ശ്രീപദ്മനാഭസ്വാമിക്ക് അല്പശി ഉത്സവം തുടങ്ങുന്നു
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ അല്പശി മഹോത്സവത്തിന് ഒക്ടോബർ 26ന് കൊടിയേറും. ഉത്സവത്തിന് മുന്നോടിയായി കഴിഞ്ഞ 7 ദിവസമായി നടക്കുന്ന ചടങ്ങുകൾ ഉത്സവ കൊടിയേറ്റിന്റെ തലേ ദിവസമായ ഒക്ടോബർ 25 വെള്ളിയാഴ്ച ബ്രഹ്മകലശപൂജയും അഭിഷേകവും നടക്കുന്നതോടെ സമാപിക്കും.
ഉത്സവം കൊടിയേറുന്ന 26ന് രാത്രി സിംഹ വാഹനത്തിൽ വിഗ്രഹം എഴുന്നള്ളിക്കും. ഇതിനു തുടർച്ചയായി 27 മുതൽ നവംബർ 2 വരെ വൈകിട്ടും രാത്രിയിലും വിവിധ വാഹനങ്ങളിൽ എഴുന്നള്ളത്ത് നടക്കും.നവംബർ 3ന് രാത്രിയാണ് അല്പശി ഉത്സവത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ട. പടിഞ്ഞാറേ നടയിൽ നിന്ന് ആരംഭിക്കുന്ന പള്ളിവേട്ട ഘോഷയാത്രയ്ക്ക് ഉടവാളേന്തിയ രാജകുടുംബാംഗം നേതൃത്വം നൽകും. നായർ പടയാളികൾ, തീവെട്ടി, കുതിരപ്പട, നെറ്റിപ്പട്ടം കെട്ടിയ ആന എന്നിവ ഘോഷയാത്രയിൽ ഉണ്ടായിരിക്കും. ഗരുഡ വാഹനങ്ങളിൽ പദ്മനാഭസ്വാമി, ശ്രീകൃഷ്ണസ്വാമി, നരസിംഹസ്വാമി വിഗ്രഹങ്ങളും ഘോഷയാത്രയെ അനുഗമിക്കും.
സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേട്ടക്കളത്തിനു മുന്നിൽ ഘോഷയാത്രയെത്തിയ ശേഷം രാജകുടുംബാംഗം പ്രതീകാത്മക പള്ളിവേട്ട നടത്തും. സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിൽ നടക്കുന്ന വേട്ടയ്ക്ക് ശേഷം അകത്തെഴുന്നള്ളത്ത് നടക്കും.പിറ്റേന്ന് വൈകിട്ട് പടിഞ്ഞാറേ നടയിൽ നിന്ന് ആറാട്ട് എഴുന്നള്ളത്ത് പുറപ്പെടും. പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെ ശംഖുംമുഖം കടലിൽ നടക്കുന്ന ആറാട്ടിന് രാജകുടുംബാംഗം അകമ്പടി സേവിക്കും. നായർ പടയാളികൾ, തീവെട്ടി, കുതിരപ്പട, നെറ്റിപ്പട്ടം കെട്ടിയ ആന എന്നിവയും ഘോഷയാത്രയെ അനുഗമിക്കും. നവംബർ അഞ്ചിന് ആറാട്ട് കലശത്തോടെയാണ് അല്പശി ഉത്സവം സമാപിക്കും.
തമിഴ് വർഷത്തിലെ അല്പശി അഥവാ ഐപ്പശി എന്നാൽ മലയാള വർഷത്തിലെ തുലാമാസമാണ്. മീനമാസത്തിലെ പൈങ്കുനി ഉത്സവത്തിനുള്ള എല്ലാ ചടങ്ങുകളും തുലാമാസത്തിലെ ഉത്സവത്തിനും ആവർത്തിക്കും. നക്ഷത്രത്തിന്റെ കാര്യത്തിൽ മാത്രമാണ് വ്യത്യാസം. തുലാമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം ആറാട്ടായാണ് ഉത്സവം സമാപിക്കുക.