ശ്രീ മുരുകന്റെ 18 പേരുകൾ ; ഇവർ
എന്നും സുബ്രഹ്മണ്യോപാസന നടത്തണം
ജ്യോതിഷരത്നം വേണു മഹാദേവ്
തിരു അവതാരത്തിന്റെ വിവിധ ഘട്ടങ്ങൾക്ക് കാരണഭൂതരായവരുടെ എല്ലാം പ്രിയ പുത്രനായി മാറിയ ഭഗവാനാണ് സുബ്രഹ്മണ്യൻ. അതു കൊണ്ടാകണം മറ്റ് ദേവീ ദേവന്മാരിൽ നിന്നും വ്യത്യസ്തമായി ശ്രീ മുരുകന് അനേകം നാമങ്ങൾ ലഭിച്ചതും അതിനെല്ലാം പ്രചുര പ്രചാരം സിദ്ധിച്ചതും.
ശിവരേതസ് സ്ഖലിച്ച് ജനിച്ചതിനാൽ സ്കന്ദനെന്നും അഗ്നിയുടെ പുത്രനായതുകൊണ്ട് മഹാസേനൻ എന്നും ശരവണപ്പൊയ്കയിൽ പിറന്നതിനാൽ ശരവണനെന്നും 6 മുഖങ്ങളോട് കൂടി ജനിച്ചതിനാൽ ഷൺമുഖൻ അഥവാ അറുമുഖനെന്നും 6 കൃത്തികമാർ (ദേവസ്ത്രീകൾ )മുലയൂട്ടി വളർത്തിയതിനാൽ കാർത്തികേയനെന്നും മഹത്തായ ജ്ഞാനം സ്വരൂപമായിരിക്കുന്നവനായതിനാൽ സുബ്രഹ്മണ്യനെന്നും കൗമാര ഭാവത്തിൽ ഇരിക്കുന്നത് കൊണ്ട് കുമാരനെന്നും ഭഗവാൻ അറിയപ്പെട്ടു. കുമാരൻ എന്നതിൻ്റെ പ്രാദേശിക രൂപമാണ് മുരുകൻ. പാർവ്വതി നൽകിയ ശക്തി എന്ന വേലായുധം എപ്പോഴും മാറോടു ചേർത്തു പിടിച്ചിരിക്കുന്നതു കൊണ്ട് ശക്തിധരൻ, വേലായുധൻ എന്നീ പേരുകളും വിശാഖം നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് വിശാഖൻ, എപ്പോഴും ശത്രുക്കളെ നശിപ്പിക്കുന്നവനായതിനാൽ ഗുഹൻ എന്നീ പേരുകളും ഭഗവാനുണ്ട്.
സന്താനഭാഗ്യം, സന്താന സൗഖ്യം, വിവാഹ ഭാഗ്യം, ചൊവ്വാ ദോഷ പരിഹാരം, രോഗദുരിത ശമനം, ഉദ്ദിഷ്ട കാര്യസിദ്ധി എന്നിവയ്ക്ക് സുബ്രഹ്മണ്യ പ്രീതി ഉത്തമമാണ്. മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങളുടെയും ഓജരാശിയായ മേടത്തിന്റെയും ആധിപത്യം ചൊവ്വയ്ക്കായതിനാൽ ഈ നക്ഷത്രങ്ങളിലും രാശിയിലും ജനിച്ചവരെല്ലാം പതിവായി സുബ്രഹ്മണ്യോപാസന നടത്തുന്നത് ഉത്തമമാണ്.
