം നക്ഷത്രത്തിൽ ധനുക്കൂറിൽ
ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ഭൂമിയുടെ സംരക്ഷകനായ വരാഹമൂർത്തിയുടെ അവതാരദിനം വാരം തുടങ്ങുന്ന ഞായറാഴ്ചയാണ് കേരളത്തിൽ ആചരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പൊതുവെ ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ തൃതീയ ആണ് വരാഹ ജയന്തി. ചില സ്ഥലങ്ങളിൽ മാഘ മാസ ദ്വാദശി വരാഹ അവതാരമായി ആഘോഷിക്കുന്നു. ദശാവതാരങ്ങളിൽ മൂന്നാമത്തേതായ വരാഹജയന്തി
എന്തായാലും കേരളത്തിൻ മേട മാസത്തിലാണ് ആചരിക്കുന്നത്. മേയ് 4 ശനിയാഴ്ചയാണ് വരൂഥിനി ഏകാദശി വരുന്നത്. അന്ന് പകൽ 3:18 മുതൽ രാത്രി 1:53 വരെയാണ് ഹരിവാസരവേള. മേടത്തിലെ കൃഷ്ണപക്ഷ
ഏകാദശിയായ വരൂഥിനി ഏകാദശി വ്രതാനുഷ്ഠാനം കൊണ്ട് സുഖസൗഭാഗ്യങ്ങള്‍ സിദ്ധിക്കും. വ്രതഭാഗമായി ദാനാര്‍ഹർക്ക് വിധി പ്രകാരം ദാനം നല്‍കുന്നത് വളരെ വിശേഷമാണ്. അന്ന് ഉത്തൃട്ടാതി നക്ഷത്രത്തിൽ വാരം
അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്ര ഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആരോഗ്യം മെച്ചപ്പെടും. ആത്മവിശ്വാസം വർദ്ധിക്കും. വേഗം തീരുമാനങ്ങൾ എടുക്കാൻ കഴിയും. ഉന്നതരുമായി ബന്ധപ്പെടും. പുതിയ പദ്ധതികളും തന്ത്രങ്ങളും ആവിഷ്കരിക്കും. പണം വിവേകപൂർവം നിക്ഷേപിക്കും. കുടുംബ പ്രശ്‌നങ്ങളിൽ, പുറത്തുനിന്നുള്ളവരുടെ അനാവശ്യ ഇടപെടൽ പിരിമുറുക്കത്തിന് കാരണമാകും. പങ്കാളിയിൽ കൂടുതൽ ആത്മാർത്ഥത കാണിക്കും. പരസ്പര ധാരണ ശക്തമാകും. ബിസിനസ്സിൽ മികച്ച അംഗീകാരം ലഭിക്കും. വിജയം എപ്പോഴും ഒപ്പമുണ്ടാകും.
ഓം ശരവണ ഭവഃ ദിവസവും 108 തവണ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
മുതിർന്ന വ്യക്തികൾ ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കണം. സന്ധിവേദന, നടുവേദന എന്നിവയ്ക്ക്
സാധ്യതയുണ്ട്. ആരെയും ഒരു പരിധിയിൽ കൂടുതൽ വിശ്വസിക്കരുത്. അന്ധമായ വിശ്വാസം പ്രശ്നങ്ങൾ സൃഷ്ടിക്കും. സാമ്പത്തികമായി പ്രതികൂലമായി ചിലത് സംഭവിക്കാൻ സാധ്യതയുണ്ട്. ഭൂമി വിൽക്കാൻ തീരുമാനിക്കും. പരാശ്രയം കഴിയുന്നതും ഒഴിവാക്കുക. അനാവശ്യ ചെലവ് നിയന്ത്രിക്കണം. മാതാപിതാക്കളെ പിണക്കരുത്. ദാമ്പത്യത്തിൽ നിസ്സഹായതയോ ആശയക്കുഴപ്പമോ അനുഭവപ്പെടും. നിസ്സാരമായ കാര്യങ്ങളുടെ പേരിൽ കലഹിക്കരുത്. തൊഴിൽ രംഗം ശുഭകരമായിരിക്കും. രാഷ്ട്രീയ, സാമൂഹിക സേവന രംഗത്ത് നേട്ടം. ശാസ്താവിന് നീരാജനം സമർപ്പിക്കുക.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
സമയം അത്ര അനുകൂലമായിരിക്കില്ല. കോപം, നിയന്ത്രിക്കണം. ആശയ വിനിമയത്തിൽ പൂർണ്ണമായും പരാജയപ്പെടും. സാമ്പത്തിക ഇടപാടുകളിൽ വളരെ ശ്രദ്ധിക്കണം. പഴയ നിക്ഷേപത്തിൽ നിന്നും പ്രയോജനം ലഭിക്കാം. ബന്ധുവിൻ്റെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റാൻ ധാരാളം പണം ചെലവിടും. ചില കാര്യങ്ങൾ ആരോടും പറയരുത്. സമൂഹത്തിൽ നിലയും വിലയും വർദ്ധിക്കും. ജീവിത പങ്കാളിയുടെ നീരസം വകവയ്ക്കാതെ പ്രവർത്തിക്കും. യാത്രകൾ ധാരാളം നേട്ടങ്ങൾ നൽകും. മേലുദ്യോഗസ്ഥരുടെ പൂർണ്ണ പിന്തുണ ലഭിക്കും. ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കരുത്.
