Saturday, 23 Nov 2024
AstroG.in

ഷഷ്ഠി വ്രതം, സ്വർഗ്ഗവാതിൽ ഏകാദശി; ഈ ആഴ്ചത്തെ നക്ഷത്ര ഫലം

(2023 ഡിസംബർ 17 – 23)
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

2023 ഡിസംബർ 17 ന് ആരംഭിക്കുന്ന ഈ ആഴ്ചയിലെ
പ്രധാന വിശേഷം ധനുമാസ ആരംഭം, ഷഷ്ഠി വ്രതം,
സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയാണ്. ധനു രവി
സംക്രമം ശനിയാഴ്ച വൈകിട്ട് ആയിരുന്നതിനാൽ വാരം തുടങ്ങുന്ന ഞായറാഴ്ച തന്നെയാണ് ധനുമാസപ്പുലരി.
ഡിസംബർ 18 നാണ് ധനുമാസത്തിലെ ഷഷ്ഠി വ്രതം.
സുബ്രഹ്മണ്യ ഷഷ്ഠി, ചമ്പാഷഷ്ഠി എന്നെല്ലാം മാർഗ്ഗ ശീർഷ മാസത്തിലെ ഈ ഷഷ്ഠി അറിയപ്പെടുന്നു. ഈ
ദിവസം വ്രതമെടുത്താൽ സര്‍പ്പശാപം, മഹാരോഗങ്ങള്‍, സന്തതിദുഃഖം, പാപദോഷം മുതലായവയില്‍ നിന്ന് മോചനം കിട്ടും. ഡിസംബർ 22 വെള്ളിയാഴ്ചയാണ് സ്വർഗ്ഗവാതിൽ ഏകാദശി. ഏകാദശി വ്രതങ്ങളിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്നതാണ് സ്വർഗ്ഗവാതിൽ ഏകാദശി വ്രതം. ധനു മാസത്തിലെ വെളുത്ത പക്ഷ ഏകാദശി തിഥിയിൽ വരുന്ന ഈ ഏകാദശിയെ മോക്ഷ ഏകാദശി എന്നും അറിയപ്പെടുന്നു. ദശമി നാളിൽ ഒരിക്കലെടുത്ത് ഏകാദശി ദിവസം പൂർണ്ണമായ ഉപവാസത്തോടെ വ്രതം നോൽക്കണം.
ഡിസംബർ 23 ന് കാർത്തിക നക്ഷത്രത്തിൽ
വാരം അവസാനിക്കും.

