Friday, 22 Nov 2024
AstroG.in

ശ്രീ വിദ്യാധിരാജനും
ശ്രീകണ്ഠേശ്വരം ദേശവും

പ്രതാപ് കിഴക്കേമഠം

ഏതു വിഷയത്തേയും പ്രമാണപൂർവ്വം പ്രതിപാദിച്ചും സംശയാലുക്കളുടെ ഉള്ളിലെ ദുർഗ്രഹമായ കാര്യങ്ങളെ ലളിതമായി വ്യാഖ്യാനിച്ച് അവരിൽ സുദൃഢബോധം വരുത്തിയ വിദ്യാധിരാജൻ്റെ മലയാളക്കരയിലെ സഞ്ചാരപഥങ്ങളിൽ മുഖ്യമാണ് തിരുവനന്തപുരം നഗരഹൃദയത്തിലെ ശ്രീകണ്ഠേശ്വരം . കേരളീയ സംസ്കാര സമുദ്ധാരകനും ആത്മീയ ചിന്തകനും നവോത്ഥാന നായകനുമായ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ സാന്നിദ്ധ്യത്താൽ പുണ്യം നേടിയ ദേശവുമാണ് ശ്രീകണ്ഠേശ്വരം. മലയാളദേശത്തെ സംബന്ധിച്ച് ചരിത്രപരമായി അതേവരെ നിലനിന്നിരുന്ന പല സിദ്ധാന്തങ്ങളേയും തക്കതായ തെളിവുകളുടെ സാന്നിദ്ധ്യത്തിൽ യുക്തിവാദം കൊണ്ട് ഖണ്ഡിച്ച് അദ്ദേഹം “പ്രാചീന മലയാളം” എന്ന ഗ്രന്ഥം കൊല്ലവർഷം 1084 (1909) ൽ രചിച്ചത് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത്  ഭജനമഠത്തിൽ താമസിച്ചു കൊണ്ടാണ്. മൂന്നു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്താൻ ഉദ്ദേശിച്ചെങ്കിലും പ്രസ്തുത ഗ്രന്ഥത്തിൻ്റെ ഒന്നാം ഭാഗം മാത്രമേ പുറത്തു വന്നിട്ടുള്ളൂ. 

മലയാളദേശത്തിൻ്റെ ഉൽപ്പത്തിയേയും ആദിമ നിവാസികളുടെ ജീവിതശൈലീ പരിണാമത്തെയും ഭാഷാപരമായ വ്യതിയാനത്തെയും ജാതിത്തിരുവുകളുടെ തുടക്കത്തെയും ജന്മിത്വത്തിൻ്റെ വളർച്ചയേയും ദ്രാവിഡ മഹിമയെയും കുറിച്ച് അത്യന്തം വിജ്ഞേയമായ വാദഗതികളാൽ രചിക്കപ്പെട്ട “പ്രാചീനമലയാളം” കൈരളിക്കു ലഭിച്ച അനർഘ നിധിയാണ്.  ആ ഗ്രന്ഥത്തിലെ സ്വാമികളുടെ വാദമുഖങ്ങളെ 1916 ൽ പ്രസിദ്ധീകരിച്ച “ജന്മി കുടിയാൻ കമ്മിറ്റിയുടെ റിപ്പോർട്ടി” ൽ സ്വീകരിക്കുകയും ചെയ്തതാണ്  “പ്രാചീന മലയാള” ത്തിൻ്റെ ആധികാരികതയും സവിശേഷതയും. 