ദിവസവും 108 തവണ ഓം നമോ നാരായണ ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാത്തരം സാമ്പത്തിക പ്രശ്‌നങ്ങളും അതിജീവിക്കും.
വിലയേറിയ വസ്തുക്കൾ വാങ്ങും. സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും. അച്ഛന്റെ പെരുമാറ്റം അസ്വസ്ഥമാക്കും. കുടുംബത്തിൽ സമാധാനം നിലനിർത്താൻ ശ്രമിക്കും. ദാമ്പത്യജീവിതത്തിൽ നല്ല ചില മാറ്റങ്ങൾ ഉണ്ടാകും. വിവാഹം ഉറപ്പിക്കും. സകുടുംബം വിനോദയാത്ര പോകും. കഠിനാധ്വാനത്തിലൂടെ ജോലിയിൽ മുന്നേറാൻ കഴിയും. ബിസിനസ്സിൽ പുതിയ പദ്ധതികൾ ഗുണം ചെയ്യും. ദിവസവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. കണ്ണ്, ചെവി, മൂക്ക് എന്നിവ ശ്രദ്ധിക്കുക. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാം. കുടുംബാംഗങ്ങളും ജീവിതപങ്കാളിയും സദാ പൂർണ്ണ പിന്തുണ നൽകും. ഈശ്വരാധീനത്താൽ നിരവധി പ്രശ്‌നങ്ങൾ ഇല്ലാതാക്കും. മാനസികമായ ആശങ്കകൾ അനുഭവപ്പെടും. തർക്കങ്ങൾ വഷളാകാതെ നോക്കണം.
എല്ലാം നാളത്തേക്ക് മാറ്റിവയ്ക്കരുത്. നിക്ഷേപങ്ങൾ നടത്താൻ പറ്റിയ സമയമല്ല. ജോലിയിൽ സമയം വളരെ നല്ലതാണ്. വിദ്യാർത്ഥികൾ സമയം ഒട്ടും പാഴാക്കരുത്. ഓം നമോ നാരായണായ എന്നും 108 തവണ ജപിക്കുക.
കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
മാനസികവും ശാരീരികവുമായി ഗുണപരമായ ചില മാറ്റങ്ങളുണ്ടാകും. പണത്തിന്റെ അഭാവം കാരണം വീട്ടിൽ കലഹത്തിന് സാധ്യത കാണുന്നു. കുടുംബാംഗങ്ങളുമായി മനസ്സ് തുറന്ന് സംസാരിക്കണം. ബന്ധുക്കളോടൊപ്പം സമയം ചെലവഴിക്കാൻ കഴിയും. നിങ്ങൾ കാരണം മാതാപിതാക്കൾ സന്തോഷിക്കും. ജീവിതപങ്കാളിയെ അധിക്ഷേപിക്കുന്നത് ഒഴിവാക്കണം. അപകീർത്തിക്ക് സാധ്യതയുണ്ട്. ബിസിനസ്സിൽ അനുകൂല ഫലം ലഭിക്കും. വിവിധ വഴികളിൽ പണം ലഭിക്കാൻ സാധ്യത കാണുന്നു. നിത്യവും ഓം ഗം ഗണപതിയേ നമഃ 108 ഉരു ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1 , 2 , 3 )
ശുഭാപ്തി വിശ്വാസം നിലനിറുത്തണം. പരിശ്രമങ്ങൾ അഭംഗുരം തുടരണം. ഭൂമി, വാഹന ഇടപാടുകൾ വഴി ലാഭം പ്രതീക്ഷിക്കാം. സാംസ്കാരിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈശ്വരാധീനവും ഭാഗ്യവും ഗുണം ചെയ്യും. പ്രണയ/ ദാമ്പത്യ ജീവിതത്തിൽ മറ്റൊരാളുടെ ഇടപെടൽ തെറ്റിദ്ധാരണ സൃഷ്ടിക്കും. ജോലിസ്ഥലത്ത് ചിലരുടെ പെരുമാറ്റം സംശയങ്ങളുണ്ടാക്കും. ജോലിയിൽ മുന്നേറുന്നതിന് തടസം നേരിടും. മാനസിക സമ്മർദ്ദം, ഉത്കണ്ഠ അനുഭവപ്പെടും. ദാമ്പത്യ ജീവിതം തികച്ചും സന്തോഷകരമാകും. വിദേശയാത്രയക്ക് സാധ്യതയുണ്ട്.
ദിവസവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ബന്ധുവിൽ നിന്ന് നല്ല വാർത്ത കേൾക്കും. ഇത് കുടുംബത്തെ മുഴുവൻ സന്തോഷിപ്പിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണും. കുടുംബാംഗങ്ങളോട് മനസ്സ് തുറന്ന് സംസാരിക്കും. വിദേശഗുണം വർധിക്കും. പങ്കാളിയുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കും. തെറ്റിദ്ധാരണ ഇല്ലാതാക്കാൻ കഴിയും. വിനോദയാത്ര ആസ്വദിക്കും. കർമ്മരംഗത്ത് പുതിയ ചില നേട്ടങ്ങൾ കൈവരാൻ ഭാഗ്യം കാണുന്നു. ആഗ്രഹങ്ങൾ സാധിക്കാൻ നിരവധി തടസ്സങ്ങൾ അനുഭവപ്പെടാം. വിദ്യാർത്ഥികൾക്ക് സമയം ശുഭകരമായിരിക്കും. ഓം നമഃ ശിവായ , ഓം ഹം ഹനുമതേ നമഃ നിത്യവും 108 തവണ വീതം ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1 )
ജോലി അന്വേഷിക്കുന്നവർക്ക് മികച്ച ശമ്പളത്തോടെ നല്ലൊരു ഓഫർ ലഭിച്ചേക്കും. കിട്ടുന്ന അവസരങ്ങൾ ശരിയായി പ്രയോജനപ്പെടുത്തണം. കുടുംബവുമൊത്ത് ശാന്തമായ ഒരാഴ്ച ആസ്വദിക്കാൻ യോഗം കാണുന്നു. പ്രശ്‌നക്കാരെ അവഗണിക്കണം. കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും. എല്ലാ ജോലികളും പൂർണ്ണതയോടെ ചെയ്യാൻ കഴിയും. രോഗം പൂർണ്ണമായും ഭേദമാകും. ഒരു ചങ്ങാതിയുടെ തെറ്റായ ഉപദേശം ബിസിനസിൽ നഷ്ടമുണ്ടാകും. പ്രതിബന്ധങ്ങളിൽ നിന്നും പുറത്തു വരാൻ കഴിയും. പ്രണയം പൂവണിയും. നിത്യവും ഓം നാഗരാജായ നമഃ 108 തവണ ജപിക്കണം.