ഈ ആഴ്ചത്തെ നക്ഷത്ര ഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ദീർഘദൂര യാത്രകൾ ഒഴിവാക്കണം. ആരോഗ്യസ്ഥിതി മെച്ചമാകും. ആർക്കും പണം കടം കൊടുക്കരുത്; കടം വാങ്ങരുത്. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബുദ്ധിയും സ്വാധീനവും ഉപയോഗിക്കണം. നിലപാടുകൾ വ്യക്തമാക്കുന്ന രീതിയിൽ സംസാരിക്കാൻ ശ്രദ്ധിക്കണം. ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങൾ‌ മൂന്നാമാതൊരു വ്യക്തിയുമായി പങ്കിടരുത്. ബിസിനസ്സിൽ ഒരു പുതിയ പങ്കാളിയെ ചേർക്കും മുൻപ് അതിന്റ വിവിധ വശങ്ങൾ രണ്ടുവട്ടം ആലോചിക്കണം. കഠിനാധ്വാനം ഗുണം ചെയ്യും. ഓം ശരവണ ഭവഃ ദിവസവും 108 ഉരു വീതം ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
മാനസിക സമ്മർദ്ദങ്ങൾ കുറയും. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. അത്യാഗ്രഹം ദോഷം ചെയ്യും. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കും. ഏകപക്ഷീയമായ സ്നേഹബന്ധത്തിൽ ദുഃഖം നേരിടേണ്ടിവരാം. വ്യത്യസ്തമായ പ്രവർത്തന രീതി മൂലം ധാരാളം ആളുകളെ ആകർഷിക്കാൻ സാധിക്കും. വ്യാപാരികൾക്ക് കൂടുതൽ ഗുണം ലഭിക്കും. സർക്കാറിൽ നിന്നും സഹായം ലഭിക്കും. ദാമ്പത്യത്തിൽ തെറ്റിദ്ധാരണ മാറ്റാൻ കഴിയും. പരീക്ഷയിൽ ശോഭിക്കാൻ കഴിയും. ദിവസവും 108 തവണ വീതം ഓം ശ്രീം നമഃ ജപിക്കണം.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
സുഖസൗകര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. വരവും ചെലവും തമ്മിൽ സന്തുലിതാവസ്ഥ ഉണ്ടാക്കണം. കുടുംബജീവിതത്തിൽ വീണ്ടും സന്തോഷം തിരിച്ചു വരും. ആത്മവിശ്വാസവും ഊർജ്ജസ്വലതയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. വിവാഹം തീരുമാനിക്കും. സന്താനങ്ങൾ കാരണം മാനസിക സമ്മർദ്ദം നേരിടേണ്ടിവരാം. ചിലർക്ക് സന്താന ഭാഗ്യത്തിന് ഇടവരും. വാഹനം മാറ്റി വാങ്ങാൻ
തീരുമാനിക്കും. തീർത്ഥാടനത്തിന് പുറപ്പെടും. വിദേശത്ത് മികച്ച ജോലി ലഭിക്കും. വികാരങ്ങളുടെ പ്രേരണയാൽ തിടുക്കത്തിൽ തീരുമാനമെടുക്കരുത്. നിത്യവും 108 ഉരു ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക ദോഷപരിഹാരമാണ്.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകുക മൂലം സ്വയം കുഴപ്പത്തിലാകാം. മാനസിക സമ്മർദ്ദമുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കാണും. ബന്ധുക്കളെ സഹായിക്കും. സന്തോഷകരമായ ചില അവസരങ്ങളിൽ ഏറെ പ്രിയപ്പെട്ട ഒരുവ്യക്തിയുടെ അഭാവം വേദനിപ്പിക്കും.
കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. കഠിനാദ്ധ്വാനം ചെയ്ത് മുന്നോട്ട് പോകും. വിദേശ യാത്ര പോകുന്നതിന് നേരിട്ട തടസ്സങ്ങൾ നീങ്ങും. പണം സമ്പാദിക്കുന്നതിൽ വിജയിക്കും. ഓം ദും ദുർഗ്ഗായൈ നമഃ എന്നും ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
സാമ്പത്തികമായി ഉയർച്ചതാഴ്ചകൾ നേരിടും. എങ്കിലും ഒടുവിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ഈശ്വരാധീനവും ഭാഗ്യവും അനുകൂലമാകും. കഴിഞ്ഞ കാലത്തെ മറന്ന് ഒരു പുതിയ തുടക്കം കുറിക്കും. കുടുംബത്തിലെ ചെറിയ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നതിനു പകരം അത് തന്മയത്വത്തോടെ പരിഹരിക്കാൻ ശ്രമിക്കണം. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സമയം മികച്ചതാണ്. പങ്കാളിത്ത സംരംഭങ്ങൾ നിങ്ങൾക്കും പങ്കാളിക്കും ഗുണം ചെയ്യും. സമ്മാനങ്ങൾ ലഭിക്കും. കഠിനാദ്ധ്വാനത്തിന് നല്ല ഫലം കിട്ടും. നിത്യവും ഓം നമഃ ശിവായ ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
കുടുംബത്തിന്റെ നിസ്സംഗത നേരിടേണ്ടി വരും. വിവിധ മാർഗ്ഗങ്ങളിലൂടെ ധാരാളം ധനം സമ്പാദിക്കാൻ കഴിയും. ദാമ്പത്യത്തിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാകാം. മുതിർന്ന വ്യക്തികൾക്ക് ഉദരസംബന്ധമായ ബുദ്ധിമുട്ട് കുറയും. ദിനചര്യയിൽ വിദഗ്ധ ഉപദേശ പ്രകാരം ചില മാറ്റങ്ങൾ വരുത്തും. ജോലിയുമായി ബന്ധപ്പെട്ട് രഹസ്യ പദ്ധതികളും ആശയങ്ങളും കാഴ്ചപ്പാടുകളും ആരുമായും പങ്കിടരുത്. വീട്ടിലെ ചില മാറ്റങ്ങൾ ഇഷ്ടപ്പെടാൻ കഴിയാത്തതിനാൽ പരുഷമായി പ്രതികരിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. നിത്യവും 108 തവണ വീതം ഓം ശ്രീം നമഃ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