ശ്രീ മുരുകന്റെ 18 പേരുകൾ
1 ശരവണഭവ: എന്ന ആറ് അക്ഷരത്തിന്റെ ഉടമയായതിനാൽ ഷഡാക്ഷരൻ
2 മയിലിനെ വാഹനമാക്കിയ മുരുകൻ ശിഖിവാഹനൻ
3 ശക്തി ദേവിയിൽ നിന്നു ശക്തിവേൽ നേടി ശൂരപത്മനെ സംഹരിച്ച മുരുകൻ ജ്ഞാനശക്തിധരൻ
4 പ്രണവത്തിന്റെ പൊരുൾ അറിയാത്ത ബ്രഹ്മാവിനെ തടവിലാക്കി ഗർവ്വ് അടക്കിയ മുരുകൻ ബ്രഹ്മശാസ്താ
5 വള്ളിയേ വിവാഹം ചെയ്ത മുരുകൻ വള്ളി കല്യാണസുന്ദരൻ
6 ഐരാവതം എന്ന വെളുത്ത ആനപ്പുറത്ത് ഏറി അനുഗ്രഹം ചൊരിയുന്ന മുരുകൻ ഗജാരൂഡൻ
7 പ്രണവ മന്ത്രം പിതാവിന് വിശദമാക്കിയ മുരുകൻ തങ്കപ്പസ്വാമി
8 ശിവന്റെ നെറ്റി കണ്ണിൽ നിന്നും ആറു തീപ്പൊരികൾ താമര പൂക്കളിൽ വീണ് ആറു കുഞ്ഞുങ്ങളായി ഉമാദേവിയാൽ ആറു മുഖത്തോടെ ഏക ശരിരം എടുത്ത മുരുകൻ അറുമുഖ സ്വാമി
9 ആറ് കൃത്തികകന്യകമാർ വളർത്തിയതിനാൽ മുരുകൻ കാർത്തികേയൻ 10 വിനായക ദേവന്റെ അനുജൻ ആയതിനാൽ മുരുകൻ വിഘ്നേശ്വരാനുജൻ
11 ശൂരപത്മനേ നിഗ്രഹിച്ചതിനുള്ള സമ്മാനമായി ദേവേന്ദ്രന്റെ മകൾ ദേവസേനയെ ( ദേവയാനി ) വിവാഹം കഴിച്ച് ദേവസേനാപതിയായി മുരുകൻ
12 ഉമാദേവിയായ ഗൗരിയുടെ പുത്രനാകയാൽ മുരുകൻ ഗൗരീശ ഗർഭ ജാതൻ
13 വിശാഖം നക്ഷത്രത്തിൽ പിറന്നതു കൊണ്ട് മുരുകൻ വിശാഖൻ
14 പൂവൻകോഴിയെ കൊടി അടയാളമാക്കിയ മുരുകൻ കുക്കുടധ്വജൻ
15 വേദങ്ങൾ പ്രശംസിക്കുന്ന ജ്ഞാനത്തിന് ഉടമയായ മുരുകൻ ജ്ഞാനപണ്ഡിതൻ
16 ഗുഹ പോലെ സദാ ഇരുണ്ടിരിക്കുന്ന മനുഷ്യ മനസ്സുകളിൽ ജ്യോതിയായി പ്രത്യക്ഷപ്പെടുന്ന മുരുകൻ ഗുഹൻ
17 അറുമുഖനായി പന്ത്രണ്ട് കൈകളും പന്ത്രണ്ട് കണ്ണുകളുകൊണ്ട് അനുഗ്രഹിച്ച മുരുകൻ ദ്വാദശ നേത്ര ബാഹു
18 മഹാവിഷ്ണുവിന്റെ തമിഴ് നാമമായ തിരുമാലിലെ മാൽ ചേർത്ത മുരുകൻ മാൽ മുരുകൻ .
സുബ്രഹ്മണ്യ പ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതം. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്. എല്ലാ മാസത്തെയും ഷഷ്ഠികളിൽ ഏറ്റവും പ്രധാനം തുലാമാസത്തിലെ സ്കന്ദ ഷഷ്ഠിയാണ്. മകരത്തിലെ തൈപ്പൂയമാണ് മറ്റൊരു പ്രധാന വിശേഷം. പഞ്ചാമൃതം, ഭസ്മാഭിഷേകം, കുമാരസൂക്ത പുഷ്പാഞ്ജലി, കാവടി എന്നിവ മുരുകന് ഏറ്റവും പ്രിയപ്പെട്ട വഴിപാടുകളാണ്.
ചൊവ്വ, ഷ്ഷ്ഠി, പൂയം ദിവസങ്ങളാണ് സുബ്രഹ്മണ്യ ഉപാസനയ്ക്ക് വിശേഷം.
മൂലമന്ത്രം
ഓം വചത്ഭുവേ നമഃ
സുബ്രഹ്മണ്യ ഗായത്രി
ഓം സനൽകുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നഃ സ്കന്ദ പ്രചോദയാത്
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559
Story Summary: Significance of Different Names of Lord Murugan
Thank You