ദേശാടനങ്ങൾക്കിടയിൽ തിരുവനന്തപുരം നഗരത്തിൽഎത്തുമ്പോഴൊക്കെ ഗൃഹസ്ഥ ശിഷ്യരും ഭക്തരുമായ നിരവധി പേരുടെ ഭവനങ്ങളിലാണ് അവരുടെ ആതിഥ്യം സ്വീകരിച്ച് സ്വാമികൾ തങ്ങിയിരുന്നത്.  ആതിഥേയരായ ആ വീട്ടുകാർ വിശിഷ്ട അതിഥി എന്നതിനേക്കാളുപരി പ്രത്യക്ഷ യോഗീശ്വരൻ ആയാണ് സ്വാമികളെ ഭക്തിപൂർവ്വം സ്വീകരിച്ചിരുന്നത്.നഗരത്തിലെ പുരാതന കുടുംബങ്ങളായ തമ്പാനൂരിലെ കല്ലുവീട്, നന്ത്യാരു വീട്, അറപ്പുര വീട്, വഞ്ചിയൂരിലെ ചാഞ്ഞാം വീട്, കരിമ്പുവിളാകം, മുട്ടടയിലെ ചിറ്റല്ലൂർ വീട്, വഴുതയ്ക്കാട്  ശ്രീരംഗം വീട്, കുമാരമംഗലം, ജഗതിയിലെ പാണാംപഴിഞ്ഞി വീട്, പൂജപ്പുരയിലെ ചെറുകര വീട്, ശ്രീവരാഹത്ത് മുള്ളുവിളാകം വീട്, പാൽക്കുളങ്ങരയിലെ ഇലഞ്ഞിപ്പുറം മേപ്പള്ളി വീട്, പെരുന്താന്നിയിലെ മടത്തുവിളാകം, പള്ളിവിളാകം……. എന്നിവിടങ്ങളാണ് ചട്ടമ്പിസ്വാമിയുടെ സന്ദർശനത്താൽ പ്രശസ്തി കൈവരിച്ച ഭവനങ്ങൾ !!! 

ഇത്രയേറെ വിശ്രമ സങ്കേതങ്ങൾ ഉണ്ടായിട്ടും “പ്രാചീന മലയാളം” എന്ന ഗ്രന്ഥമെഴുതാൻ ശ്രീകണ്ഠേശ്വരത്തെ ഭജനമഠം തിരഞ്ഞെടുത്തതിനു പിന്നിൽ പല കാരണങ്ങളുണ്ട് . ആലും അരശും പിന്നെ അങ്ങിങ്ങായി പഴയ മoങ്ങളും ചുറ്റുവട്ടത്തായുള്ള ശ്രീകണ്ഠേശ്വരം ക്ഷേത്രപരിസരത്തെ അക്കാലത്തെ അനിർവചനീയ ചൈതന്യവും ശാന്തതയും ചടമ്പിസ്വാമികൾക്കു മുമ്പേ എത്രയോ സന്ന്യാസിമാരേയും അവധൂതരേയും ഗോസായിമാരേയും ആകർഷിച്ചിരുന്നു! നിരർത്ഥകങ്ങളായ ആചാരസംഹിതകളും വിശ്വാസ പ്രമാണങ്ങളും വർണ്ണാശ്രമങ്ങളും ജാതിവ്യവസ്ഥിതിയും അയിത്തവുമെല്ലാം വെടിയാൻ ഉദ്ഘോഷിച്ച തിരുവടികൾ അലങ്കാര പ്രിയരായ ദേവതകളേക്കാൾ ഭസ്മപ്രിയനായ പരമശിവനിലാണ് മനസ്സും ശരീരവും സമർപ്പിച്ചത്. 

പിൻകുറിപ്പ്: ഞാനെഴുതി പൂർത്തികരിക്കാറായ “ശ്രീകണ്ഠേശ്വരം – ഒരു മുക്കാൽവട്ടം” എന്ന ഗ്രന്ഥത്തിലെ “ചട്ടമ്പിസ്വാമിയും ശ്രീകണ്ഠേശ്വരവും” എന്ന അദ്ധ്യായത്തിലെ ഒരു ചെറുഭാഗമാണ്  ഇന്ന് ചിങ്ങമാസത്തിലെ ഭരണി നാളിൽ, ഈ ജയന്തി നാളിൽ ഇവിടെ രേഖപ്പെടുത്തിയത്.                         


പ്രതാപ് കിഴക്കേമഠം, +91-807 574 7710
(ഫോട്ടോ: കെ.പി. ഗോവിന്ദ്)

Story Summary: Sree VidyadhirajaChattampi Swami Jayanti

error: Content is protected !!