മകരക്കൂറ്
(ഉത്രാടം 2, 3, 4 , തിരുവോണം, അവിട്ടം 1, 2 )
ഗൃഹോപകരണങ്ങൾ, ഇലക്‌ട്രോണിക് വസ്‌തുക്കൾ തുടങ്ങിയവയുടെ തകരാറ് തീർക്കാൻ നല്ലൊരു സംഖ്യ ചെലവഴിക്കേണ്ടിവരാം. വീട്ടിൽ ചില അറ്റകുറ്റപ്പണികളും മാറ്റങ്ങളും വരുത്താൻ ആഗ്രഹിക്കും. ദാമ്പത്യപ്രശ്നം പരിഹരിക്കാൻ ശ്രമിക്കും. തീരുമാനങ്ങൾ ആരിലും അടിച്ചേല്പിക്കരുത്. ജോലിയിൽ രൂക്ഷമായ വിമർശനം നേരിടും. ഇച്ഛാശക്തി ശക്തമായിരിക്കും. അതിന്റെ സഹായത്തോടെ ഔദ്യോഗിക ജീവിതത്തിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. നിരവധി പുതിയ അവസരങ്ങൾ ലഭിക്കും, കുടുംബജീവിതം ഈ സമയം വളരെ സന്തോഷകരമായിരിക്കും. ചില വസ്തുക്കൾ വിൽക്കാൻ ആലോചിക്കും. ചില ബന്ധങ്ങൾ വിള്ളൽ വീഴാതെ സംരക്ഷിക്കാൻ നിങ്ങൾക്ക് കഴിയും. ഓം ഹം ഹനുമതേ നമഃ നിത്യവും 108 തവണ വീതം ജപിക്കണം.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം , പൂരുരുട്ടാതി 1, 2, 3 )
സാമ്പത്തികമായി ഈ സമയം വളരെ നല്ലതായിരിക്കും. വരുമാനം വർദ്ധിപ്പിക്കുന്നതിനും സ്വത്ത് സമ്പാദിക്കാനും ധാരാളം അവസരങ്ങൾ ലഭിക്കും. കഴിവിനേക്കാൾ കൂടുതൽ വാഗ്ദാനം ചെയ്യുന്നത് മൂലം നിങ്ങൾ സ്വയം കുഴപ്പത്തിലാകും. പേരുദോഷത്തിനും അപകീർത്തിക്കും സാധ്യത. അശ്രദ്ധമൂലം ചിലർക്ക് പണം നഷ്ടപ്പെടാം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. അമിതമായി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതും അമിതമായ വേഗതയിൽ വാഹനങ്ങൾ ഒടിക്കുന്നതും ഒഴിവാക്കണം. എപ്പോഴും പങ്കാളി അടുത്തു വേണമെന്ന് ആഗ്രഹിക്കും. ഓഫീസിൽ കൃത്യനിഷ്ഠ പാലിക്കണം. നിത്യവും ഓം നമോ നാരായണായ 108 തവണ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
ചെലവുകൾ വർദ്ധിക്കും. പക്ഷേ കുടുംബത്തിന്റെയോ ജീവിതപങ്കാളിയുടെയോ സഹായത്തോടെ ചെലവ് നിയന്ത്രിക്കാൻ ശ്രമിക്കും. ഇതിനായി, ശരിയായ ബജറ്റ് ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. ചുറ്റുമുള്ളവരുടെ പെരുമാറ്റം കാരണം നിങ്ങൾ അൽപ്പം അസ്വസ്ഥരാകും. മാനസിക സമ്മർദ്ദം വർദ്ധിക്കും. പ്രണയ ജീവിതത്തിൽ മനോഹരമായ ഒരു വഴിത്തിരിവ് സംഭവിക്കാം. ബിസിനസ് ഇടപാടുകളിൽ പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷയിൽ നല്ല വിജയം നേടാൻ ബുദ്ധിമുട്ട് നേരിടും. സന്ധിവേദനയിൽ നിന്ന് ആശ്വാസം ലഭിക്കും. പ്രത്യേകിച്ച് 50 വയസ്സിൽ കൂടുതലുള്ളവർക്ക് സമയം ഏറ്റവും മികച്ചതായിരിക്കും. വിനോദയാത്ര സന്തോഷകരമാകും. ഗണപതി പ്രീതിക്ക് നിത്യവും 108 ഉരു ഓം ഗം ഗണപതയേ നമഃ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559
Summary: Weekly Star predictions based on moon sign
Copyright 2024 Neramonline.com. All rights reserved