വളരെയേറെ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും. കുടുംബത്തിൽ ആഘോഷകരമായ ഒരു അന്തരീക്ഷം ഉണ്ടാകും. മന:സമാധാനം ലഭിക്കും. വളരെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയുമായുള്ള കൂടിക്കാഴ്ച സാദ്ധ്യമാകും. യാത്ര മാറ്റിവയ്ക്കാം. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനാകും. കഠിനാദ്ധ്വാനം മികച്ച ഫലങ്ങൾ നൽകും. ജോലിക്കയറ്റം ലഭിക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ ശ്രമം നടത്തുക. വിവാഹം നിശ്ചയിക്കും. പ്രണയത്തിൽ സന്തോഷകരമായ വഴിത്തിരിവ് ഉണ്ടാകും. വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിക്കും. ഓം ഗം ഗണപതയേ നമഃ 108 ഉരു ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
സാമ്പത്തിക ഇടപാടുകൾക്ക് വളരെ നല്ല സമയമാണ്. എങ്കിലും ഇപ്പോൾ വലിയ നിക്ഷേപം നടത്താതിരിക്കുക. ചെറിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ലാഭം ഉണ്ടാകും. പഴയ കാര്യങ്ങൾ ഓർക്കാനുള്ള അവസരം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മികച്ച വിജയം കൈവരിക്കും. പ്രമോഷൻ പോലുള്ള നിരവധി നല്ല കാര്യങ്ങൾ നടക്കാൻ സാദ്ധ്യത കാണുന്നു. പരിചയസമ്പന്നമായ വ്യക്തിയുടെ സഹായം സങ്കീർണ്ണ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. പ്രണയവിവാഹം നടക്കാനുള്ള കാണുന്നു. ദിവസവും 108 തവണ വീതം ഓം നമോ നാരായണ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കാൻ കഴിയും. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കണം. മാതാപിതാക്കളിൽ നിന്ന് പുതിയ പ്രധാനപ്പെട്ട ചില വിവരങ്ങൾ കേൾക്കാനാകും. ബിസിനസ്സിൽ പങ്കാളി വാഗ്ദാനം പാലിക്കുന്നില്ലെന്ന് തോന്നും. ചില നിരാശകൾ വിഷമിപ്പിക്കും. ദമ്പതികൾക്ക് പരസ്പരം നന്നായി മനസ്സിലാക്കി മുന്നോട്ടു പോകാൻ കഴിയും. കഠിനാദ്ധ്വാനത്തിനനുസരിച്ച് വളരെയധികം വിജയം നേടാനാകും. ചെലവ് നന്നായി നിയന്ത്രിക്കണം. ദിവസവും ഓം നമോ ഭഗവതേ വാസുദേവായ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ജീവിത പങ്കാളിയുടെ പെട്ടെന്നുള്ള സ്വഭാവമാറ്റം കാരണം, മാനസിക പിരിമുറുക്കം അനുഭവപ്പെടാം. എന്നിരുന്നാലും, വളരെയധികം വിഷമിക്കാതെ എല്ലാക്കാര്യങ്ങളും ക്രമേണ ശരിയാകും. അർപ്പണബോധം, കഠിനാദ്ധ്വാനം ശ്രദ്ധിക്കപ്പെടും. കാലത്തിനൊത്ത് മാറുന്നതിന് കഴിയും.
സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വിനോദയാത്രയ്ക്ക് പോകാൻ പദ്ധതിയിടും. ഉത്തരവാദിത്തങ്ങളുടെ ഭാരം വർദ്ധിക്കും. ഇത് ജോലിയിൽ വൻ ഉയർച്ച സമ്മാനിക്കും. ആരോഗ്യവും വ്യക്തിത്വവും മെച്ചപ്പെടുത്താൻ ശ്രമിക്കും. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ദിവസവും ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
പല വഴികളിൽ പണം സമ്പാദിക്കുന്നതിൽ വിജയിക്കും. ബന്ധുക്കൾക്ക് സാമ്പത്തിക സഹായം നൽകാൻ കഴിയും. ആരോഗ്യത്തിൽ ഗുണപരമായ ചില മാറ്റങ്ങൾ ഉണ്ടാകും. ചില കുടുംബാംഗങ്ങളുമായി കലഹത്തിന്
സാദ്ധ്യതയുണ്ട്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം വളരെ നല്ലതായിരിക്കും. മറ്റുള്ളവരുടെ കുറ്റങ്ങൾ എടുത്തു പറയുന്ന ശീലം ദോഷം ചെയ്യും. ഭാഗ്യത്തിന്റെ പൂർണ്ണമായ പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് വളരെക്കാലമായി കാത്തിരുന്ന പരീക്ഷകളിൽ മികച്ച ഫലം കിട്ടും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
അനാവശ്യ ചെലവുകൾ ഉണ്ടാകാൻ സാധ്യത കാണുന്നു. എന്നാൽ വരുമാനത്തിലെ വർദ്ധനവ് കാരണം ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടില്ല. നേത്രസംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടും. കുട്ടികളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ദാമ്പത്യജീവിതത്തിൽ ചില
തെറ്റിദ്ധാരണകൾ, തർക്കങ്ങൾ എന്നിവകൾ ഉണ്ടാകും. ശരിയായ പദ്ധതികൾക്കും തന്ത്രങ്ങൾക്കും രൂപംനൽകും. കുടുംബസ്വത്ത് സംബന്ധിച്ച വ്യവഹാരം അനുകൂലമാകും. പ്രധാനപ്പെട്ട ജോലി ചെയ്യും മുമ്പ് ആനുഭവപരിചയമുള്ള ആളുകളുടെ അഭിപ്രായംതേടും. ഓം ശ്രീം നമഃ ജപിക്കുക.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

error: Content is protected !!