Saturday, 23 Nov 2024
AstroG.in

ഷഡ് തില ഏകാദശി വെള്ളിയാഴ്ച;
നീരാജനം നടത്തിയാൽ ആഗ്രഹ സാഫല്യം

ജ്യോതിഷരത്നം വേണു മഹാദേവ്

സർവ്വൈശ്വര്യദായകമാണ് മാഘമാസത്തിലെ കറുത്ത പക്ഷ ഏകാദശിയായ ഷഡ് തില ഏകാദശി. പൂർവ്വ ജന്മ പാപനാശം, മോക്ഷദായകം എന്നിവ സമ്മാനിക്കുന്ന ഈ ഏകാദശി ജനുവരി 28 വെള്ളിയാഴ്ചയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വരുന്ന ഷഡ് തില ഏകാദശി
ചിലർ പൗഷ മാസത്തിൽ ആചരിക്കാറുണ്ട്. പൂർണ്ണമായ ഉപവാസത്തോടെ വിഷ്ണു പ്രീതിക്കായി അനുഷ്ഠിക്കുന്ന ഈ ഏകാദശി എല്ലാത്തരം ദുരിതങ്ങളും ദൗർഭാഗ്യങ്ങളും അവസാനിപ്പിക്കും.

ഷഡ് = ആറ്, തിലം = എള്ള്.

ആറ് വ്യത്യസ്ത രീതിയിൽ എള്ള് ഉപയോഗിച്ച് വിഷ്ണു ഭഗവാനെ ഈ ദിവസം ആരാധിക്കണമെന്നാണ് പ്രമാണം. മാഘകൃഷ്ണ ഏകാദശി എന്നും അറിയപ്പെടുന്ന ഈ ദിവസം വ്രതം നോറ്റ് അന്നദാനം നടത്തിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചനം ലഭിക്കും. പിതൃപ്രീതിക്കായി അന്ന് തിലഹോമം നടത്തുന്നതും ഉത്തമമാണ്.

ഭവിഷ്യോത്തര പുരാണത്തിൽ ഷഡ് തില ഏകാദശിയുടെ പുണ്യം വിശദീകരിക്കുന്നുണ്ട്. ഇത് നോൽക്കുന്നവർക്ക് അളവറ്റ സ്വത്തും നല്ല ആരോഗ്യവും ജീവിതാന്ത്യത്തിൽ ജനിമൃതികളിൽ നിന്നും മോചനവും ലഭിക്കുമത്രേ. അന്ന് തിലഹോമം, എള്ളുപായസം, നീരാജനം എന്നിവ വഴിപാട് നടത്തുന്നത് ആഗ്രഹ സാഫല്യത്തിനും ഉത്തമാണ്.

ഏകാദശിനാൾ പൂർണ്ണോപവാസം കഴിയാത്തവർക്ക് അരിയാഹാരം ഉപേക്ഷിച്ച് ഗോതമ്പ് തുടങ്ങിയ ധാന്യമോ ഫലങ്ങളോ കഴിക്കാം. അതിനും കഴിയുന്നില്ലെങ്കിൽ അന്ന് ഒരിക്കൽ ഊണാക്കുക. ഇത് ആദ്ധ്യാത്മിക ശുദ്ധി മാത്രമല്ല ആരോഗ്യപുഷ്ടിയും നൽകും. മാസത്തിൽ 2 തവണ ഉദരശുദ്ധിയുണ്ടാക്കാൻ ഏകാദശി ഉപവാസം ആരോഗ്യപരമായി സഹായിക്കും.

ഏകാദശി വ്രതവിധി: ദശമിദിവസം ഒരു നേരം ഭക്ഷണം. അന്ന് വ്രതം തുടങ്ങണം. ഏകാദശി ദിവസം രാവിലെ കുളിച്ച് വെള്ളവസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദർശനം നടത്തുക. ഊണുറക്കങ്ങൾ അന്ന് വർജ്ജ്യമാണ്. ഹരിവാസരസമയത്ത് വിഷ്ണു നാമ, മന്ത്ര ജപം മുടക്കരുത്. ദ്വാദശിനാൾ പുലർച്ചെ കുളിച്ച് ക്ഷേത്ര ദർശനം നടത്തി വിഷ്ണു നാമജപം ചെയ്ത് തുളസി തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ദ്വാദശിയിൽ അത്താഴം ഒഴിവാക്കേണ്ടതില്ല.

ഷഡ് – തില ഏകാദശിയുടെ പൂർണ്ണ ഫലം ലഭിക്കാൻ സാധാരണ നിലയിൽ ഏകാദശി വ്രതം നോക്കുന്നതിന് ഒപ്പം മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യേണ്ടതുണ്ട്. അത് താഴെ പറയുന്നു:

  1. ഭഗവാനു നേദിച്ച ശേഷം വെളുത്ത എള്ള് പ്രസാദമായി കഴിക്കാം
  2. വെളുത്ത/കറുത്ത എള്ള് ഒരു സാത്വികന് ദാനം നല്കാം
  3. എള്ള് /എള്ള് കൊണ്ടുള്ള വിഭവങ്ങൾ ദാനമായി സ്വീകരിക്കാം
  4. കറുത്ത എള്ള് അഗ്നിയിൽ ഹോമിക്കാം
  5. കുളിക്കുന്ന വെള്ളത്തിൽ അൽപം എള്ള് ചേർത്ത് ഉപയോഗിക്കാം
  6. അല്പം എള്ള് അരച്ച് ശരീരത്തിൽ പുരട്ടാം
  7. സർവ്വൈശ്വര്യങ്ങൾക്കുമായി ഭഗവാനു സമർപ്പിച്ച ആഹാരവും വസ്ത്രവും ദാനം ചെയ്യുക.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017

Significance of Shat Thila Ekadeshi

Copyright 2022 Neramonline.com. All rights reserved

error: Content is protected !!