Saturday, 23 Nov 2024
AstroG.in

ഷഷ്ഠിവ്രതം, കുംഭസംക്രമം, കുംഭഭരണി,ആറ്റുകാൽ കാപ്പുകെട്ട് ; ഈ ആഴ്ചയിലെ നക്ഷത്രഫലം

(2024 ഫെബ്രുവരി 11 – 17 )
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
2024 ഫെബ്രുവരി 11 ന് ചതയം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ കുംഭസംക്രമം, വസന്തപഞ്ചമി, ഷഷ്ഠിവ്രതം, കുംഭഭരണി, ആറ്റുകാൽ കാപ്പുകെട്ട് എന്നിവയാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ചയാണ് കുംഭസംക്രമം. അന്ന് പകൽ 3:45 ന് സംക്രമം നടക്കുന്നതിനാൽ പിറ്റേന്നാണ് മാസാരംഭം. മാഘമാസത്തിലെ വെളുത്തപഞ്ചമി നാളിൽ നടക്കുന്ന ആഘോഷമാണ് വസന്തപഞ്ചമി. വാഗ്ദേവതയായ സരസ്വതി ദേവിയെ പൂജിക്കുന്ന ഈ ദിവസം ശ്രീ പഞ്ചമി എന്നും അറിയപ്പെടുന്നു. ഫെബ്രുവരി14 ബുധനാഴ്ചയാണ് ഇത്. 15 നാണ് ഷഷ്ഠി. കുംഭത്തിലെ വെളുത്ത ഷഷ്ഠി മറ്റ് ഷഷ്ഠികളെക്കാൾ വിശേഷമാണ്. ശീതള ഷഷ്ഠി എന്ന് അറിയപ്പെടുന്നു. സന്താനങ്ങളുടെ ഗുണത്തിനായി വ്രതം അനുഷ്ഠിക്കുന്നവർ തലേന്ന് മുതൽ വ്രതമെടുക്കണം. 16 നാണ് കുംഭഭരണി. ഭദ്രകാളീ ഉപാസനയിലൂടെ നേടാൻ കഴിയാത്തതായി ഒന്നുമില്ല. ഭദ്രകാളീ ദേവിയുടെ പ്രീതി നേടാൻ പറ്റിയ ഏറ്റവും ഉത്തമമായ ദിവസമാണിത്. ഈ ദിവസം നടത്തുന്ന ഉപാസനകൾക്കും ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടുകൾക്കും പെട്ടെന്ന് ഫലം ലഭിക്കും. പ്രശസ്തമായ ചെട്ടിക്കുളങ്ങര കുംഭഭരണിയാണ് ഈ ദിവസത്തെ ഒരു പ്രധാന ഉത്സവം. ലോകത്തിലെ ഏറ്റവും വലിയ കെട്ടുകാഴ്ചയാണിത്. ഈ ഉത്സവം കണ്ടു തൊഴുതാൽ ദുരിതങ്ങളും ക്ലേശങ്ങളും അകന്ന് ദേവിയുടെ കൃപാകടാക്ഷത്താൽ ഗൃഹത്തിൽ ഐശ്വര്യാഭിവൃദ്ധിയും സർവ്വാഭീഷ്ടസിദ്ധിയുമുണ്ടാകും. ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 8 മണിക്കാണ് ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്. ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുന്നവർ ഈ ദിവസം മുതൽ വ്രതമെടുക്കുന്നത് അഭീഷ്ടദായകമാണ്. ഫെബ്രുവരി 25 ഞായറാഴ്ചയാണ് പൊങ്കാല. ഫെബ്രുവരി 17 ന് രോഹിണി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം മികച്ചതായിരിക്കും. മറ്റുള്ളവർക്ക് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളും അനുമതികളും ലഭിക്കാൻ സാദ്ധ്യതയുണ്ട്. വ്യാപാരത്തിൽ ലാഭം കിട്ടും. ചിലർക്ക് സന്താന ഭാഗ്യം കാണുന്നു. ജീവിത പങ്കാളിയുമായി പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യാൻ ക്ഷണം ലഭിക്കും. തൊഴിൽ രംഗത്ത് വളരെ നല്ല ഫലങ്ങൾ ലഭിക്കും. ചെറിയ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. നരസിംഹ ഭഗവാനെ നിത്യവും ഭജിക്കുന്നത് വളരെ നല്ലതാണ്.

ഇടവക്കൂറ്
(കാർത്തിക 2, രോഹിണി, മകയിരം 1, 2)
ഭൂതകാലത്തെ അബദ്ധങ്ങളും വീഴ്ചകളും മറന്ന് പുതിയ തുടക്കം കുറിക്കാൻ‌ ശ്രമിക്കുന്നതാണ് നല്ലത്. നല്ല സാമ്പത്തിക നേട്ടങ്ങളുണ്ടാകും. മാനസിക സമ്മർദ്ദം കുറയും. പുതിയ നിക്ഷേപങ്ങളിൽ ആകർഷിക്കപ്പെടും. പണം അനാവശ്യമായ കാര്യങ്ങൾക്ക് ചെലവഴിക്കുന്നത് ഉറ്റവരെ പ്രകോപിപ്പിക്കും. പങ്കാളിത്ത ബിസിനസുകളിൽ കൂടുതൽ മുതൽമുടക്ക് തൽക്കാലം വേണ്ട. രഹസ്യങ്ങൾ പങ്കാളിയുമായി പങ്കിടാൻ അവസരം കിട്ടും. ജോലിയിൽ കഴിവുകൾ മുഴുവൻ ഉപയോഗിക്കാൻ കഴിയില്ല. നിത്യവും ഓം മഹാലക്ഷ്മ്യൈ നമഃ 108 തവണ ജപിക്കുന്നത് നല്ലത്.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
കലാപരമായ കഴിവുകൾ വർദ്ധിക്കും. നല്ല ലാഭം നേടാൻ കഴിയും. പണം സമ്പാദിക്കാൻ പുതിയ അവസരങ്ങൾ കണ്ടെത്താനും കഴിയും. മുതിർന്ന വ്യക്തികൾക്ക് ഉദര സംബന്ധമായ ബുദ്ധിമുട്ടുകളിൽ നിന്ന് വളരെ ആശ്വാസം ലഭിക്കും. കരാറുകളിലും പ്രമാണത്തിലും ഒപ്പിടുന്നതിന് മുമ്പ് അത് നന്നായി വായിച്ചു നോക്കണം. എത്ര ഒഴിഞ്ഞ്
മാറിയാലും തർക്കങ്ങൾക്ക് സാധ്യതയുണ്ട്. വിമർശനം നേരിടും. പങ്കാളിയെ സന്തോഷിപ്പിക്കാനുള്ള പരിശ്രമം വിജയിക്കും. ഓം ഗം ഗണപതയേ നമഃ എന്നും ജപിക്കുക.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
സ്വാധീനമുള്ള നിരവധി ആളുകളുമായി ബന്ധപ്പെടാൻ അവസരം ലഭിക്കും. ധാരാളം പണം ആവശ്യമായി വരും. പ്രതീക്ഷിച്ചവരിൽ നിന്ന് യഥാസമയം സാമ്പത്തികമായ സഹായം ലഭിക്കണമെന്നില്ല. ഉത്സവങ്ങളിലും സാമൂഹ്യ സാംസ്കാരിക പരിപാടികളിലും പങ്കെടുക്കും. പ്രണയ ജീവിതത്തിൽ മനോഹരമായ ഒരു വഴിത്തിരിവുണ്ടാകും. ബിസിനസ്സോ ജോലിയോ ആകട്ടെ തന്ത്രവും പദ്ധതിയും എല്ലായിടത്തും വിലമതിക്കപ്പെടും. പരുഷ സ്വഭാവവും ധാർഷ്ട്യവും ഒഴിവാക്കാൻ ഓം നമഃ ശിവായ ജപിക്കുക.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
വിലയേറിയ വസ്തുക്കൾ നഷ്ടമാകുന്നത് മാനസിക വിഷമം സൃഷ്ടിക്കും. സ്വഭാവത്തിൽ മാറ്റം ഉണ്ടാകുകയും മറ്റുള്ളവരുമായി തർക്കങ്ങളിൽ ഏർപ്പെടുകയും ചെയ്യും. ആരോഗ്യപ്രശ്നങ്ങൾ മൂലം ചിലർക്ക് ആശുപത്രിയിൽ പോകേണ്ടി വരും. കുടുംബത്തിൽ‌ സന്താന ഭാഗ്യത്തിന് സാധ്യതയുണ്ട്. വിവാഹം ആലോചിച്ച് ഉറപ്പിക്കും. ചില പ്രധാന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ നിർദ്ദേശം ലഭിക്കാൻ സാധ്യതയുണ്ട്. ആവേശപൂർവ്വം ഏറ്റെടുക്കുന്ന ചില കാര്യങ്ങൾ ഭാവിയിൽ തിരിച്ചടിക്ക് വഴിവെയ്ക്കും.
നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കണം.

കന്നിക്കൂറ്
( ഉത്രം 2, 3, 4 അത്തം, ചിത്തിര 1 , 2 )
പ്രതികൂല സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി കുറയും. സ്വയം ചികിൽസിക്കുന്ന രീതി ഒഴിവാക്കുക. സന്താനങ്ങളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകാൻ പദ്ധതിയിടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ജോലിയിൽ ആവശ്യമുള്ള എല്ലാ കാര്യങ്ങളും ലഭിക്കും. ഔദ്യോഗിക ജീവിതത്തിൽ വളരെയധികം ലക്ഷ്യബോധവും കഴിവും ഉണ്ടായിരിക്കും. കുടുംബാംഗങ്ങൾക്കിടയിൽ നല്ല ഒത്തൊരുയുണ്ടാകും. പണമോ വിലയേറിയ സാധനങ്ങളോ നഷ്ടപ്പെട്ടേക്കാം.
സർപ്പപ്രീതി നേടണം. ഓം നമഃ ശിവായ ജപിക്കണം.

തുലാക്കൂറ്
(ചിത്തിര 3 , 4 , ചോതി, വിശാഖം 1, 2, 3 )
കായിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. ആരോഗ്യം മെച്ചപ്പെടും. നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനും മികച്ച ജീവിതം നയിക്കാനും കഴിയും.
ഭാഗ്യം അനുകൂലമാകും. ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. വിദേശഗുണം വർദ്ധിക്കും. വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയും. ചങ്ങാതിമാരുടെ പിന്തുണ ലഭിക്കും. ചെറിയ കാര്യത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ കുടുംബത്തിൽ അശാന്തി സൃഷ്ടിക്കും. പങ്കാളിയുമായുള്ള തെറ്റിദ്ധാരണ പരിഹരിക്കും. എന്നും ഓം ദുർഗ്ഗായൈ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
( വിശാഖം 1, 2, 3, അനിഴം, തൃക്കേട്ട )
പ്രതീക്ഷിക്കാത്ത വഴിയിൽ പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. എന്നാൽ കൂടുതൽ ലാഭം പ്രതീക്ഷിച്ച് വലിയ നിക്ഷേപങ്ങൾ നടത്തരുത്. ഓഹരി വിപണിയിൽ വിജയം കൈവരിക്കും. എളുപ്പത്തിൽ എന്തും പഠിക്കാൻ കഴിയും. അവിവാഹിതർ മനസ്സിന് ഇണങ്ങിയ ആളെ കണ്ടെത്തും. ജോലിഭാരം കാരണം കുടുംബവുമൊത്ത്
കഴിയാൻ സമയം ലഭിക്കില്ല. ഔദ്യോഗിക ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കും. മത്സരപരീക്ഷകളിൽ വിജയം ലഭിക്കും. എന്നും ഓം ശരവണ ഭവ: 108 ഉരു ജപിക്കണം.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
മാനസിക സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാനാകും. കർമ്മരംഗത്ത് കഠിനാധ്വാനത്തിനനുസരിച്ച് വളരെ നല്ല ആനുകൂല്യങ്ങൾ ലഭിക്കും. വീട്ടിലെ ഒരു അംഗത്തിന്റെ ആരോഗ്യനില വഷളാകും. പുതിയ ജോലി തേടുന്നവർക്ക് മികച്ച ശമ്പളത്തോടുകൂടിയ നല്ല ഒരു ഓഫർ ലഭിക്കും. ചില.രഹസ്യങ്ങൾ കുടുംബാംഗം അറിഞ്ഞത് കാരണം ജാള്യത തോന്നും. പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആരെയും തന്നെ അന്ധമായി വിശ്വസിക്കരുത്. മനസ്സ് പറയുന്നത് കേട്ട് പ്രവർത്തിക്കുക. പുതിയൊരു ജോലി കിട്ടാൻ സാധ്യതയുണ്ട്. ഓം ശ്രീം നമഃ എന്നും ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം)
ഏത് തരത്തിലുള്ള ഭൂമി, സാമ്പത്തിക ഇടപാടുകൾക്കും വളരെ നല്ല സമയമാണ്. വിദേശ യാത്രയ്ക്ക് സാധ്യത കാണുന്നു. മുതിർന്നവരും ഗർഭിണികളും നല്ല ജാഗ്രത പാലിക്കണം. അശ്രദ്ധ ചില പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം വളരെ അനുകൂലമായിരിക്കും. പ്രണയ വിവാഹത്തിന് സാധ്യത കാണുന്നു. കുടുംബാംഗങ്ങൾക്കിടയിലുള്ള സ്നേഹം വർദ്ധിക്കും. കൂടപ്പിറപ്പുകളെ പലവഴിയിൽ സഹായിക്കും.
ഓം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3)
സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ ശക്തമാകും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. പ്രവർത്തന രീതി കൂടുതൽ ആളുകളെ ആകർഷിക്കും. ബന്ധുവിൽ നിന്ന് ചില നല്ലവാർത്തകൾ കേൾക്കും. ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് ഉണ്ടാകും. ജീവിതപങ്കാളി കാരണം ധർമ്മസങ്കടം അനുഭവിക്കും. തിടുക്കത്തിൽ തീരുമാനം എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടും. വ്യാപാരികൾക്ക് നല്ല
ലാഭം പ്രതീക്ഷിക്കാം. പുതിയ കരാറുകൾ കൂടുതൽ ഗുണം ചെയ്യും. ഏത് പരീക്ഷയിലും നല്ല വിജയമുണ്ടാകും.
ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
വ്യാപാരികൾക്കും ബിസിനസുകാർക്കും ജോലിയുമായി ബന്ധപ്പെട്ട് വിദൂരത്തേക്ക് പോകേണ്ടിവരും. അവിടെ പ്രതീക്ഷിച്ചതിലും കൂടുതൽ പണം ചെലവാകും. ക്ഷീണം,
മാനസികസമ്മർദ്ദം ഇവ അനുഭവപ്പെടും. ചികിത്സയിലെ ശരിയായ മാറ്റങ്ങൾ ആരോഗ്യത്തിന് അനുകൂലമാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. പ്രണയ വിവാഹത്തിന് സമ്മതം ലഭിക്കും. ജോലിസ്ഥലത്ത് ഉൽ‌പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിക്കും. ഔദ്യോഗിക ജീവിതത്തിൽ മികച്ച നേട്ടങ്ങൾ ആർജ്ജിക്കാൻ കഴിയും. പരീക്ഷയിൽ നല്ല വിജയം നേടും. ഓം ഗം ഗണപതയേ നമഃ ജപിക്കുക.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

error: Content is protected !!